ഉറുസ് സൂപ്പര്‍ സ്റ്റാര്‍, 2023 കളറാക്കി ലംബോര്‍ഗിനി; ഇന്ത്യയിലും ചരിത്രനേട്ടം

ലംബോര്‍ഗിനി ഉറുസ് പേള്‍ ക്യാപ്‌സൂള്‍ എഡിഷന്‍ | Photo: Lamborghini India
ലംബോര്‍ഗിനി ഉറുസ് പേള്‍ ക്യാപ്‌സൂള്‍ എഡിഷന്‍ | Photo: Lamborghini India

കോവിഡ് തീര്‍ത്ത ആഘാതത്തില്‍ നിന്ന് ലോകം മോചനം നേടിയ വര്‍ഷമായിരുന്നു 2023. ഇതിന്റെ നേട്ടം എല്ലാ മേഖലയിലും എന്ന പോലെ വാഹന വിപണിയിലും കൃതമായി പ്രതിഫലിച്ചിരുന്നു. പ്രീമിയം വാഹന നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ വാഹന നിര്‍മാതാക്കളും വ്യത്യമായ നേട്ടം കൊയ്ത വര്‍ഷവുമായിരുന്നു 2023. മെഴ്‌സിഡീസ്, ബി.എം.ഡബ്ല്യു, ഔഡി എന്നീ ആഡംബര വാഹന നിര്‍മാതാക്കള്‍ക്ക് പുറമെ, അത്യാഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിക്കും 2023-ല്‍ കുതിപ്പാണ് ഇന്ത്യ സമ്മാനിച്ചത്. 

ലംബോര്‍ഗിനിയുടെ 103 വാഹനങ്ങളാണ് 2023-ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചതെന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിടുന്ന വിവരം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022-ല്‍ 92 യൂണിറ്റാണ് ലംബോര്‍ഗിനി ഇന്ത്യയില്‍ എത്തിച്ചത്. ആഗോളതലത്തിലും മികച്ച നേട്ടമുണ്ടാക്കാന്‍ ലംബോര്‍ഗിനിക്ക് സാധിച്ചിട്ടുണ്ട്. 10,112 വാഹനങ്ങളാണ് 2023-ല്‍ ലംബോര്‍ഗിനി രാജ്യാന്തര വിപണികളില്‍ വിറ്റഴിച്ചത്. 2022-ലെ വില്‍പ്പനയെ അപേക്ഷിച്ച് പത്ത് ശതമാനത്തിന്റെ കുതിപ്പാണുണ്ടായിരിക്കുന്നത്. 

ഒരു വര്‍ഷം 10,000-ത്തില്‍ അധികം വാഹനങ്ങളുടെ വില്‍പ്പനയുണ്ടാക്കാന്‍ സാധിച്ചത് ലംബോര്‍ഗിനിക്ക് അഭിമാനാര്‍ഹമായ നേട്ടമാണ്. എന്നാല്‍, നേട്ടത്തിന്റെ ഈ ഒരു നാഴികക്കല്ല് കൊണ്ട് ലംബോര്‍ഗിനിയുടെ കുതിപ്പിന് തടയിടാന്‍ സാധിക്കില്ല. 2024-ല്‍ കൂടുതല്‍ വെല്ലുവിളികളെ നേരിടാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നാണ് ഓട്ടോമൊബിലി ലംബോര്‍ഗിനിയുടെ ചെയര്‍മാനും സി.ഒ.ഇയുമായ സ്റ്റീഫന്‍ വിങ്കല്‍മാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 

യൂറോപ്പ്-മിഡില്‍ ഈസ്റ്റ്-ആഫ്രിക്കല്‍ മേഖലകളില്‍ 2022-നെക്കാള്‍ 14 ശതമാനം അധിക വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3987 കാറുകളാണ് ഇവിടെ വിറ്റഴിച്ചത്. അമേരിക്കല്‍ മേഖലയില്‍ ഒമ്പത് ശതമാനം ഉയര്‍ന്ന് 3464 വാഹനങ്ങള്‍ വിറ്റഴിച്ചു. ഏഷ്യ-പസഫിക് മേഖളയില്‍ വില്‍പ്പനയില്‍ നാല് ശതമാനം വളര്‍ച്ചയോടെ 2660 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഏറ്റവുമധികം വാഹനങ്ങള്‍ വിറ്റഴിച്ചത് അമേരിക്കയിലാണ്. 3000 യൂണിറ്റാണ് ഇവിടുത്തെ വില്‍പ്പന. വില്‍പ്പന പട്ടികയില്‍ ഏറ്റവും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.

ലംബോര്‍ഗിനിയുടെ വാഹനനിരയിലെ എസ്.യു.വിയായ ഉറുസാണ് കമ്പനിയുടെ ബെസ്റ്റ് സെല്ലിങ്ങ് മോഡല്‍. ഈ വാഹനത്തിന്റെ 6087 യൂണിറ്റാണ് ലോകത്തിലെ വിവിധ വിപണികളിലായി വിറ്റഴിച്ചിരിക്കുന്നത്. സൂപ്പര്‍ കാര്‍ പതിപ്പായ ഹുറാകാനാണ് രണ്ടാം സ്ഥാനത്ത്. 3962 യൂണിറ്റാണ് ഈ വാഹനത്തിന്റെ വില്‍പ്പന. ഇവയ്ക്ക് പുറമെ, വി12 എന്‍ജിനിലുള്ള 63 വാഹനങ്ങളും നിരത്തുകളില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ 12 അവന്റഡോറും, വിവിധ മോഡലുകളുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പായ 51 വാഹനങ്ങളും ഉള്‍പ്പെടുന്നു.

Content Highlights: Lamborghini india achieve record sale in 2023