ബലേനൊയ്ക്ക് പ്രാരംഭവില പ്രഖ്യാപിച്ചത് 6.09ലക്ഷം, യാഥാർഥ വിലയിൽ പിന്നേയും കുറവ്; ഇത് മാരുതിയുടെ മായാജാലം

മാരുതി സുസുക്കിയുടെ വാഹനനിരയിലെ പ്രീമിയം ഹാച്ച്ബാക്ക് മോഡൽ ബലേനൊയുടെ മുഖംമിനുക്കിയ പതിപ്പ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിപണിയിൽ അവതരിപ്പിച്ചത്. അവതരണവേളയിലെ ഏറ്റവും ആകർഷകമായ കാര്യം വാഹനത്തിന്റെ പ്രാരംഭ വിലയായിരുന്നു (Introductory Price). 6.09 ലക്ഷം രൂപയായിരുന്നു ഈ വില. എന്നാൽ, യഥാർഥ വിലയുടെ പട്ടിക പുറത്തുവന്നപ്പോൾ മാരുതി സുസുക്കി ഒരിക്കൽ കൂടി ഞെട്ടിച്ചിരിക്കുകയാണ്.
പ്രാരംഭ വിലയായി പ്രഖ്യാപിച്ച 6.09 ലക്ഷം രൂപയെക്കാൾ കുറഞ്ഞ വിലയിലാണ് ഈ വാഹനത്തിന്റെ യഥാർഥ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. മാരുതി സുസുക്കി പുറത്തുവിട്ട വിവരം അനുസരിച്ച് പെട്രോൾ മാനുവൽ മോഡലിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപയിലാണ്. ഓട്ടോമാറ്റിക് പതിപ്പിന്റെ വില ആരംഭിക്കുന്നത് 7.50 ലക്ഷം രൂപയിലും സിഎൻജി മാനുവലിന്റെ വില 7.92 ലക്ഷം രൂപയിലുമാണ് ആരംഭിക്കുന്നത്.
സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, ആൽഫ ഓപ്ഷണൽ എന്നീ അഞ്ച് വേരിയന്റുകളിലെത്തുന്ന ബലേനൊ പെട്രോൾ മാനുവലിന് യഥാക്രമം 5.99 ലക്ഷം, 7 ലക്ഷം, എട്ട് ലക്ഷം, 9.10 ലക്ഷം, 9.50 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. സിഗ്മ വേരിയന്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനില്ല. ഡെൽറ്റയ്ക്ക് 7.50 ലക്ഷം, സീറ്റ 8.50 ലക്ഷം, ആൽഫ 9.60 ലക്ഷം, ആൽഫ ഓപ്ഷണലിന് 9.99 ലക്ഷം രൂപയുമാണ് വില. ഡെൽറ്റ, സീറ്റ വേരിയന്റിൽ എത്തുന്ന സിഎൻജിക്ക് യഥാക്രമം 7.92 ലക്ഷവും 8.92 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.
മെക്കാനിക്കലായി വരുത്തിയ മാറ്റവും സുരക്ഷയിലുണ്ടായ കാര്യക്ഷമതയുമാണ് ഈ മുഖംമിനുക്കലിൽ ബലേനൊയിൽ സംഭവിച്ചത്. 1.2 ലിറ്റർ നാല് സിലിണ്ടർ എൻജിന് പകരം സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലിൽ കരുത്തേകുന്ന ഇസഡ് സീരീസ് മൂന്ന് സിലിണ്ടർ എൻജിനാണ് പുതിയ ബലേനൊയിൽ നൽകിയിരിക്കുന്നത്. 82.93 പിഎസ് പവറും 112.4 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. സിഎൻജി മോഡലിന്റെ പവർ 69.75 പിഎസിലേക്കും ടോർക്ക് 101.8 എൻഎമ്മിലേക്കും താഴ്ന്നു.
ഈ സെഗ്മെന്റിൽ മറ്റൊരു മോഡലിനും അവകാശപ്പെടാൻ സാധിക്കാത്ത ലെവൽ-2 അഡാസ് ആണ് ബലേനൊയിലുള്ളത്. അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവെൻഷൻ, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാണിങ് തുടങ്ങിയവയാണ് അഡാസ് സുരക്ഷ ഫീച്ചറുകൾ. ഇതിനൊപ്പം ആറ് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ അടിസ്ഥാന ഫീച്ചറാണ്.
ഈ സെഗ്മെന്റിൽ മറ്റൊരു വാഹനത്തിനും അവകാശപ്പെടാനില്ലാത്ത മൈലേജും ബലേനൊയുടെ വാഗ്ദാനമാണ്. പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ പതിപ്പിന് 23.80 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലിന് 24.77 കിലോമീറ്റർ മൈലേജാണ് മാരുതിയുടെ ഓഫർ. സിഎൻജിയിലേക്ക് വന്നാൽ, 33.61 കിലോമീറ്ററാണ് മൈലേജ്.
Content Highlights: Actual starting price of Maruti Baleno facelift is Rs 5.99 lakh, lower than introductory price, Available in Petrol Manual, Automatic, and CNG variants across five trims, Powered by a new Z-Series 3-cylinder engine, Equipped with segment-first Level-2 ADAS and 6 standard airbags, Offers impressive mileage up to 33.61 km/kg for CNG and 24.77 km/l for petrol automatic