എതിരാളികളെ ഞെട്ടിച്ച് ഗ്രാന്റ് വിത്താര; ഇനി ഏറ്റവും വേഗത്തില്‍ വില്‍ക്കുന്ന മിഡ്-സൈസ് എസ്.യു.വി.

ഇന്ത്യന്‍ വാഹന വിപണിയില്‍ തൊട്ടതെല്ലാം പൊന്നാക്കിയാണ് രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് ശീലം. കമ്പനിയുടെ ആദ്യ ഹൈബ്രിഡ് വാഹനത്തിന്റെ കാര്യത്തിലും ഈ കീഴ്‌വഴക്കം മാരുതി തെറ്റിച്ചില്ല. ഗ്രാന്റ് വിത്താര എന്ന മോഡല്‍ അവതരിപ്പിച്ച് രണ്ട് വര്‍ഷം തികയാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ വില്‍പ്പനയില്‍ രണ്ട് ലക്ഷം എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഈ ഹൈബ്രിഡ് മിഡ് സൈസ് എസ്.യു.വി.
22 മാസങ്ങള്‍ കൊണ്ടാണ് മാരുതി സുസുക്കി ഗ്രാന്റ് വിത്താര ഈ നേട്ടം സ്വന്തമാക്കിയത്. 2022 സെപ്റ്റംബര്‍ 26-നാണ് ഗ്രാന്റ് വിത്താര വിപണിയില്‍ എത്തുന്നത്. ഒരു വര്‍ഷം പിന്നിട്ടതോടെ ഈ വാഹനത്തിന്റെ വില്‍പ്പന ഒരുലക്ഷത്തിലെത്തിയിരുന്നു. ഈ നേട്ടത്തോടെ ഏറ്റവും വേഗത്തില്‍ രണ്ടുലക്ഷം യൂണിറ്റിന്റെ വില്‍പ്പന സ്വന്തമാക്കുന്ന മിഡ്-സൈസ് എസ്.യു.വി. എന്ന അംഗീകാരമാണ് ഗ്രാന്റ് വിത്താരയെ തേടി എത്തിയിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ 25 മാസം കൊണ്ടാണ് രണ്ട് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന നേടിയത്.
ആദ്യ ഒരുലക്ഷം പൂര്‍ത്തിയാക്കാന്‍ 12 മാസമാണ് എടുത്തതെങ്കില്‍ പിന്നീടുള്ള ഒരുലക്ഷം യൂണിറ്റ് 10 മാസം കൊണ്ട് നേടാന്‍ ഈ വാഹനത്തിന് സാധിച്ചിട്ടുണ്ട്. മാരുതി സുസുക്കി നല്‍കുന്ന കണക്ക് അനുസരിച്ച് മാരുതിയുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയില്‍ 17 ശതമാനം സംഭാവന ചെയ്യുന്നത് ഗ്രാന്റ് വിത്താരയാണ്. ഇതിനുപുറമെ, മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയുടെ മൊത്ത വില്‍പ്പനയുടെ 19 ശതമാനം കൊണ്ടുവരുന്നതും ഈ വാഹനമാണെന്നാണ് വിലയിരുത്തലുകള്‍.
മൈലേജിലും ഫീച്ചറിലും മുന്നിട്ട് നില്‍ക്കുന്നതിനൊപ്പം വിലയിലും ഈ വാഹനം എതിരാളികളെ വെല്ലുവിളിച്ചിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.99 ലക്ഷം രൂപ മുതല്‍ 17.17 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക്കിന് 13.60 ലക്ഷം രൂപ മുതല്‍ 15.67 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 15.67 ലക്ഷം രൂപ മുതല്‍ 17.17 ലക്ഷം രൂപ വരെയുമാണ് വില. സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 18.43 ലക്ഷം രൂപ മുതല്‍ 20.09 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.
ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോ മീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ എന്‍ജിനാണ് സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.
മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ സി.എന്‍.ജി. പതിപ്പും വിപണിയില്‍ എത്തിയിട്ടുണ്ട്. 1.5 ലിറ്റര്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ മോഡല്‍ 87.83 പി.എസ്. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഇത് എത്തുന്നത്. ഒരു കിലോഗ്രാം സി.എന്‍.ജിയില്‍ 26.6 കിലോമീറ്റര്‍ മൈലേജാണ് ഉറപ്പുനല്‍കുന്നത്.
Content Highlights: Maruti suzuki grand vitara achieve 2 lakhs sales in 22 months