5 Star സുരക്ഷ, ഞെട്ടിക്കുന്ന മൈലേജ്, അഡാസ് പരിരക്ഷ; വിക്ടറി കുറിക്കാന്‍ മാരുതി വിക്ടോറിസ് SUV

മാരുതി സുസുക്കിയുടെ കാറുകളും എസ്‌യുവികളും ഇപ്പോള്‍ പഴയ പോലൊന്നുമല്ല. ഏത് വിദേശ വാഹനങ്ങളോടും കട്ടയ്ക്ക് നില്‍ക്കാന്‍ പോകുന്ന ഫീച്ചറുകളും ഡിസൈന്‍ മികവുമെല്ലാം ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷയുടെ കാര്യത്തിലും വളരെ ഏറെ മുന്നിലാണ്. ഫൈവ് സ്റ്റാര്‍ റേറ്റിങ് ഉറപ്പാക്കുന്ന സുരക്ഷ സംവിധാനങ്ങളുമായായിരിക്കും മാരുതിയില്‍ നിന്നുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ എത്താനെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം.
ഉയര്‍ന്ന ഇന്ധനക്ഷമത, മികച്ച റീസെയില്‍ വാല്യു എന്നിവയ്‌ക്കൊപ്പം നീണ്ട നാളുകളായി സുരക്ഷയ്ക്കും ഉയര്‍ന്ന പ്രധാന്യമാണ് മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് നല്‍കുന്നത്. ഡിസയര്‍ എന്ന സെഡാനിലാണ് മാരുതി ഇത് തെളിയിച്ച് തുടങ്ങിയത്. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെയാണ് ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റിനെ ഡിസയര്‍ അതിജീവിച്ചത്. ഇപ്പോള്‍ മാരുതി പുറത്തിറക്കിയിട്ടുള്ള വിക്ടോറിസും സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുമായാണ് നിരത്തുകളില്‍ എത്തുന്നത്.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 31.66 പോയന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 43 പോയന്റും നേടിയാണ് ഭാരത് എന്‍ക്യാപ് സുരക്ഷാ പരിശോധനയില്‍ വിക്ടോറിസ് ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരിക്കുന്നത്. ഈ വാഹനത്തിന്റെ ഹൈബ്രിഡ്, പെട്രോള്‍ ഓട്ടോമാറ്റിക് എന്നീ മോഡലുകളാണ് ഇടിപരീക്ഷയ്ക്ക് ഇറക്കിയത്. സൈഡ് പോള്‍ ഇംപാക്ട് പരിശോധനയിലും ഈ വാഹനം അതിന്റെ കരുത്ത് തെളിയിച്ചാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ആറ് എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. വളവുകളില്‍ വേഗത കുറയ്ക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ഹൈ-ബീം അസിസ്റ്റ് എന്നിവ ADAS സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഗ്രാന്‍ഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വിക്ടോറിസിന് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, സ്‌ട്രോങ്ങ്-ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളുണ്ട്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളോടു കൂടിയ 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 139 എന്‍എം ടോര്‍ക്കും നല്‍കും. ഇ-സിവിടി ഗിയര്‍ബോക്സുമായി ഘടിപ്പിച്ച സ്‌ട്രോങ്ങ്-ഹൈബ്രിഡ് 1.5-ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവലുമായി വരുന്ന ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.
കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുമ്പോഴും മാരുതി വാഹനങ്ങളുടെ മുഖമുദ്രയായ ഉയര്‍ന്ന ഇന്ധനക്ഷമതയും വിക്ടോറിസില്‍ നല്‍കുന്നുണ്ട്. 1.5 എന്‍എ പെട്രോള്‍ എന്‍ജിന്‍ പതിപ്പിന്റെ മാനുവല്‍ മോഡല്‍ 21.18 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡല്‍ 21.06 കിലോമീറ്ററും ഓള്‍ഗ്രിപ്പ് മോഡല്‍ 19.07 കിലോമീറ്ററും ഹൈബ്രിഡ് പതിപ്പ് 28.65 കിലോമീറ്ററും ഇന്ധനക്ഷമത നല്‍കും. വിക്ടോറിസിന്റെ സിഎന്‍ജി മോഡല്‍ 27.02 കിലോമീറ്ററാണ് ഒരു കിലോഗ്രാം സിഎന്‍ജിയില്‍ ഓടുന്നത്.
Content Highlights: Maruti Suzuki victoris Achieves 5-Star Bharat NCAP Safety Rating