100 ദിവസത്തില്‍ വിറ്റത് 20,000 യൂണിറ്റ്; ഹോണ്ടയുടെ വില്‍പ്പനയെ 'എലിവേറ്റ്' ചെയ്ത എസ്.യു.വി.

സിറ്റി. അമേസ് എന്നീ രണ്ട് വാഹനങ്ങള്‍ മാത്രമായി വിപണിയില്‍ പരിമിതമായ പ്രകടനം കാഴ്ചവെച്ചിരുന്ന ഹോണ്ടയുടെ വില്‍പ്പനയെ എലിവേറ്റ് ചെയ്യാനെത്തിയ വാഹനമാണ് എലിവേറ്റ് എസ്.യു.വി. ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ആദ്യ എസ്.യു.വിയായ എലിവേറ്റിനെ ഉപയോക്താക്കള്‍ ഏറ്റെടുത്തതോടെ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ 20,000 യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ സാധിച്ചതായാണ് ഹോണ്ട കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് എലിവേറ്റ് എസ്.യു.വി. വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍, മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഹോണ്ട കാര്‍ ഇന്ത്യയുടെ മൊത്തവില്‍പ്പനയുടെ 50 ശതമാനം എലിവേറ്റിന്റേതായി മാറിയെന്നാണ് വിലയിരുത്തലുകള്‍. എലിവേറ്റിന്റെ വരവോടെ ഹോണ്ടയുടെ മൊത്തവില്‍പ്പനയില്‍ 11 ശതമാനത്തിന്റെ കുതിപ്പുണ്ടായതായാണ് സെയില്‍സ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വിറ്റഴിച്ച എണ്ണത്തില്‍ നിന്ന് പ്രതിമാസം ശരാശരി 7000 യൂണിറ്റിന്റെ വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ നവംബര്‍ മാസം 11,891 വാഹനങ്ങളാണ് ഹോണ്ടയില്‍ നിന്നും നിരത്തുകളില്‍ എത്തിയത്. ഇതില്‍ 8730 യൂണിറ്റും ആഭ്യന്തര വിപണിയിലെ വില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം ഈ കലയളവില്‍ 7051 വാഹനങ്ങളാണ് വിറ്റഴിച്ചത്. അതേസമയം, ഒക്ടോബര്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ നവംബറില്‍ 670 യൂണിറ്റ് കുറവാണ് വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 3161 യൂണിറ്റായിരുന്നു കയറ്റുമതി. എന്നാല്‍, 2022 നവംബറില്‍ ഇത് വെറും 726 യൂണിറ്റായിരുന്നെന്നാണ് വിവരം.
ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലെ പ്രതിനിധിയാണ് ഹോണ്ട എലിവേറ്റ്. എസ്.വി, വി, വി.എക്‌സ്, ഇസഡ്.എക്‌സ് എന്നീ നാല് വേരിയന്റുകളില്‍ എത്തുന്ന എലിവേറ്റ് എസ്.യു.വിക്ക് 10.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. അര്‍ബണ്‍ ഫ്രീ സ്റ്റൈലര്‍ എന്ന ആശത്തിനെ അടിസ്ഥാനത്തിലാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കളായ ഹോണ്ട അവകാശപ്പെടുന്നത്. 4312 എം.എം. നീളം, 1790 എം.എം. വീതി, 1650 എം.എം. ഉയരവും 2650 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍. \
മെക്കാനിക്കല്‍ ഫീച്ചറുകളും ഹോണ്ട സിറ്റിയുടെ റെഗുലര്‍ പതിപ്പുമായി പങ്കിട്ടാണ് എലിവേറ്റ് എസ്.യു,വി. എത്തുന്നത്. അതേസമയം, ഐ-ഡിടെക്കിനെ പുറത്തുനിര്‍ത്തി ഐ-വിടെക് പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് എലിവേറ്റിന് കരുത്തേകുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ 121 ബി.എച്ച്.പി. പവറും 145 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകള്‍ ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. മറ്റ് അടിസ്ഥാന സുരക്ഷ ഫീച്ചറുകളും ഇതില്‍ ഉറപ്പാക്കിയിട്ടുണ്ട്.
Content Highlights: Honda Elevate SUV achieve 20,000 unit sale in just 100 days, Honda Elevate, elevate mid size suv