ഒരു മാറ്റത്തിന് സമയമായി; മുഖംമിനുക്കി മാരുതി സുസുക്കി ബലേനൊ; സെപ്റ്റംബർ അഞ്ചിന് അവതരിപ്പിക്കും

#Auto Desk
പ്രതീകാത്മക ചിത്രം | Photo: Maruti Suzuki
പ്രതീകാത്മക ചിത്രം | Photo: Maruti Suzuki

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് എന്ന വാഹന ശ്രേണിയുടെ മേധാവിത്വം വർഷങ്ങളായി മാരുതി സുസുക്കി ബലേനൊയുടെ കൈവശം ഭദ്രമാണ്. ഐ20 ഉൾപ്പെടെയുള്ള വാഹനങ്ങളുമായി മത്സരിച്ച് ഉറപ്പിച്ചിട്ടുള്ള ഈ ആദ്യം സ്ഥാനം കുടുതൽ കരുത്തോടെ ഉറപ്പിക്കുന്നതിനായി ബലേനൊയുടെ പുതിയ മോഡൽ എത്തിക്കുകയാണ് മാരുതി സുസുക്കി. സെപ്റ്റംബർ അഞ്ചിന് ബലേനൊയുടെ മുഖംമിനുക്കിയ പതിപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

2015-ലാണ് ബലേനൊ ഹാച്ച്ബാക്ക് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഏഴ് വർഷത്തിന് ശേഷം 2022-ലാണ് ഈ വാഹനത്തിന് തലമുറ മാറ്റമുണ്ടാകുന്നത്. ഈ ഏഴ് വർഷത്തിനിടയിൽ ചെറിയ മുഖംമിനുക്കലുകളിലൂടെ സൗന്ദര്യത്തിന് മൂർച്ഛ കൂട്ടിയിരുന്നു. ഇതിന് സമാനമായ മുഖംമിനുക്കലാണ് ഇപ്പോഴും ഈ വാഹനത്തിൽ വരുത്തിയിരിക്കുന്നത്. എന്തൊക്കെ മാറ്റങ്ങും കൂട്ടിച്ചേർക്കലുകളുമാണ് ഈ വാഹനത്തിൽ വരുത്തുന്നതെന്ന് വ്യക്തമല്ല.

പരീക്ഷണയോട്ടങ്ങളിൽ നിന്നും മറ്റും ക്യാമറയിൽ പതിഞ്ഞിട്ടുള്ള ചിത്രങ്ങൾ അനുസരിച്ച് കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഗ്രില്ലാണ് മുഖഭാവത്തിൽ പ്രതീക്ഷിക്കുന്ന മാറ്റം. ഹെഡ്‌ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു ക്രോമിയം ലൈൻ ഗ്രില്ലിന് മധ്യത്തിലൂടെ കടന്നുപോകും. ഹെഡ്‌ലാമ്പ് ഡിസൈനിൽ കാര്യമായ മാറ്റം വരുത്താനിടയില്ല. പ്രൊജക്ഷൻ ഹെഡ്‌ലൈറ്റും എൽഇഡി ഡിആർഎല്ലുമായിരിക്കും ഇതിൽ നൽകുക. ബമ്പറിന്റെ ഡിസൈനിലും നേരിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

പുതിയ അലോയി വീൽ മാത്രമായിരിക്കും വശങ്ങളിൽ പ്രതീക്ഷിക്കാവുന്ന പുതുമ. പിന്നിലും കൂടുതൽ ഷാർപ്പ് ആയിട്ടുള്ള ബമ്പർ നൽകും. നിലവിലെ മോഡലിൽ നൽകിയിട്ടുള്ളതിന് സമാനമായ എൽഇഡി ടെയ്ൽലൈറ്റ് ആയിരിക്കും പിന്നിൽ നൽകുക. റൂഫ് മൗണ്ടഡ് സ്‌പോയിലർ, റിയർ വൈപ്പർ, റിവേഴ്‌സ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ എല്ലാം പുതിയ മോഡലിലും തുടരുമെന്നാണ് വിലയിരുത്തലുകൾ.

ഇന്റീരിയറിന്റെ ലേഔട്ടിൽ കാര്യമായ മാറ്റം വരുത്തിയേക്കില്ല. നിലവിലെ മോഡലിൽ നൽകിയിട്ടുള്ള ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സിൽവർ ഇൻസേർട്ടുകൾ നൽകി അലങ്കരിച്ചിട്ടുള്ള എ.സി.വെന്റുകൾ, പുതിയ നിറത്തിലുള്ള അപ്‌ഹോൾസ്ട്രി, സൺറൂഫ്, ആംബിയന്റ് ലൈറ്റിങ് എന്നിവ ഇതിൽ നൽകിയേക്കും. ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും പുതിയ ബലേനൊയിൽ സ്ഥാനം പിടിക്കും.

മെക്കാനിക്കലായ മാറ്റത്തിനുള്ള സാധ്യതയും വളരെ കുറവാണ്. നിലവിലെ മോഡലിൽ നൽകിയിട്ടുള്ള 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനായിരിക്കും പുതിയ പതിപ്പിലും. അഞ്ച് സ്പീഡ് മാനുവൽ എഎംടി എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളും നൽകും. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഡിസയർ സെഡാൻ, ബ്രെസ തുടങ്ങിയ മോഡലിലേതിന് സമാനമായ ഉയർന്ന സുരക്ഷ സംവിധാനങ്ങളും ബലേനൊയിൽ പ്രതീക്ഷിക്കാം.

Content Highlights: Maruti Suzuki Baleno facelift scheduled for launch on September 5, Expected exterior updates include a new grille, revised bumper, and new alloy wheels, Interior likely to retain the 9-inch infotainment system with potential addition of a sunroof and ambient lighting, Mechanical setup expected to continue with the 1.2-litre naturally aspirated petrol engine