ഇന്ത്യൻ നിരത്തുകൾക്ക് ഇറ്റലിയിൽ നിന്നുള്ള സമ്മാനം, ഒന്നും രണ്ടുമല്ല, അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിച്ച്‌ മസെരാട്ടി

#Auto Desk

ഇന്ത്യയുടെ അത്യാഡംബര വാഹന വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിനായി അഞ്ച് പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ അത്യാഡംബര വാഹന നിർമാതാക്കളായ മസെരാട്ടി. എംസിപ്യൂര, GT2 സ്ട്രാഡാലെ, ഗ്രെക്കേൽ, ഗ്രാൻ ടൂറിസ്മോ, ഗ്രാൻകാബ്രിയോ എന്നീ മോഡലുകളാണ് മസെരാട്ടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 1.14 കോടി രൂപ മുതൽ 5.72 കോടി രൂപവരെ വില വരുന്ന വാഹനങ്ങളാണിവ.

മസെരാട്ടി ഗ്രെക്കേൽ

മസെരാട്ടിയിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഒരുകൂട്ടം വാഹനങ്ങളിൽ ഏറ്റവും വില കുറവുള്ള മോഡൽ ഗ്രെക്കേൽ എസ്‌യുവിയാണ്. നാല് വേരിയന്റുകളിൽ എത്തുന്ന ഈ ആഡംബര വാഹനത്തിന് 1.14 കോടി രൂപ മുതൽ രണ്ട് കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പായ ഫോൾഗോറെക്ക് 1.90 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

ഒന്നിലധികം എൻജിൻ ഓപ്ഷനിൽ ഈ വാഹനം എത്തുന്നുണ്ട്. അടിസ്ഥാന മോഡലിൽ 300 എച്ച്പി പവറും 450 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് നൽകിയിരിക്കുന്നത്. ഇതിൽ മൈൽഡ് ഹൈബ്രിഡ് സംവിധാനവുമുണ്ട്. ഈ എൻജിന്റെ തന്നെ 330 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന വകഭേദവുമുണ്ട്. ഉയർന്ന വകഭേദത്തിൽ 390 എച്ച്പി പവറും 500 എൻഎം ടോർക്കുമേകുന്ന 3.0 ലിറ്റർ വി 6 എൻജിനും കരുത്തേകുന്നുണ്ട്.

ഗ്രാൻടൂറിസ്‌മോ, ഗ്രാൻകാബ്രിയോ

മസെരാട്ടിയിൽ നിന്ന് ഇന്ത്യയിൽ എത്തിയ മറ്റ് രണ്ട് മോഡലുകളാണ് ഗ്രാൻടൂറിസ്‌മോയും ഗ്രാൻകാബ്രിയോയും. യഥാക്രമം 2.62 കോടി രൂപയും 2.91 കോടി രൂപയുമാണ് ഈ മോഡലുകളുടെ എക്‌സ്‌ഷോറൂം വില. ഗ്രാൻടൂറിസ്‌മോ, ഗ്രാൻകാബ്രിയോ എന്നീ മോഡലുകളുടെ പെട്രോൾ എൻജിൻ പതിപ്പും ഇലക്ട്രിക് മോഡലും വിപണിയിൽ എത്തുന്നുണ്ടെന്നാണ് നിർമാതാക്കളായ മസെരാട്ടി അറിയിച്ചിരിക്കുന്നത്.

പെട്രോൾ മോഡലിൽ രണ്ട് കരുത്തുകൾ ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ട്വിൻ ടർബോ പെട്രോൾ വി 6 എൻജിനാണ് കരുത്തേകുന്നത്. അടിസ്ഥാന മോഡൽ 490 എച്ച്പി പവറും 600 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, ഉയർന്ന വകഭേദത്തിൽ 590 എച്ച്പി പവറും 650 എൻഎം ടോർക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

മുന്നിൽ ഒന്നും പിന്നിൽ രണ്ടും ഇലക്ട്രിക് മോട്ടോറുകൾ നൽകിയാണ് ഈ രണ്ട് മോഡലുകളുടെയും ഇലക്ട്രിക് പതിപ്പുകൾ ഒരുക്കിയിരിക്കുന്നത്. 92.5 കിലോവാട്ട് ബാറ്ററിപാക്കാണ് ഈ വാഹനങ്ങളിലുള്ളത്. 761 എച്ച്പി പവറും 1340 എൻഎം ടോർക്കുമാണ് ഇതിലെ മോട്ടോറുകൾ നൽകുന്നത്. 450 കിലോമീറ്റർ മുതൽ 540 കിലോമീറ്റർവരെയാണ് ഈ വാഹനങ്ങളിൽ നൽകുന്ന റേഞ്ച്. 290 കിലോമീറ്റർ മുതൽ 325 കിലോമീറ്റർവരെ പരമാവധി വേഗതയെടുക്കാനും ഗ്രാൻടൂറിസ്‌മോ, ഗ്രാൻകാബ്രിയോ ഇലക്ട്രിക് മോഡലുകൾക്ക് സാധിക്കും.

