നിർമാണച്ചെലവ് പിടിവിട്ട് ഉയരുന്നു; ജൂലായ് ഒന്ന് മുതൽ വാഹനങ്ങളുടെ വില ഉയർത്താൻ കിയ മോട്ടോഴ്‌സ്

#Auto Desk
കിയ സെല്‍റ്റോസ് | Photo: Kia Motors
കിയ സെല്‍റ്റോസ് | Photo: Kia Motors

ന്ത്യയിലെ വാഹന വിപണിയിൽ സാധാരണയായി വില വർധന പ്രഖ്യാപിച്ചിരുന്നത് ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന് തീയതികളിലായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയിലെ ഒട്ടുമിക്ക വാഹന കമ്പനികളും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായി തുടങ്ങിയവർക്ക് പിന്നാലെ വില വർധന പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിലെ മറ്റൊരു വാഹന നിർമാതാക്കളായ കിയ മോട്ടോഴ്‌സ്.

ജൂലായ് ഒന്ന് മുതൽ കിയ മോട്ടോഴ്‌സിന്റെ വാഹന ശ്രേണിയിലെ എല്ലാ മോഡലുകൾക്കും രണ്ട് ശതമാനം വില വർധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാഹന നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതും നിർമാണത്തിനുള്ള ചിലവിൽ ഉണ്ടായ ഗണ്യമായ വർധനവിനെയും തുടർന്നാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നതെന്നാണ് കിയ മോട്ടോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

‘ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച വാഹനങ്ങളും ആകർഷകമായ വാങ്ങൽ അനുഭവവും ഉറപ്പാക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാഹന നിർമാണ ചെലവിലുണ്ടായ വർധനവിന്റെ ചെറിയൊരു പങ്ക് മാത്രമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഓരോ വാഹനവും വേരിയൻറും അനുസരിച്ച് വില വർധനവിന്റെ തോത് വ്യത്യസ്തമായിരിക്കും.’ കിയ മോട്ടോഴ്‌സ് അറിയിച്ചു.

ഓരോ വാഹനത്തിനും ഏത്ര രൂപ വീതമാണ് കൂടുന്നതെന്ന കാര്യത്തിൽ കിയ മോട്ടോഴ്‌സ് വ്യക്തത വരുത്തിയിട്ടില്ല. വാഹനങ്ങളുടെ വില അനുസരിച്ച് പരമാവധി 2.6 ലക്ഷം രൂപയുടെ വരെ വർധനവാണ് പ്രതീക്ഷിക്കുന്നത്. ആറ് ഐസ് വാഹനങ്ങളും മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ഒമ്പത് മോഡലുകളാണ് കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ വാഹന ശ്രേണിയിലുള്ളത്. ഇതിൽ ഇലക്ട്രിക് മോഡലായ ഇവി9 ആണ് ഏറ്റവുമധികം വിലയുള്ള വാഹനം.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‌സും ഹ്യുണ്ടായിയും വാഹനങ്ങളുടെ വില വർധന പ്രഖ്യാപിച്ചത്. ജൂൺ മാസം മുതൽ 30,000 രൂപയാണ് മാരുതിയുടെ വാഹനങ്ങൾക്ക് കൂടിയത്. ജൂൺ ഒന്ന് മുതൽ ഹ്യുണ്ടായിയുടെ വാഹനങ്ങൾക്കും ഒരു ശതമാനം വില വർധനവ് വരുത്തിയിരുന്നു. ഒന്നര ശതമാനത്തിന്റെ വർധനവാണ് ടാറ്റയുടെ വാഹനങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlights: Kia Motors India confirms a 2% price increase across its model range., Price hike takes effect from July 1, 2026., Increase attributed to rising raw material and manufacturing costs., Impact varies by model and variant, with potential increases up to 2.6 lakh rupees., Kia follows similar price adjustments by Maruti Suzuki, Tata Motors, and Hyundai.