പെട്രോള്‍ കരുത്തിലും നിരത്തില്‍ കുതിക്കാനൊരുങ്ങി എംജി ZS; എതിരാളികള്‍ ക്രെറ്റയും സെല്‍റ്റോസും

എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ കുതിപ്പിന് ഒരു വയസാകുകയാണ്. ഇതിനോടകം മൂന്ന് മോഡലുകള്‍ നിരത്തുകളില്‍ സാന്നിധ്യമറിയിച്ച്‌ കഴിഞ്ഞു. മിഡ് സൈസ് എസ്‌യുവിയില്‍ തുടങ്ങി വെച്ച കുതിപ്പിന്റെ രണ്ടാം ലാപ്പ് ഇലക്ട്രിക് എസ്‌യുവിയായ ZS-ല്‍ ആയിരുന്നു. ഇലക്ട്രിക് കരുത്തിലെത്തിയ ഈ വാഹനത്തിന്റെ പെട്രോള്‍ മോഡല്‍ എത്തിക്കാനുള്ള നീക്കത്തിലാണ് എംജിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വിദേശ രാജ്യങ്ങളില്‍ മുമ്പുതന്നെ എത്തിയിട്ടുള്ള ZS പെട്രോള്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, ഹാരിയര്‍ എന്‍ട്രി മോഡല്‍ തുടങ്ങിയ വാഹനങ്ങള്‍ അരങ്ങ് വാഴുന്ന മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്കായിരിക്കും എംജി ZS പെട്രോള്‍ എത്തുകയെന്നാണ് സൂചനകള്‍.

മത്സരത്തിന് സന്നദ്ധമായി കൂടുതല്‍ കരുത്തുറ്റ എന്‍ജിനും ശ്രേണിയില്‍ തന്നെ നല്‍കിയിട്ടില്ലാത്ത ഫീച്ചറുകളും നല്‍കിയായിരിക്കും ഈ വാഹനമെത്തുക. കാഴ്ചയില്‍ ZS ഇലക്ട്രിക്കിന് സമാനമായിരിക്കും പെട്രോള്‍ പതിപ്പും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബംമ്പറുകളും അലോയി വീലുകളും ഇലക്ട്രിക് മോഡലിലേത് തുടരും.

10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ്, പവര്‍ അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉയര്‍ന്ന വേരിയന്റില്‍ നല്‍കും. ആറ് എയര്‍ബാഗ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ്ങ് ക്യാമറ, ഇലക്ട്രിക് പാര്‍ക്ക് ബ്രേക്ക് എന്നിവ ഈ വാഹനത്തിലെ സുരക്ഷ കാര്യക്ഷമമാക്കും.

1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലായിരിക്കും ഈ വാഹനമെത്തുക. ടര്‍ബോ എന്‍ജിന്‍ 160 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകളിലാണ് ആദ്യമെത്തുക. പിന്നീട് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും. 

ഈ ഉത്സവ സീസണിന്റെ ഭാഗമായി എംജിയുടെ എസ്‌യുവി മോഡലായ ഗ്ലോസ്റ്റര്‍ അവതരണത്തിനൊരുങ്ങുകയാണ്. അതിനാല്‍ തന്നെ ZS പെട്രോള്‍ മോഡലിനെ 2021-ല്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് സൂചന. മിഡ് സൈസ് എസ്‌യുവി ശ്രേണിയില്‍ എത്തുന്നതിനാല്‍ തന്നെ 16 ലക്ഷം രൂപയോളമായിരിക്കും ഈ വാഹനത്തിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്‌.

Content Highlights: MG ZS Petrol Engine Model Consider For India; Expected To Launch In 2021

Content Highlights: