അകത്തളം ബിസിനസ് ക്ലാസിനെക്കാൾ ആഡംബരം; നിരത്തുകളിൽ ഹിറ്റായി ലെക്‌സസ് LM350h

പ്രീമിയം വാഹനങ്ങൾക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എസ്‌യുവി, എംപിവി തുടങ്ങിയ ശ്രേണിയും ശക്തമായ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രീമിയം എംപിവി ശ്രേണിയിലെ കുതിപ്പിന്റെ പ്രതിഫലനം ലെക്‌സസിന്റെ വിൽപ്പനയിലും പ്രതിഫലിച്ചതായാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ലെക്‌സസ് ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് അൾട്രാ ലക്ഷ്വറി എംപിവി മോഡലായ എൽഎം 350 എച്ച് ആണ് വിൽപ്പനയിൽ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
2025 നവംബർ മാസത്തിൽ മാത്രം എൽഎം 350 എച്ച് എംപിവി വിൽപ്പനയിൽ 40 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിച്ചിട്ടുള്ളതെന്നാണ് ലെക്‌സസ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. 2025 ജനുവരി മുതൽ നവംബർ വരെയുള്ള വിൽപ്പനയിൽ 15 ശതമാനത്തിന്റെ വളർച്ചയും കൈവരിച്ചിട്ടുണ്ടെന്നാണ് ലെക്‌സസ് അവകാശപ്പെടുന്നത്.
ദീർഘദൂര യാത്രകൾക്ക് ഇണങ്ങുന്ന തരത്തിൽ ഏറ്റവും മികച്ച രീതിയിൽ ഒരുക്കിയിട്ടുള്ള ക്യാബിനാണ് ഈ വാഹനത്തെ കൂടുതൽ ജനപ്രിയമാക്കുന്നത്. ഇതിനുപുറമെ, ലെക്‌സസ് എൽഎം 350എച്ച് എംപിവിയിൽ നൽകിയിട്ടുള്ള അഡ്വാൻസ്ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ എൻജിൻ ശബ്ദം പരമാവധി കുറയ്ക്കുകയും സ്മൂത്ത് ഡ്രൈവിങ് അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നത് ഈ വാഹനത്തിന്റെ വിൽപ്പനയ്ക്ക് മുതൽകൂട്ടാവുന്നുണ്ട്.
നാല് സീറ്റ്, ഏഴ് സീറ്റ് എന്നീ ഇന്റീരിയർ ലേഔട്ടിലാണ് ലെക്‌സസിന്റെ ഈ അത്യാഡംബര എംപിവി വിപണിയിൽ എത്തുന്നത്. അതസമ്പന്നരായ വ്യവസായികൾ, സെലിബ്രിറ്റികൾ തുടങ്ങിയവരാണ് ഈ വാഹനത്തിന്റെ പ്രധാന ഉപയോക്താക്കൾ. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഈ വാഹനത്തിന് ആവശ്യക്കാരേറുന്നത് ആഡംബര മൊബിലിറ്റിയിലേക്കുള്ള ആളുകളുടെ മാറ്റത്തിന്റെ സൂചനയാണെന്നാണ് ലെക്‌സസിന്റെ വിലയിരുത്തൽ.
ടൊയോട്ട വെൽഫയറിന് അടിസ്ഥാനമൊരുക്കുന്ന ജി.എ-കെ മോഡുലാർ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ലെക്‌സസിന്റെ എൽ.എം.350 എച്ച് എം.പി.വിയും ഒരുങ്ങിയിട്ടുള്ളത്. രൂപത്തിൽ വെൽഫയറിനോട് സാമ്യമുള്ള വാഹനമാണ് എൽ.എം.350 എച്ചും. ക്രോമിയം സ്റ്റഡുകൾ നൽകിയിട്ടുള്ള ഗ്രില്ല്, വളരെ നേർത്ത എൽ.ഇ.ഡി. ഹെഡ്‌ലാമ്പ്, മൾട്ടി സ്‌പോക്ക് അലോവി വീലുകൾ, സ്ലൈഡിങ് ഡോർ, കണക്ടഡ് ആയിട്ടുള്ള ടെയ്ൽലാമ്പ് എന്നിങ്ങനെയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.
ഹൈബ്രിഡ് എം.പി.വിയായാണ് എൽ.എം.350 എച്ച് എത്തിയിരിക്കുന്നത്. 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനൊപ്പം സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് സംവിധാനങ്ങളും ചേർന്ന് 190 ബിഎച്ച്പി പവറും 240 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ-സി.വി.ടി. ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.
Content Highlights: Experience unparalleled luxury with the Lexus LM 350h. Its opulent interior, advanced hybrid tech, and smooth ride make it a hit. Discover why it`s redefining premium mobility.