കൈയബദ്ധമോ സൂചനയോ? നെക്സയുടെ വെബ്സൈറ്റിൽ മിന്നിമാഞ്ഞ് ഇ-വിത്താരയുടെ വില

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇ-വിത്താര ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് ഏകദേശം രണ്ട് മാസം പിന്നിടുകയാണ്. എന്നാൽ, ഇതുവരെയായിട്ടും ഈ വാഹനത്തിന്റെ വില നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ, നെക്‌സയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇ-വിത്താരയുടെ ഉയർന്ന വേരിയന്റായ ആൽഫയുടെ വിലയെ കുറിച്ച് ഒരു സൂചന ഇപ്പോൾ ലഭിച്ചിട്ടുണ്ട്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സയിലൂടെയാണ് ഇ-വിത്താര വിൽപ്പനയ്ക്ക് എത്തുന്നത്.
മാരുതി സുസുക്കി ഇ-വിത്താര ആൽഫ 61 കിലോവാട്ട് ബാറ്ററിപാക്ക് വേരിയന്റിന് 24.79 ലക്ഷം രൂപ വിലയാകുമെന്നായിരുന്നു വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച സൂചന. കമ്പനി ഔദ്യോഗികമായി വില പ്രഖ്യാപിച്ചിട്ടില്ലാത്തത് കൊണ്ടുതന്നെ വളരെ വേഗത്തിൽ തന്നെ ഈ വില വിവരം വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തുവെന്നാണ് ടീം ബിഎച്ച്പി റിപ്പോർട്ട് ചെയ്യുന്നത്. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇ-വിത്താര വിപണിയിൽ എത്തുന്നത്.
മാരുതി ഇ-വിത്താരയുടെ ഡിസൈൻ, ഫീച്ചറുകൾ, മെക്കാനിക്കൽ സവിശേഷതകൾ തുടങ്ങിയ വിവരങ്ങൾ ഓരോ വാഹനപ്രേമികൾക്കും കാണാപാഠമാണ്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ-വിത്താര എത്തുന്നത്. ഫോർ വീൽ ഡ്രൈവ്, ടൂ വീൽ ഡ്രൈവ് ഓപ്ഷനുകളിൽ സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ ഇതിൽ കരുത്തേകും. 49 കിലോവാട്ട് ടൂ വീൽ ഡ്രൈവ് മോഡൽ 344 കിലോമീറ്റർ റേഞ്ചും, 61 കിലോവാട്ട് ടൂ വീൽ ഡ്രൈവ് മോഡൽ 428 കിലോമീറ്റർ റേഞ്ചും 61 കിലോവാട്ട് ഓൾ വീൽ ഡ്രൈവ് മോഡൽ 394 കിലോമീറ്റർ റേഞ്ചും നൽകും.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷൻ ഇ-വിത്താരയിൽ 144 ബിഎച്ച്പി പവറും 189 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റിൽ 174 ബിഎച്ച്പി പവറും 189 എൻഎം ടോർക്കുമേകുന്ന മോട്ടോറും കരുത്തേകും. ഇ-വിത്താരയുടെ ഓൾ വീൽ ഡ്രൈവ് മോഡലിൽ സുസുക്കിയുടെ ഇ-ഓൾഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയർ ആക്സിലിലും 65 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മോട്ടോർ നൽകുന്നുണ്ട്. ഈ ഇരട്ട മോട്ടോർ മോഡൽ 184 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
മിഡ് സൈസ് എസ്യുവി ശ്രേണിയിലേക്കാണ് മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം എത്തുന്നത്. എൽഇഡിയിൽ തീർത്തിരിക്കുന്ന ഹെഡ്ലാമ്പും ഡിആർഎല്ലും ഇൻഗ്ലാസ് സുസുക്കി ലോഗോ, വേറിട്ട ഡിസൈനിൽ തീർത്തിരിക്കുന്ന ബമ്പർ, പ്രൊജക്ഷൻ ഫോഗ്ലാമ്പ്, അലോയി വീലുകൾ, ക്ലാഡിങ്, ഡോറിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന റിയർ വ്യൂ മിറർ, വിങ് സ്പോയിലർ, എൽഇഡി ടെയ്ൽലാമ്പ്, ബ്ലാക്ക് ഫൈബറിൽ തീർത്തിരിക്കുന്ന റിയർ ബമ്പർ എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ ഡിസൈൻ.
Content Highlights: Maruti Suzuki`s first electric SUV, the eVX, has a potential price leak. The Nexa website briefly showed the Alpha variant`s cost, hinting at what`s to come. Discover the details!