മസെരാട്ടി എംസിപ്യൂര

മസെരാട്ടിയിൽ നിന്ന് ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ള മറ്റൊരു മോഡലാണ് എംസിപ്യൂര. കൂപ്പെ, കൺവേർട്ടബിൾ എന്നീ ബോഡി സ്‌റ്റൈലിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 4.35 കോടി രൂപയും 5.2 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില. പോർഷെ 911 ടർബോ, മക്‌ലാരൻ ജി.ടി.എസ്. തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനാണ് മസെരാട്ടി എംസിപ്യൂര എത്തിയിരിക്കുന്നത്.

2025-ൽ ആഗോള നിരത്തുകളിൽ എത്തിയ ഈ വാഹനത്തിന്റെ 2027 പതിപ്പാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 630 എച്ച്പി പവറും 720 എൻഎം ടോർക്കുമേകുന്ന 3.0 ലിറ്റർ ട്വിൻ ടർബോ വി 6 എൻജിനാണ് എംസിപ്യൂരയ്ക്ക് കരുത്തേകുന്നത്. റിയർവീൽ ഡ്രൈവ് മോഡലായ ഈ വാഹനത്തിൽ എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിട്ടുള്ളത്. 2.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 320 കിലോമീറ്ററാണ്.

മസെരാട്ടി GT2 സ്ട്രാഡാലെ

റോഡിലും ട്രാക്കിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന GT2 സ്ട്രാഡാലെ എന്ന പെർഫോമെൻസ് കാറാണ് മസെരാട്ടിയുടെ ഈ വരവിലെ ഏറ്റവും വിലയേറിയ വാഹനം. മസെരാട്ടിയുടെ റേസ് കാർ മോഡലായിരുന്ന ജിടി 2-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിട്ടുള്ള ഈ വാഹനത്തിന് 5.72 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. GT2 സ്ട്രാഡാലെയുടെ 914 യൂണിറ്റ് മാത്രമാണ് ആഗോളതലത്തിൽ തന്നെ നിർമിക്കുന്നതെന്നാണ് മസെരാട്ടി അറിയിച്ചിരിക്കുന്നത്.

ജിടി 2 റേസ് കാറിന് സമാനമായി എയറോഡൈനാമിക് പാക്കേജ് ഉൾപ്പെടെ നൽകിയാണ് GT2 സ്ട്രാഡാലെ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂപ്പെ, കൺവേർട്ടബിൾ ബോഡി സ്‌റ്റൈലിൽ ഒരുങ്ങുന്ന ഈ വാഹനത്തിൽ കാർബൺ ഫൈബർ മോണോകോക്ക്, ബട്ടർഫ്‌ളൈ ഡോറുകൾ, വി 6 എൻജിൻ തുടങ്ങിയവയെല്ലാം ഹൈലൈറ്റാണ്. 20 ഇഞ്ച് വലിപ്പമുള്ള സിംഗിൾ നട്ട് വീലുകളാണ് ഇതിലുള്ളത്. മുന്നിലെ ആക്‌സിൽ ഉയർത്താനുള്ള സൗകര്യവും ഇതിലുണ്ട്.

3.0 ലിറ്റർ ട്വിൻ ടർബോ വി 6 എൻജിൻ തന്നെയാണ് ഈ വാഹനത്തിലും കരുത്തേകുന്നത്. എന്നാൽ, 640 എച്ച്പി പവറും 720 എൻഎം ടോർക്കുമാണ് GT2 സ്ട്രാഡാലെയിലെ എൻജിൻ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ. 2.8 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലേക്ക് എത്തുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 324 കിലോമീറ്ററാണ്.

Content Highlights: Maserati has launched five new luxury models in the Indian market., The lineup includes Grecale, GranTurismo, GranCabrio, MC20, and GT2 Stradale., Prices range from Rs 1.14 crore up to Rs 5.72 crore., Both petrol engine options and electric Folgore variants are available across select models.