44 മാസം, നാല് ലക്ഷം സോണറ്റുകള്‍; കോംപാക്ട് എസ്.യു.വികളില്‍ ഹീറോയായി കിയ സോണറ്റ്

കിയ സോണറ്റ് | Photo: Kia Motors
കിയ സോണറ്റ് | Photo: Kia Motors

ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ കടുത്ത മത്സരത്തിന് വഴിയൊരുക്കുന്ന വാഹനങ്ങളിലൊന്നാണ് കിയ സോണറ്റ്. വിപണിയില്‍ എത്തി നാലുവര്‍ഷം തികയുന്നതിന് മുമ്പ് വില്‍പ്പനയില്‍ നാല് ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഈ വാഹനം. അവതരിപ്പിച്ച് 44 മാസത്തിനുള്ളില്‍ നാല് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ സാധിച്ചതായാണ് നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ വിപണിയില്‍ മാത്രം സോണറ്റിന്റെ 3,17,754 യൂണിറ്റാണ് കിയ മോട്ടോഴ്‌സ് വിറ്റഴിച്ചിരിക്കുന്നത്. അതേസമയം, 85,814 യൂണിറ്റുകള്‍ കടല്‍കടന്നിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. 2020 സെപ്റ്റംബറിലാണ് കിയ ഇന്ത്യയുടെ രണ്ടാമത്തെ വാഹനമായി സോണറ്റ് വിപണിയില്‍ എത്തുന്നത്. ആദ്യ മോഡല്‍ തന്നെ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ വാഹനത്തിന്റെ മുഖം മിനുക്കിയ പതിപ്പും ഇന്ത്യയില്‍ എത്തിയിരുന്നു. 

എച്ച്.ടി-ലൈന്‍, ജി.ടി-ലൈന്‍, എക്സ്-ലൈന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഏഴ് വേരിയന്റുകളിലാണ് സോണറ്റ് എത്തിയിട്ടുള്ളത്. എച്ച്.ടി.ഇ, എച്ച്.ടി.കെ, എച്ച്.ടി.കെ. പ്ലസ്, എച്ച്.ടി.എക്സ്, എച്ച്.ടി.എക്സ് പ്ലസ്, ജി.ടി.എക്സ് പ്ലസ്, ജി.ടി.എക്സ് എക്സ്-ലൈന്‍ എന്നിവയാണ് വേരിയന്റുകള്‍. എന്‍.എം. പെട്രോള്‍ എന്‍ജിനിന്‍ മോഡലുകള്‍ക്ക് 7.99 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയും 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ മോഡലുകള്‍ക്ക് 10.56 ലക്ഷം രൂപ മുതല്‍ 14.75 ലക്ഷം രൂപ വരെയും 1.5 ലിറ്റര്‍ ഡിസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 9.80 ലക്ഷം രൂപ മുതല്‍ 15.75 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

കിയ സോണറ്റ് സ്വന്തമാക്കിയവരില്‍ 63 ശതമാനവും പെട്രോള്‍ എന്‍ജിന്‍ മോഡലാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 37 ശതമാനമാണ് ഡീസലിലേക്ക് പോയത്. 63 ശതമാനം ഉപയോക്താക്കളും സണ്‍റൂഫ് ഉള്ള മോഡലാണ് വാങ്ങിച്ചിരിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനിലുള്ള സോണറ്റിന്റെ വില്‍പ്പനയില്‍ 37.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഓട്ടോമാറ്റിക് വാഹനങ്ങള്‍ 28 ശതമാനം ആളുകള്‍ സ്വന്തമാക്കിയപ്പോള്‍ 23 ശതമാനം ആളുകള്‍ ഐ.എം.ടി.ഗിയര്‍ബോക്‌സാണ് തിരഞ്ഞെടുത്തത്. 

1.2 ലിറ്റര്‍ എന്‍.എ. പെട്രോള്‍ എന്‍ജിന്‍ 83 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഈ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൂട്ടത്തില്‍ കരുത്തന്‍. 120 പി.എസ്. പവറും 172 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് എ.ടി, ഏഴ് സ്പീഡ് ഡി.സി.ടി. എന്നീ മികച്ച ട്രാന്‍സ്മിഷന്‍ ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 116 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഐ.എം.ടി. എന്നിവയാണ് ഈ എന്‍ജിനൊപ്പം ചേര്‍ത്തിട്ടുള്ള ട്രാന്‍സ്മിഷുകള്‍.

Content Highlights: Kia Sonet zooms past 4 Lakh sales milestone in just under 44 Months