മാസങ്ങളും വര്‍ഷങ്ങളും നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു; വാഹനം വേഗത്തിലെത്തിക്കാന്‍ മഹീന്ദ്ര

എക്‌സ്.യു.വി.700, സ്‌കോര്‍പിയോ എന്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ബുക്കിങ്ങുകള്‍ക്ക് സമാന്തരമായി ഉത്പാദനം ഉയര്‍ത്താന്‍ സാധിക്കാതിരുന്നതായിരുന്നു മഹീന്ദ്ര നേരിട്ടിരുന്ന പ്രധാന പ്രശ്‌നം. അതുകൊണ്ടുതന്നെ ഒരു വര്‍ഷത്തിന് മുകളിലായിരുന്നു ഈ രണ്ട് വാഹനങ്ങളും ബുക്കുചെയ്ത് കാത്തിരിക്കേണ്ടി വന്നിരുന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി മഹീന്ദ്ര വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചെന്നാണ് വിവരങ്ങള്‍.
വാഹനങ്ങളുടെ നിര്‍മാണം ഉയര്‍ന്നതോടെ എക്‌സ്.യു.വി.700, സ്‌കോര്‍പിയോ എന്‍ എന്നീ വാഹനങ്ങളുടെ ബുക്കിങ്ങ് കാലാവധി മൂന്ന് മുതല്‍ നാല് മാസം വരെയായി കുറയുമെന്നാണ് വിലയിരുത്തല്‍. എക്‌സ്.യു.വി 700-ന്റെ അടിസ്ഥാന മോഡലായ എ.എക്‌സ് 3-യുടെ പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്ക് നാല് മാസം വരെയായിരുന്നു ബുക്കിങ്ങ്, എ.എക്‌സ്5-ന് ആറ് മാസവും എ.എക്‌സ്7-ന് എട്ട് മാസവും ഏറ്റവും ഉയര്‍ന്ന മോഡലിന് എ.എക്‌സ്7 എല്‍ പതിപ്പിന് ഒമ്പത് മാസവുമായിരുന്നു മുന്‍പുണ്ടായിരുന്ന ബുക്കിങ്ങ് കാലാവധി.
എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വാഹനത്തിന്റെ ഉയര്‍ന്ന വേരിയന്റിന്റെ ബുക്കിങ്ങ് കാലാവധി ആറ് മാസമായി കുറഞ്ഞിട്ടുണ്ട്. സമാനമായി അടിസ്ഥാന മോഡലായ എം.എക്‌സ്, എ.എക്‌സ്3 എന്നീ വേരിയന്റുകളുടെ പെട്രോള്‍ എന്‍ജിന്‍ പതിപ്പുകളുടെ ബുക്കിങ്ങ് കാലാവധി രണ്ട് മാസമായി കുറച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, അടിസ്ഥാന വേരിയന്റുകളിലെ ഡീസല്‍ എന്‍ജിന്‍ മോഡലുകളുടെ ബുക്കിങ്ങ് ആറ് മാസം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ മഹീന്ദ്ര വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങ് കാലാവധിയുള്ളത് സ്‌കോര്‍പിയോ എന്‍ എസ്.യുവിക്കാണ്. Z2 പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്ക് യഥാക്രമം ആറ് മുതല്‍ ഏഴ് മാസം വരെയും ഏഴ് മുതല്‍ എട്ട് മാസം വരെയുമാണ് കാത്തിരിപ്പ്. Z4,Z6 വേരിയന്റുകള്‍ക്ക് 12 മാസം വരെയും ബുക്കിങ്ങ് ഉണ്ടായിരുന്നു. എന്നാല്‍, എല്ലാ വേരിയന്റുകളുടെയും ബുക്കിങ്ങ് മൂന്ന് മാസം വരെയായി കുറയ്ക്കാനുള്ള നീക്കങ്ങളാണ് മഹീന്ദ്ര സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചന.
മഹീന്ദ്രയുടെ വാഹനങ്ങളുടെ പ്രതിമാസ ഉത്പാദനം 10,000 യൂണിറ്റായി ഉയര്‍ത്താനാണ് നിര്‍മാതാക്കള്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. നിലിവില്‍ മൂന്ന് നിര എസ്.യു.വികളുടെ പ്രതിമാസ ഉത്പാദനം 6000 യൂണിറ്റാണെന്നാണ് വിവരം. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാറിനും ഉയര്‍ന്ന ബുക്കിങ്ങ് കാലാവധിയാണ് ഇപ്പോഴുമുള്ളത്. മഹീന്ദ്രയുടെ വാഹനങ്ങളില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങ് സ്‌കോര്‍പിയോ എന്നിനാണ് ടോപ്പ് സെല്ലിങ്ങ് മോഡലായ Z8-ന് 22 മുതല്‍ 25 മാസം വരെയായിരുന്നു ആദ്യ ബുക്കിങ്ങ് കാത്തിരിപ്പ്.
Source: Autocar India
Content Highlights: Mahindra reduce booking period of scorpio N and XUV700, Mahindra ScorpioN, XUV700