വിപ്ലവവാഹനം, രാജ്യത്തെ ആദ്യ ഫ്‌ളെക്‌സ് ഫ്യുവൽ കാർ; വാഗൺആർ ബയോഫ്‌ളെക്‌സിന്റെ വില പ്രഖ്യാപിച്ചു

ഇന്ത്യയിലെ ആദ്യ ഫ്‌ളെക്‌സ് ഫ്യുവൽ വാഹനമായി എത്തിയ മാരുതി സുസുക്കി വാഗൺആർ ബയോഫ്‌ളെക്‌സ് മോഡലുകളുടെ വില പ്രഖ്യാപിച്ചു. റെഗുലർ വാഗൺആറിന്റെ ZXi പ്ലസ് 1.2 ലിറ്റർ എൻജിൻ മാനുവൽ ട്രാൻസ്മിഷൻ പതിപ്പിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന വാഗൺആർ ബയോഫ്‌ളെക്‌സ് പതിപ്പിന് 7.24 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നിറം അടിസ്ഥാനമാക്കി മൂന്ന് വേരിയന്റുകളിൽ ഈ വാഹനം എത്തുന്നുണ്ട്.
റെഗുലർ വാഗൺആറിന്റെ ഉയർന്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും വിലയിൽ ഫ്‌ളെക്‌സ് ഫ്യുവൽ പതിപ്പാണ് മുന്നിൽ. റെഗുലർ വാഗൺആർ ZXi പ്ലസ് പതിപ്പിനെക്കാൾ 86,000 രൂപ അധികമാണ് ബയോഫ്‌ളെക്‌സ് പതിപ്പിന്. ഫ്‌ളെക്‌സ് ഫ്യുവൽ മോഡലായി എത്തിയിട്ടുള്ള വാഗൺആർ സ്വകാര്യ വാഹനമായി എടുക്കാൻ സാധിക്കില്ലെന്നതാണ് ശ്രദ്ധേയം. വാഗൺആർ ടൂർ മോഡലുകൾക്ക് സമാനമായി ടാക്‌സി വാഹനമായാണ് ബയോഫ്‌ളെക്‌സും എത്തുന്നത്.
റെഗുലർ വാഗൺആറിൽ നൽകിയിട്ടുള്ള കെ12എൻ 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ബയോഫ്‌ളെക്‌സ് ഫ്യുവൽ പതിപ്പിലും നൽകിയിരിക്കുന്നത്. എന്നാൽ, ഇ85 ഇന്ധനത്തെ ഉൾക്കൊള്ളാൻ ഉതകുന്ന മാറ്റങ്ങൾ എൻജിനിലും വരുത്തിയിട്ടുണ്ട്. എഥനോളിന്റെ അളവ് കൂടുതലായതിനാൽ തന്നെ ഇൻജെക്ടറുകൾ, ഫ്യുവൽ പമ്പ്, ഫ്യുവൽ ലൈനുകൾ, റീകാലിബ്രേറ്റഡറ്റ് ഇസിയു, എഥനോൾ സെൻസറുകൾ എന്നിവയാണ് എൻജിനിൽ വരുത്താനിടയുള്ള മാറ്റങ്ങൾ.
ബയോഫ്‌ളെക്‌സ് മോഡലിന്റെ വില ഉൾപ്പെടെ പ്രഖ്യാപിച്ചെങ്കിലും എൻജിൻ ഉത്പാദിപ്പിക്കുന്ന പവർ, ഇന്ധനക്ഷമത തുടങ്ങിയ മെക്കാനിക്കൽ സവിശേഷതകൾ ഇപ്പോഴും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. 1.2 ലിറ്റർ എൻജിൻ നൽകിയിട്ടുള്ള റെഗുലർ വാഗൺആർ 91 എച്ച്പി പവറും 114 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 20 കിലോമീറ്ററിന് മുകളിലാണ് മാരുതി സുസുക്കി ഈ വാഹനത്തിന് അവകാശപ്പെടുന്ന ഇന്ധനക്ഷമത.
ജൂൺ നാലാം തീയതിയാണ് മാരുതി സുസുക്കിയുടെ ഫ്‌ളെക്‌സ് ഫ്യുവൽ വാഹനമായ വാഗൺആർ ബയോഫ്‌ളെക്‌സ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അവതരിപ്പിച്ചത്. ഇ100 മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനമാണ് വാഗൺആർ ബയോഫ്‌ളെക്‌സ് എങ്കിലും ഇ85 ഇന്ധനത്തിലായിരിക്കും ഇത് പ്രവർത്തിക്കുകയെന്നാണ് നിർമാതാക്കൾ അറിയിച്ചത്.
Content Highlights: First flex-fuel vehicle in India launched at Rs 7.24 Lakh., Specifically designed for the commercial/taxi segment., Features a 1.2L K12N engine modified for E85 fuel compatibility., Equipped with specialized fuel pumps, injectors, and ethanol sensors., Officially unveiled by Union Minister Nitin Gadkari.