നാലുവര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, കൊടുത്ത വാക്കും; പുതിയ വരവിൽ അഡാറാണ് ഥാർ | Video

മഹീന്ദ്ര ഥാര്‍ എന്ന വാഹനം ഇന്ത്യയിലെ വാഹനപ്രേമികളുടെ ഒരുവികാരമാണ്. വേറെ ഏതൊക്കെ വാഹനങ്ങള്‍ വന്നാലും ഥാറിന്റെ തട്ട് താഴ്ന്നുതന്നെയിരിക്കും. കഴിഞ്ഞ നാല് വര്‍ഷമായി ഓരോ ദിവസവും ആരാധകരുടെ എണ്ണം ഉയര്‍ത്തിയ ഈ വാഹനത്തിന്റെ അഞ്ച് ഡോര്‍ പതിപ്പ് മഹീന്ദ്രയുടെ ഒരു പഴയ ഉറപ്പായിരുന്നു. പഴയത് എന്ന പറഞ്ഞാല്‍ നാല് വര്‍ഷം തന്നെ ഈ ഉറപ്പിന് പഴക്കമുണ്ട്. വാക്ക് പാലിക്കാന്‍ മഹീന്ദ്ര വൈകിയതോടെ കമ്പനി മുതലാളിയായ ആനന്ദ് മഹീന്ദ്രയെ പോലും പള്ളുപറഞ്ഞതും ആരാധകരുടെ സ്‌നേഹത്തിന്റെ ഭാഗമായിരുന്നു.
ഓരോ സ്വാതന്ത്ര്യദിനത്തിലും ഓരോ പുതിയ വാഹനവുമായി എത്തുന്ന മഹീന്ദ്ര 2024-ല്‍ ഥാറിന്റെ അഞ്ച് ഡോര്‍ മോഡലാണ് ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഥാര്‍ റോക്‌സ് എന്ന പേര് നല്‍കിയാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. നാല് വര്‍ഷത്തെ കാത്തിരിപ്പ് നല്‍കിയതിനുള്ള പരിഭവങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്ന മാജിക്ക് കൂടിയാണ് മഹീന്ദ്ര ഥാര്‍ റോക്‌സിലൂടെ അവതരിപ്പിച്ചത്. ഥാര്‍ ഫൈവ് ഡോര്‍ അവതരിപ്പിക്കാന്‍ മഹീന്ദ്ര തിരഞ്ഞെടുത്തത് കേരളത്തെ ആയിരുന്നു. സ്വാതന്ത്ര്യം ലഭിച്ചത് പോലെ തന്നെ ഓഗസ്റ്റ് 14-ന് അര്‍ധരാത്രിയില്‍ ആയിരുന്നു മഹീന്ദ്ര ഥാര്‍ റോക്‌സ് എന്ന മോഡൽ പുറത്തിറക്കിയതും.
Content Highlights: Mahindra launches the five door model of Thar, Thar Roxx SUV