മഹാരാഷ്ട്രയ്ക്ക് മഹീന്ദ്രയുടെ വക ബമ്പർ ലോട്ടറി; 15000 കോടി നിക്ഷേപത്തിൽ പുതിയ പ്ലാന്റ് വരുന്നു

#Auto Desk
മഹീന്ദ്ര ഥാര്‍ | Photo: Mahindra
മഹീന്ദ്ര ഥാര്‍ | Photo: Mahindra

ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ മഹീന്ദ്ര, വാഹനങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നു. 15,000 കോടി രൂപയുടെ നിക്ഷേപത്തിൽ പുതിയ വാഹന നിർമാണ പ്ലാന്റ് ഒരുക്കാനാണ് മഹീന്ദ്ര പദ്ധതിയിട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഈ പ്ലാന്റ് ഒരുങ്ങുകയെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച അഡ്വാന്റേജ് വിദർഭ പരിപാടിയിലായിരുന്നു പ്രഖ്യാപനം.

കാറുകളും എസ്‌യുവികളും മുതൽ ട്രാക്ടറുകൾ വരെ നിർമിക്കാൻ സാധിക്കുന്ന പ്ലാന്റ് ഒരുക്കാനാണ് മഹീന്ദ്രയുടെ നീക്കം. 2028-ഓടെ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 1500 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന പ്ലാന്റിന് പ്രതിവർഷം അഞ്ചുലക്ഷം വാഹനങ്ങളും ഒരു ലക്ഷം ട്രാക്ടറും നിർമിക്കാനുള്ള ശേഷിയായിരിക്കും ഈ പ്ലാന്റിൽ ഉണ്ടാകുക. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാന്റ് ആയിരിക്കും ഇതെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

പ്രധാനപ്പെട്ട പ്ലാന്റിന് പുറമെ, സംഭാജിനഗറിൽ 150 ഏക്കർ സ്ഥലത്ത് സപ്ലെയർ പാർക്കും ഒരുക്കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. ഇവിടെ നിന്നായിരിക്കും പുതുതായി ഒരുങ്ങുന്ന നാഗപൂർ പ്ലാന്റിലേക്ക് നിലവിൽ വാഹനങ്ങൾ നിർമിക്കുന്ന ചകാനിലേയും നാസിക്കിലേയും പ്ലാന്റുകളിലേക്കുള്ള പാർട്‌സുകൾ വിതരണം ചെയ്യുകയെന്നും മഹീന്ദ്ര അറിയിച്ചു. മഹാരാഷ്ട്രയിൽ മൂന്നിടങ്ങിളിലായി 2000 ഏക്കർ സ്ഥലം ഏറ്റെടുത്ത് വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളും മഹീന്ദ്ര ആവിഷ്‌കരിക്കുന്നുണ്ട്.

നാഗ്പൂരിൽ നിർമിക്കുന്ന പ്ലാന്റിൽ ഇലക്ട്രിക്, ഐസ് തുടങ്ങി വിവിധ പവർട്രെയിനുകളിലുള്ള വാഹനങ്ങൾ നിർമിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. എൻയുഐക്യു ആർക്കിടെക്ചർ പോലെയുള്ള പുതുതലമുറ വാഹന പ്ലാറ്റ്‌ഫോമുകളും ഇവിടെ വികസിപ്പിക്കും. വിപുലമായ ഓട്ടോമേഷൻ ഡിജിറ്റൽ നിർമാണ സംവിധാനങ്ങളോടെയായിരിക്കും ഈ പ്ലാന്റ് ഒരുങ്ങുക. ആഭ്യന്തര വിപണികൾ ലക്ഷ്യമിട്ടും വിദേശ രാജ്യങ്ങളിലേക്കുള്ള വാഹനങ്ങളും ഇവിടെ നിന്നും പുറത്തിറങ്ങും.

Content Highlights: Mahindra to invest ₹15,000 crore in a new state-of-the-art vehicle manufacturing plant in Nagpur, Maharashtra. Learn more about this major expansion and its impact.