നല്ല അയല്‍ക്കാരനായി ഇന്ത്യ; നേപ്പാളിന് ടാറ്റയുടെ 15 കര്‍വ് ഇവികള്‍ സമ്മാനിച്ച് ഇന്ത്യ ഗവണ്‍മെന്റ്

അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അയല്‍രാജ്യമായ നേപ്പാളിന് ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ച് ഇന്ത്യ ഗവണ്‍മെന്റ്. ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കൂപ്പെ എസ്‌യുവി മോഡലായ കര്‍വിന്റെ 15 യൂണിറ്റാണ് ഇന്ത്യ നേപ്പാളിന് സമ്മാനിച്ചിരിക്കുന്നത്. കാഠ്മണ്ഡുവില്‍ വെച്ച് നടന്ന സാഗര്‍മാത സംബാദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് വാഹനങ്ങള്‍ സമ്മാനിച്ചിരിക്കുന്നത്.
നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ നവീന്‍ ശ്രീവാസ്തവയാണ് നേപ്പാള്‍ വിദേശകാര്യ മന്ത്രി ഡോ.അര്‍സു റാണ ദ്യൂബയ്ക്ക് വാഹനങ്ങള്‍ കൈമാറിയത്. സര്‍ക്കാര്‍ വാഹന വ്യൂഹത്തിലേക്ക് കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ എത്തിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലേക്ക് ടാറ്റ മോട്ടോഴ്‌സ് മൂന്ന് കര്‍വ് ഇവിയും, മൂന്ന് ടിയാഗോ ഇവിയും നല്‍കിയതിന് പിന്നാലെയാണ് നേപ്പാള്‍ സര്‍ക്കാരിലേക്ക് ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലേസില്‍ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 50 ശതമാനത്തില്‍ അധികം മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങളില്‍ തീര്‍ത്തിരിക്കുന്ന വാഹനങ്ങളാണ് ഇലക്ട്രിക് മോഡലുകളെന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. ഇന്ത്യക്കായി രൂപകല്‍പ്പന ചെയ്യുന്ന വാഹനമെന്ന നിലയില്‍ രാജ്യത്തിന്റെ ഉന്നത സ്ഥാപനങ്ങളില്‍ സാന്നിധ്യമാകാനും ടാറ്റ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ക്രിയേറ്റീവ്, അക്കംബ്ലിഷ്ഡ്, അക്കംബ്ലിഷ്ഡ് പ്ലസ് എസ്, എംപവേര്‍ഡ് പ്ലസ്, എംപവേര്‍ഡ് പ്ലസ് എ എന്നീ വേരിയന്റുകളിലാണ് റെഗുലര്‍ കര്‍വ് ഇവി എത്തുന്നത്. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് നേപ്പാളിന് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. കര്‍വ് ഇ.വി. 45 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് 17.49 ലക്ഷം രൂപ മുതല്‍ 19.29 ലക്ഷം രൂപ വരെയും 55 കിലോവാട്ട് ഓപ്ഷന് 19.25 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഈ വാഹനം എത്തുന്നുണ്ടെങ്കിലും ലോങ് റേഞ്ച് പതിപ്പില്‍ നല്‍കിയിട്ടുള്ള 55 കിലോവാട്ട് ബാറ്ററി പാക്കിലാണ് കര്‍വ് ഇവി ഡാര്‍ക്ക് എഡിഷന്‍ എത്തുന്നത്. 585 കിലോമീറ്ററാണ് ടെസ്റ്റിങ് ഏജന്‍സികള്‍ ഈ വാഹനത്തിന് പറയുന്ന റേഞ്ച് എങ്കിലും സി75 ടെസ്റ്റ് അനുസരിച്ച് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 425 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പറയുന്നത്. 167 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കുന്നത്. 8.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ കര്‍വിനാകും.
Content Highlights: India Gifts Nepal 15 Tata Nexon EVs to Combat Air Pollution and Climate Change