ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങൾ എത്തിക്കാൻ കിയ; ഒന്നല്ല എത്തുന്നത് രണ്ട് കിടിലൻ മോഡലുകൾ

പ്രതീകാത്മക ചിത്രം | Photo: Kia Motors
പ്രതീകാത്മക ചിത്രം | Photo: Kia Motors

ലക്ട്രിക് വാഹനങ്ങൾക്കൊപ്പം തന്നെ ഇന്ത്യയിൽ സജീവമാകുന്ന മറ്റൊരു വാഹനശ്രേണിയാണ് ഹൈബ്രിഡ്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനൊപ്പം തന്നെ ഹൈബ്രിഡ് വാഹനങ്ങൾ നിർമിക്കുന്നതിന്റെ തിരക്കുകളിലാണ് വാഹന കമ്പനികൾ. ഹോണ്ട, ടൊയോട്ട, മാരുതി സുസുക്കി തുടങ്ങിയ കമ്പനികൾ ഹൈബ്രിഡ് വാഹനങ്ങളുടെ കാര്യത്തിൽ ഒരുചുവട് മുന്നിലാണ്. ഇവർക്കൊപ്പം എത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്‌സ്.

2030-ഒാടെ കിയയുടെ വാഹനശ്രേണിയിലേക്ക് പുതിയ പത്ത് മോഡലുകൾ എത്തുമെന്നാണ് കമ്പനിയുടെ നിക്ഷേപക ദിനത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ തന്നെ എട്ടെണ്ണം ഇലക്ട്രിഫൈഡ് ആയിരിക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. സിറോസ് ഇലക്ട്രിക് പതിപ്പിനൊപ്പം രണ്ട് ഹൈബ്രിഡ് വാഹനങ്ങളാണ് കിയ എത്തിക്കാനൊരുങ്ങുന്നത്. സോറന്റോ, കാർണിവൽ എന്നീ വാഹനങ്ങളായിരിക്കും ഹൈബ്രിഡ് വാഹനങ്ങളായി കിയയുടെ നിരയിൽ എത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

സോറന്റോ എന്ന വാഹനം നിലവിലെ മിഡ് സൈസ് എസ്‌യുവി മോഡലായ സെൽറ്റോസിന് മുകളിലായായിരിക്കും സ്ഥാനം പിടിക്കുക. 1.5 ലിറ്റർ പെട്രോൾ എൻജിനൊപ്പം ഹൈബ്രിഡ് സംവിധാനവും നൽകിയായിരിക്കും ഇത് ഒരുങ്ങുന്നത്. സോറന്റോയുടെ ആഗോള പതിപ്പിൽ അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും ഇന്ത്യൻ പതിപ്പും നിർമിക്കുക. മഹീന്ദ്രയുടെ എക്‌സ്‌യുവി 7എക്‌സ്ഒ പോലെയുള്ള വാഹനങ്ങളുമായി മത്സരിക്കാനാണ് സോറന്റോ എത്തുക.

ഇന്ത്യയിലെ എംപിവി നിരയിൽ താരമായി വിലസുന്ന കാർണിവലാണ് ഹൈബ്രിഡ് മോഡലിനായി പരിഗണിക്കുന്ന മറ്റൊരു വാഹനം. നിലവിൽ ഡീസൽ എൻജിനിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ ഹൈബ്രിഡ് മോഡൽ ഏതാനും വിദേശ വിപണികളിൽ ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. 1.6 ലിറ്റർ പെട്രോൾ എൻജിനൊപ്പമാണ് ഹൈബ്രിഡ് സിസ്റ്റം നൽകിയിരിക്കുന്നത്. 272 എച്ച്പി പവറും 367 എൻഎം ടോർക്കുമാണ് കാർണിവൽ യുഎസ് സ്‌പെക്ക് ഉത്പാദിപ്പിക്കുന്ന കരുത്ത്.

കിയയുടെ ഇലക്ട്രിക് വാഹന നിരയിലേക്ക് എത്തുന്ന മറ്റൊരു മോഡലായ സിറോസ് ഇവി ഈ വർഷം തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരൻസ് ക്ലാവിസ് ഇവിക്കും താഴെയായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനം. കിയയുടെ വാഹനശ്രേണിയിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ ഇവി എന്ന വിശേഷണത്തിലായിരിക്കും ഇതിനെ മാർക്കറ്റ് ചെയ്യുക. 350 കിലോമീറ്ററിൽ അധികം റേഞ്ച് ഉറപ്പാക്കാൻ കഴിയുന്ന 42 മുതൽ 49 വരെ കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഇതിൽ നൽകുക.

Source

Content Highlights: Kia to introduce 10 new models by 2030, with a focus on electrification for 2026., Introduction of hybrid variants for Sorento and Carnival models., Sorento to compete in the mid-size SUV segment against XUV700., Launch of the affordable Ceiros EV featuring over 350km range.