വണ്ടിക്കമ്പനികളുടെ തറവാട്ടിലേക്ക് കാർ കയറ്റുമതി; ജപ്പാനിലും ഇന്ത്യൻ കാറുകൾ വൻ ഹിറ്റ്

ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ക്ക് വിദേശത്ത് കയറ്റുമതി ചെയ്യുന്നതില്‍ വലിയ കുതിപ്പുണ്ടാകുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ഏകദേശം 12 ലക്ഷത്തോളം വാഹനങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങി ആഭ്യന്തര വിപണിയിലെ ആദ്യ സ്ഥാനക്കാര്‍ തന്നെയാണ് കയറ്റുമതിയിലും മുന്നില്‍. എന്നാല്‍, വമ്പന്‍ വാഹനവിപണിയായ ജപ്പാനിലേക്ക് എത്തുന്ന വാഹനങ്ങളുടെ പട്ടികയില്‍ ഹോണ്ടയുമുണ്ട്.
സുസുക്കി, ഹോണ്ട എന്നീ വാഹന നിര്‍മാതാക്കളുടെ മാതൃരാജ്യമായ ജപ്പാനിലേക്ക് ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്തിട്ടുള്ള മോഡലുകള്‍ മാരുതി സുസുക്കി ഫ്രോങ്‌സ്, ഹോണ്ട എലിവേറ്റ് എന്നിവയാണ്. ജപ്പാനിലേക്ക് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ എത്തിക്കുന്നത് ചുരുക്കമാണെങ്കിലും ഈ രണ്ട് വാഹനങ്ങള്‍ക്കും ഉയര്‍ന്ന കയറ്റുമതിയാണ് ഉള്ളത്. കഴിഞ്ഞ മാസമാണ് ഫ്രോങ്‌സ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചത്. ഇന്ത്യന്‍ നിര്‍മിത മാരുതി സുസുക്കി ബലേനൊ 2016 മുതല്‍ ജപ്പാനിലേക്ക് എത്തിക്കുന്നുണ്ട്.
ജപ്പാനിലേക്ക് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന മറ്റൊരു ഇന്ത്യന്‍ മോഡല്‍ ഹോണ്ടയുടെ എലിവേറ്റ് എസ്.യു.വിയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തോടെയാണ് ഹോണ്ട ഇന്ത്യന്‍ നിര്‍മിത എലിവേറ്റ് ജപ്പാനിലേക്ക് കയറ്റി അയയ്ക്കാന്‍ തുടങ്ങിയത്. ഹോണ്ട ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത വാഹനം എന്ന ഖ്യാതിയും എലിവേറ്റ് എസ്.യു.വിക്കുണ്ട്. ഇന്ത്യയില്‍ നിന്ന് എലിവേറ്റ് ആയാണ് കയറ്റുമതി ചെയ്യുന്നതെങ്കിലും ജപ്പാനില്‍ ഈ വാഹനം ഡബ്ല്യു.ആര്‍-വി എന്ന പേരിലാണ് ഹോണ്ട വിപണിയില്‍ എത്തിക്കുന്നത്.
ഇന്ത്യയില്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനില്‍ എത്തിയിട്ടുള്ള വാഹനമാണ് മാരുതി സുസുക്കി ഫ്രോങ്‌സ്. 7.51 ലക്ഷം രൂപ മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 89.73 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍, 100 പി.എസ്. പവറും 148 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്‌സ് എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
ആദ്യമായി ഇന്ത്യയില്‍ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ഹോണ്ട തിരഞ്ഞെടുത്ത വാഹനമാണ് എലിവേറ്റ്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഈ എന്‍ജിന്‍ 121 ബി.എച്ച്.പി. പവറും 145 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. 11.69 ലക്ഷം രൂപ മുതല്‍ 16.72 ലക്ഷം രൂപ വരെയാണ് എലിവേറ്റിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
Content Highlights: Indian made cars Exported to japan from maruti suzuki and Honda cars