ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ആദ്യ ടെസ്‌ല സൈബർട്രക്ക്; ഉടമ പ്രമുഖ വ്യവസായി, ചിത്രങ്ങൾ വൈറൽ

photo:viralbhayani/instagram
photo:viralbhayani/instagram

രാജ്യത്തെ ആദ്യ ടെസ്‌ല സൈബർട്രക്ക് സ്വന്തമാക്കിയിരിക്കുകയാണ് സൂറത്തിലെ പ്രമുഖ വ്യവസായി ലവ്ജി ഡാലിയ. ദുബായിൽനിന്ന് ഇറക്കുമതിചെയ്താണ് വാഹനം അദ്ദേഹം തന്റെ ​ഗ്യാരേജിലെത്തിച്ചത്. വാഹനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

ദുബായ് രജിസ്ട്രേഷനിലുള്ള സൈബർട്രക്ക്, മുംബൈക്ക് സമീപം ഒരു ഫ്ലാറ്റ്ബെഡ് ട്രെയിലറിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ദിവസങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതാർക്കുവേണ്ടി ഇറക്കുമതി ചെയ്തതാണെന്ന വിവരങ്ങൾ അന്ന് പുറത്തുവന്നിരുന്നില്ല. പിന്നീട് ദേശീയമാധ്യമങ്ങളാണ് സൈബർട്രക്കിന്റെ ഉടമ  ലവ്ജി ഡാലിയ ആണെന്ന് കണ്ടെത്തിയത്. 

ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെട്ട ആദ്യത്തെ സൈബർട്രക്കാണിതെന്ന് ഡാലിയയുടെ മകൻ പിയൂഷ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള ദൈർഘ്യമേറിയ പ്രക്രിയയെക്കുറിച്ചും പിയൂഷ് സംസാരിച്ചു.

'ആറുമാസം മുൻപ് യുഎസിലെ ടെക്സാസിലുള്ള ടെസ്‌ല ഷോറൂമിലാണ് കാർ ബുക്ക് ചെയ്തത്. എല്ലാ നടപടിക്രമങ്ങൾക്കുംശേഷം കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡെലിവറി സ്വീകരിച്ചു. പിന്നീട് കാർ ദുബായിലേക്ക് കൊണ്ടുവന്നു. അവിടെ രജിസ്ട്രേഷൻ നടത്തി. തുടർന്ന് കടൽ മാർഗ്ഗം കാർ ഇന്ത്യയിലെത്തിക്കുകയായിരുന്നു', പീയുഷ് വ്യക്തമാക്കി.

അതേസമയം, സൈബർട്രക്ക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ചെലവായ തുകയെ കുറിച്ച് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. വാഹനം കൊണ്ടുവരാൻ ഭീമമായ തുകയായെന്ന് മാത്രമാണ് പിയൂഷ് സൂചിപ്പിച്ചത്. ഇറക്കുമതി ചാർജ്ജടക്കം ഏകദേശം ഒരു കോടി രൂപ വാഹനം സ്വന്തമാക്കാൻ വ്യവസായിക്ക് ചെലവായെന്നാണ് റിപ്പോർട്ട്. 

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ സൈബർട്രക്കിന് ഇന്ത്യയിൽ വലിയ ഫാൻസ് ഉണ്ടെങ്കിലും, കമ്പനി ഔദ്യോഗികമായി ഈ വാഹനം രാജ്യത്ത് അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ്. ഏകദേശം 60 ലക്ഷം രൂപയാണ്  സൈബർ ട്രക്കിന്റെ പ്രാരംഭ വില. 

Content Highlights: First Indian To Import Tesla Cybertruck