പിള്ളാര് പഠിക്കട്ടെ ; യന്ത്രങ്ങളുടെ പ്രവര്‍ത്തനം പഠിക്കാന്‍ മുക്കാല്‍ കോടിയുടെ ബെന്‍സ്

ബാര്‍ട്ടന്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ മെക്കാട്രോണിക്‌സ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി മെഴ്സിഡസ് ബെന്‍സ് കമ്പനി നല്‍കിയ ബെന്‍സ് കാര്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.സുരേഷ് പരിശോധിക്കുന്നു. സമീപം കൗതുകത്തോടെ നോക്കിനില്‍ക്കുന്ന വിദ്യാര്‍ഥികളെയും കാണാം.
ബാര്‍ട്ടന്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ മെക്കാട്രോണിക്‌സ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി മെഴ്സിഡസ് ബെന്‍സ് കമ്പനി നല്‍കിയ ബെന്‍സ് കാര്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.സുരേഷ് പരിശോധിക്കുന്നു. സമീപം കൗതുകത്തോടെ നോക്കിനില്‍ക്കുന്ന വിദ്യാര്‍ഥികളെയും കാണാം.

'ദി ബെസ്റ്റ് ഓര്‍ നത്തിങ്' -മെഴ്സിഡസ് ബെന്‍സിന്റെ ഈ രാജകീയ ടാഗ് ലൈന്‍ ഇനി ബാര്‍ട്ടണ്‍ഹില്‍ ഗവ.എന്‍ജിനീയറിങ് കോേളജ് ഓട്ടോമൊബൈല്‍ വിഭാഗത്തിന്റെ മുദ്രാവാക്യമാകും. ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് മെക്കാട്രോണിക്സ് പഠിക്കാന്‍ കിട്ടിയത് ലോകോത്തര മെഴ്സിഡസ് ബെന്‍സിന്റെ ജി.എല്‍.ഇ. മോഡല്‍. 

ഷോറൂമില്‍ 85 ലക്ഷം മുതല്‍ വിലയുള്ള ഈ തിളങ്ങും ബ്രാന്‍ഡ് കോളേജിനു സമ്മാനിച്ച് ബെന്‍സ് പുതുതലമുറ എന്‍ജിനീയര്‍മാര്‍ക്ക് ആവേശമേകി. ബെന്‍സ് ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് വിഭാഗം വൈസ് പ്രസിഡന്റ് ശേഖര്‍ ബിഡെ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.സുരേഷിനു താക്കോല്‍ കൈമാറി.

ഒരുവര്‍ഷ കോഴ്സായ അഡ്വാന്‍സ് ഡിപ്ലോമ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സി(ആഡം)ന് തയ്യാറെടുക്കുന്നവര്‍ക്കാണ് റോഡിലെ രാജാവായ ഈ വാഹനം പ്രയോജനപ്പെടുക. ബെന്‍സിന്റെ പുണെ പ്ലാന്റില്‍നിന്ന് എത്തിച്ച അല്‍പംമാത്രം പഴക്കമുള്ള എക്സ്.യു.വി.യാണിത്. 

ഓട്ടോമൊബൈല്‍ രംഗത്തെ ഏറ്റവും പുത്തന്‍ സാങ്കേതികവിദ്യകളും മറ്റും പ്രായോഗികമായി പഠിക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകുന്നത്. നാല്‍പതോളം സെന്‍സറിങ് യൂണിറ്റുകളുള്ള ഈ വാഹനം ലേറ്റസ്റ്റ് മോഡലുകളിലൊന്നാണ്. 

കോഴ്സ് കഴിഞ്ഞ് ബെന്‍സ് പ്ലാന്റുകളിലും ഷോറൂമുകളിലും എത്തിപ്പെടാനും ഈ പഠനം പ്രയോജനപ്പെടും. മുന്‍പ് ഇ, സി ക്ലാസ് മോഡല്‍ കാറുകള്‍ കോേളജിന് ബെന്‍സ് കമ്പനി സംഭാവനചെയ്തിട്ടുണ്ട്.

ഇതോടൊപ്പം ബിരുദദാനച്ചടങ്ങും നടന്നു. വി.കെ.പ്രശാന്ത് എം.എല്‍.എ. ബിരുദദാനം ഉദ്ഘാടനംചെയ്തു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഇന്ദിരാദേവി, വകുപ്പ് മേധാവി ഡോ. ജയരാജ് തുടങ്ങിയവരും പങ്കെടുത്തു.

Content Highlights: Mercedes Benz GLE For Engineering Students

Content Highlights: