മാരുതി സുസുക്കിയുടെ ബിഗ് ഡേ, ആദ്യ E100 കാർ വരുന്നു; ലോഞ്ച് പ്രഖ്യാപിച്ച് മന്ത്രി ഗഡ്കരി

#Auto Desk
മാരുതി സുസുക്കി ഫ്രോങ്‌സ് ഫ്‌ളെക്‌സ് ഫ്യുവല്‍ കൺസെപ്റ്റ് മോഡല്‍ | Photo: Global Suzuki
മാരുതി സുസുക്കി ഫ്രോങ്‌സ് ഫ്‌ളെക്‌സ് ഫ്യുവല്‍ കൺസെപ്റ്റ് മോഡല്‍ | Photo: Global Suzuki

ന്ത്യയുടെ വാഹന വ്യവസായം വലിയൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. വരുന്ന പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഒരു ഫ്‌ളെക്‌സ് ഫ്യുവൽ വാഹനം പുറത്തിറക്കുകയാണ്. മാരുതി സുസുക്കിയുടെ ഇ100 ഫ്‌ളെക്‌സ് ഫ്യുവൽ വാഹനം അവതരിപ്പിക്കാനൊരുങ്ങുന്ന വിവരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂ എനർജി വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ പ്രകീർത്തിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. നമ്മുടെ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ, ഇലക്ട്രിക് കാറുകൾ, ബസുകൾ, ട്രക്കുകൾ എന്തിനേറെ പറയുന്നു ഇപ്പോൾ ഇലക്ട്രിക് ട്രാക്ടറുകൾ പോലും എത്തി തുടങ്ങി. ഈ രാജ്യത്തിന്റെ ഗതാഗത മന്ത്രി എന്ന നിലയിൽ ഞാൻ അങ്ങേയറ്റം അഭിമാനം കൊള്ളുന്ന കാര്യമാണിതെന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.

നമ്മുടെ നാട്ടിൽ ഏറ്റവും വലിയ മലിനീകരണ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഫോസിൽ ഇന്ധനങ്ങളാണ്. പെട്രോളും ഡീസലും. എന്നാൽ, ഇപ്പോൾ നമ്മുടെ രാജ്യത്തെ കർഷകർ ഇന്ധനദാതാക്കളും ഊർജദാതാക്കളുമാണ്. ഞാൻ ഇന്ന് ഇവിടെ എത്തിയ വാഹനം 100 ശതമാനം ബയോഎഥനോളിൽ പ്രവർത്തിക്കുന്നതാണ്. എഥനോൾ ലിറ്ററിന് 65 രൂപയാണ് വില. കഴിഞ്ഞ ഒന്നര വർഷമായി ഈ വാഹനമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഥനോൾ വാഹനങ്ങൾ ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനുള്ള ബദൽ സംവിധാനവും ചെലവും മലിനീകരണവും കുറഞ്ഞ ഗതാഗത സംവിധാനവുമാണ്. ഇതിനെക്കാളെല്ലാം ഉപരി ഇത് പ്രാദേശികമായി നിർമിക്കപ്പെടുന്നവയാണെന്നും മന്ത്രി ഗഡ്കരി അറിയിച്ചു. ഇത്തരത്തിലുള്ള ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങളുടെ എൻജിനുകൾ വൈകാതെ തന്നെ വലിയ തോതിൽ അവതരിപ്പിക്കപ്പെടുമെന്നും മന്ത്രി അവകാശപ്പെടുന്നു.

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മാരുതി സുസുക്കി 100 ശതമാനം എഥനോളിൽ ഓടുന്ന ഒരു വാഹനം പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റ് വാഹന നിർമാതാക്കളായ ടൊയോട്ട, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങി 12 കമ്പനികൾ ഇതിനകംതന്നെ ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾ നിർമിച്ച് കഴിഞ്ഞു. ഇത്തരത്തിലുള്ള ഇരുചക്ര വാഹനങ്ങളും നിർമാതാക്കൾ പുറത്തിറക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

100 ശതമാനവും എഥനോൾ ഇന്ധനത്തെയാണ് ഇ100 എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇതിൽ മറ്റ് കലർപ്പുകൾ ഒന്നുമില്ലാതെ തന്നെ എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നു. പെട്രോളിനെ അപേക്ഷിച്ച് ഇ100-ന് ഉയർന്ന ഒക്ടെയ്ൻ റേറ്റ് ഉള്ളതിനാൽ തന്നെ എഥനോൾ ഇന്ധനമായി നൽകുന്നതിനായി വികസിപ്പിച്ചിട്ടുള്ള എൻജിനുകളിൽ ഇത് മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ, സാധാരണ പെട്രോൾ വാഹനങ്ങളിൽ മാറ്റം വരുത്താതെ എഥനോൾ ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കില്ല.

Content Highlights: Maruti Suzuki to launch E100 flex-fuel vehicle on June 5th (World Environment Day)., E100 technology uses 100% ethanol, reducing dependency on imported fossil fuels., Ethanol is cost-effective at approximately 65 INR per liter., Flex-fuel engines offer higher octane ratings and better performance compared to standard petrol engines., 12 major manufacturers including Toyota, Tata, and Mahindra are adopting flex-fuel technology.