മാരുതിയുടെ ഇന്ത്യയിൽനിന്ന് സുസുക്കിയുടെ ജപ്പാനിലേക്ക്; കയറ്റുമതിയിൽ കരുത്താർജിച്ച് മാരുതി സുസുക്കി

#Auto Desk
മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ കയറ്റുമതിക്ക് എത്തിയപ്പോള്‍ | Photo: Maruti Suzuki
മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ കയറ്റുമതിക്ക് എത്തിയപ്പോള്‍ | Photo: Maruti Suzuki

ന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളെന്ന ഖ്യാതിക്കൊപ്പം, ഇന്ത്യയിൽനിന്ന് ഏറ്റവുമധികം പാസഞ്ചർ വാഹനങ്ങൾ വിദേശത്തേക്ക് എത്തിക്കുന്ന കമ്പനിയെന്ന നേട്ടവും സ്വന്തം പേരിനൊപ്പം ചേർക്കാനുള്ള പരിശ്രമത്തിലാണ് മാരുതി സുസുക്കി. ഈ നീക്കത്തിന് ഇന്ധനംപകരുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാരുതിയുടെ രാജ്യമായ ഇന്ത്യയിൽനിന്ന് സുസുക്കിയുടെ രാജ്യമായി ജപ്പാനിലേക്ക് കയറ്റുമതിചെയ്ത വാഹനങ്ങളുടെ എണ്ണം ഒരുലക്ഷം പിന്നിട്ടിരിക്കുകയാണ്.

ഇന്ത്യയിൽ നിർമിച്ച ഫൈവ് ഡോർ ജിമ്‌നി, ഫ്രോങ്‌സ്, ഇ-വിത്താര എന്നീ വാഹനങ്ങളുടെ ജപ്പാനിലേക്കുള്ള കയറ്റുമതിയാണ് ഒരുലക്ഷം എന്ന നമ്പർ കടന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിൽ ഒന്നായി തുടരുന്ന ജപ്പാനിലേക്ക് ഇന്ത്യയിൽ നിർമിച്ച ഇത്രയും അധികം വാഹനങ്ങൾ കയറ്റുമതിചെയ്യാൻ സാധിച്ചത് മാരുതി സുസുക്കിയെ സംബന്ധിച്ച് സുപ്രധാന നേട്ടങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്.

2024 ഓഗസ്റ്റിലാണ് മാരുതി സുസുക്കി ഫ്രോങ്‌സ് ആദ്യമായി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതേവർഷം ഡിസംബറിൽതന്നെ ജിമ്‌നിയും ജപ്പാനിലേക്ക് അയച്ചുതുടങ്ങി. 2025 സെപ്റ്റംബർ മുതൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇ-വിത്താരയും ജപ്പാനിലേക്ക് കപ്പൽ കയറുകയായിരുന്നു. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് ഈ മൂന്ന് വാഹനങ്ങൾകൂടി ഒരുലക്ഷം എന്ന വലിയ നമ്പറിലേക്ക് എത്തിയതെന്നും മാരുതി സുസുക്കി അറിയിച്ചു.

2025-26 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കിയൂടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി വിപണിയായി ജപ്പാൻ മാറുകയായിരുന്നു. 2026-27 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലും ആ സ്ഥാനം നിലനിർത്താൻ മാരുതി സുസുക്കിക്ക് സാധിച്ചു. ഫ്രോങ്‌സ്, ഫൈവ് ഡോർ ജിമ്‌നി, ഇ-വിത്താര എന്നീ മോഡലുകളുടെ കരുത്തുറ്റ പ്രകടനത്തിലൂടെ 2025-26-ലെ ജപ്പാനിലെ ഏറ്റവും വലിയ വാഹന ഇറക്കുമതിക്കാരാകാൻ സുസുക്കിയേയും സഹായിച്ചിട്ടുണ്ട്.

ജപ്പാനിലേക്ക് സുസുക്കി ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ സിംഹഭാഗവും മാരുതി സുസുക്കി ഇന്ത്യയിൽ നിർമിച്ച മോഡലുകളാണ്. ജിമ്‌നിയുടെ ഫൈവ് ഡോർ മോഡലും ഇ-വിത്താരയും ഇന്ത്യയിൽ മാത്രം നിർമിക്കുന്ന വാഹനങ്ങളാണ്. അതുകൊണ്ടുതന്നെ സുസുക്കിയുടെ പ്രധാന വാഹന നിർമാണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ കരുത്തുറ്റതാകുന്നുണ്ടെന്ന് മാരുതി സുസുക്കി അഭിപ്രായപ്പെടുന്നു.

Content Highlights: Maruti Suzuki crossed 1 lakh vehicle exports from India to Japan., Export models include 5-door Jimny, Fronx, and the e-Vitara EV., Japan became Maruti's second-largest export market in the 2025-26 fiscal year., India serves as a primary manufacturing hub for Suzuki's global exports.