ഇവിടെ എലിവേറ്റ്, സ്വന്തം നാട്ടിലെത്തിയപ്പോള്‍ ഡബ്ല്യു.ആര്‍.വി; ഇത് ഹോണ്ടയുടെ ആള്‍മാറാട്ടം

ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട എത്തിച്ച എസ്.യു.വി. മോഡലാണ് എലിവേറ്റ്. വാഹനത്തിന് നല്‍കിയിട്ടുള്ള ഇന്റര്‍നാഷണല്‍ ലുക്കും ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ഫീച്ചറും ഉള്‍പ്പെടെ എലിവേറ്റിന് വിപണിയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചിട്ടുണ്ട്. ഗ്ലോബല്‍ മോഡലായി ഇന്ത്യയില്‍ എത്തിയ എലിവേറ്റ് ഹോണ്ടയുടെ മാതൃരാജ്യത്തും അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കള്‍. എന്നാല്‍, ജപ്പാനില്‍ എത്തുമ്പോള്‍ എലിവേറ്റ് എന്ന പേരിന് പകരം ഡബ്ല്യു.ആര്‍.വി. എന്ന പേരായിരിക്കും ഈ വാഹനത്തിന് നല്‍കുക.
സെപ്റ്റംബറില്‍ ഈ വാഹനത്തിന്റെ ആഗോള അവതരണം ഡല്‍ഹിയില്‍ വെച്ച് നടന്നപ്പോള്‍ തന്നെ നിര്‍മാതാക്കള്‍ പറഞ്ഞത് ഇതൊരു ഗ്ലോബല്‍ എസ്.യു.വിയാണെന്നും, ഇന്ത്യയില്‍ നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നുമാണ്. എല്ലാ വിപണികള്‍ക്കുമായും ഒരുങ്ങുന്നതിനാല്‍ തന്നെ കാഴ്ച്ചയില്‍ ഇന്ത്യന്‍ നിരത്തുകള്‍ ഇതുവരെ കാണാത്ത ഡിസൈനിലാണ് എലിവേറ്റ് ഒരുങ്ങിയിരുന്നത്. അര്‍ബണ്‍ ഫ്രീ സ്‌റ്റൈലര്‍ എന്ന ആശയത്തിനെ അടിസ്ഥാനത്തിലാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്.
ഹോണ്ടയുടെ മറ്റ് വാഹനങ്ങളില്‍ കണ്ടിട്ടുള്ള ഡിസൈനുകളെക്കാള്‍ അല്‍പ്പം മസ്‌കുലര്‍ ഭാവത്തോടെയാണ് എലിവേറ്റ് എത്തിയിരിക്കുന്നത്. ഈ വാഹനത്തിലെ താരതമ്യേന ഉയര്‍ന്ന മുന്‍ഭാഗത്തെ ഹൈ നോസ് എന്നാണ് ഹോണ്ട വിശേഷിപ്പിക്കുന്നത്. ഗ്ലോബല്‍ എച്ച്.ആര്‍.വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ ഗ്രില്ല് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പൂര്‍ണമായും എല്‍.ഇ.ഡിയിലാണ് ഹെഡ്‌ലാമ്പും ഫോഗ്ലാമ്പും ഒരുങ്ങിയിരിക്കുന്നത്. സ്റ്റൈലിഷായി ഒരു ഡി.ആര്‍.എല്ലും നല്‍കിയാണ് മുന്‍വശം ആകര്‍ഷകമാക്കുന്നതത്.
ഇന്റീരിയര്‍ പുതുതലമുറ ഹോണ്ട സിറ്റിയെ ഓര്‍മപ്പെടുത്ത തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് വലിപ്പമുള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മികച്ച കുഷ്യനിങ്ങ് നല്‍കുന്ന സീറ്റുകള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്ങ് തുടങ്ങിയ സംവിധാനങ്ങളാണ് അകത്തളത്തിലുള്ളത്. പിന്നിലും രണ്ട് പേര്‍ക്കാണ് കംഫര്‍ട്ടബിള്‍ യാത്ര. സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ഫീച്ചറും ഇതില്‍ നല്‍കിയിട്ടുണ്ട്.
മെക്കാനിക്കല്‍ ഫീച്ചറുകളും ഹോണ്ട സിറ്റിയുടെ റെഗുലര്‍ പതിപ്പുമായി പങ്കിട്ടാണ് എലിവേറ്റ് എസ്.യു,വി. എത്തുന്നത്. അതേസമയം, ഐ-ഡിടെക്കിനെ പുറത്തുനിര്‍ത്തി ഐ-വിടെക് പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് എലിവേറ്റിന് കരുത്തേകുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ 121 ബി.എച്ച്.പി. പവറും 145 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. മറ്റ് അടിസ്ഥാന സുരക്ഷ ഫീച്ചറുകളും ഇതില്‍ ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ വാഹന വിപണിയില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്കാണ് എലിവേറ്റ് എത്തിയിരിക്കുന്നത്. എല്ലാ നിലയിലും എതിരാളികളെക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ഈ മോഡലിന് 4312 എം.എം. നീളം, 1790 എം.എം. വീതി, 1650 എം.എം. ഉയരവും 2650 എം.എം. വീല്‍ബേസ് 220 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് വലിപ്പം. ഡിസംബറിലായിരിക്കും എലിവേറ്റ്, ഡബ്ല്യു.ആര്‍.വി. എന്ന പേരില്‍ സ്വന്തം മണ്ണില്‍ ഇറങ്ങുകയെന്നാണ് വിലയിരുത്തൽ.
Content Highlights: Honda Elevate will launch As WR-V SUV In Japan, Honda Elevate, Honda WR-V