ഫ്രോങ്‌സ് കപ്പലേറി പോകുന്നത് 90 രാജ്യങ്ങളിലേക്ക്; കയറ്റുമതിയിൽ വമ്പൻ റെക്കോഡിട്ട് മാരുതി സുസുക്കി

#Auto Desk
മാരുതി സുസുക്കി ഫ്രോങ്‌സ് | Photo: Maruti Suzuki
മാരുതി സുസുക്കി ഫ്രോങ്‌സ് | Photo: Maruti Suzuki

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ആഭ്യന്തര വിപണിയിലെ വിൽപ്പനയ്ക്ക് പുറമെ വിദേശ വിപണികളിലും തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വാഹന കയറ്റുമതിയിൽ മാരുതി സുസുക്കിയുടെ യശസ് ഉയർത്തുന്നതിൽ സുപ്രധാന സംഭാവന നൽകിയിരിക്കുന്ന ഫ്രോങ്‌സ് എന്ന ക്രോസ് ഓവർ മോഡലാണ്. നിർമാതാക്കൾ നൽകുന്ന കണക്ക് അനുസരിച്ച് ഫോങ്‌സിന്റെ രണ്ട് ലക്ഷം യൂണിറ്റാണ് ഇതുവരെ കടൽകടന്നത്.

2023 ജൂൺ മാസത്തിലാണ് മാരുതി സുസുക്കി ഫ്രോങ്‌സിന്റെ കയറ്റുമതി ആരംഭിക്കുന്നത്. 2025 ജൂലായ് മാസമായപ്പോഴേക്കും ഒരു ലക്ഷം ഫ്രോങ്‌സ് മോഡലുകൾ വിദേശരാജ്യത്തേക്ക് എത്തുകയായിരുന്നു. 25 മാസങ്ങൾക്കൊണ്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. പിന്നീടുള്ള 13 മാസത്തിനുള്ളിൽ ഇത് രണ്ട് ലക്ഷം യൂണിറ്റിലേക്ക് എത്തുകയായിരുന്നു. 38 മാസത്തിനുള്ളിലാണ് ഫ്രോങ്‌സ് രണ്ടുലക്ഷം എന്ന മൈൽ സ്‌റ്റോൺ പിന്നിടുന്നതെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.

ഗുജറാത്ത് ഹൻസാൽപൂരിലുള്ള മാരുതി സുസുക്കിയുടെ പ്ലാന്റിലാണ് ഫ്രോങ്‌സ് നിർമിക്കുന്നത്. ഇന്ത്യയിൽ നിന്ന് 90 രാജ്യങ്ങളിലേക്കാണ് ഈ വാഹനം കയറ്റുമതി ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷം മാരുതി സുസുക്കിയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന പാസഞ്ചർ വാഹനം എന്ന റെക്കോഡ് ഫ്രോങ്‌സിന് ലഭിച്ചിട്ടുണ്ടെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്ത് മൂന്ന് മോഡലുകൾ മാരുതിയുടേതാണ്.

2025-ൽ 3.95 ലക്ഷം പാസഞ്ചർ വാഹനങ്ങളാണ് മാരുതി സുസുക്കി കയറ്റുമതി ചെയ്തത്. മാരുതി സുസുക്കിയുടെ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും വലിയ നമ്പറാണിത്. 2024-നെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വർധനവാണ് കയറ്റുമതിയിൽ കമ്പനി കൈവരിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ വാഹന നിരയിലെ ഭൂരിഭാഗം മോഡലുകളും ഏകദേശം 100-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഓരോ വർഷവും കയറ്റുമതിയിൽ കുതിപ്പാണ് ഉണ്ടാകുന്നത്.

മാരുതി സുസുക്കി ഫ്രോങ്‌സ്

2023-ലാണ് മാരുതി സുസുക്കിയുടെ വാഹന നിരയിലേക്ക് ഫ്രോങ്‌സ് എന്ന ക്രോസ്ഓവർ എത്തുന്നത്. സിഗ്മ, ഡെൽറ്റ്, സീറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിൽ രണ്ട് എൻജിൻ ഓപ്ഷനുകളിലും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും എത്തുന്ന ഈ വാഹനത്തിന് 6.85 ലക്ഷം രൂപ മുതൽ 11.98 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിൽ ഏറ്റവുമധികം വിൽപ്പനയുള്ള രണ്ടാമത്തെ മോഡലാണ് ഫ്രോങ്സ് എന്നാണ് റിപ്പോർട്ട്.

രണ്ട് എൻജിൻ ഓപ്ഷനിലാണ് ഫ്രോങ്സ് എത്തുന്നത്. 89.7 പി.എസ്. പവറും 113 എൻ.എം. ടോർക്കുമേകുന്ന 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് ഡ്യുവൽ വി.വി.ടി. പെട്രോൾ എൻജിനാണ് ഒന്ന്. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എ.ജി.എസ് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ. 1.0 ലിറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിൻ 100 പി.എസ്. പവറും 147.6 എൻ.എം. ടോർക്കുമേകും. അഞ്ച് സ്പീഡ് മാനുവൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

Content Highlights: Maruti Suzuki Fronx crossed 2 lakh export units across 90 countries., Export milestone achieved in 38 months since launch in June 2023., Manufactured at the Gujarat Hansalpur plant in India., Highest exported passenger vehicle for Maruti Suzuki in the 2024-25 fiscal year.