ഐ10 നമ്മള്‍ ഉദേശിച്ച കാറല്ല, എത്തുന്നത് 140 രാജ്യങ്ങളില്‍; 30ലക്ഷം യൂണിറ്റ് വില്‍പ്പനനേടി ഹ്യുണ്ടായി

Photo: Hyundai India
Photo: Hyundai India

ഇന്ത്യന്‍ നിരത്തുകളിലെ ഹാച്ച്ബാക്ക് മോഡലുകളില്‍ ആദ്യ സ്ഥാനങ്ങളിലുള്ള വാഹനമാണ് ഹ്യുണ്ടായിയുടെ ഐ10. 2007-ല്‍ ഐ10 എന്ന പേരില്‍ നിരത്തുകളില്‍ എത്തിയ വാഹനം പിന്നീട് ഗ്രാന്റ് ഐ10 എന്നും അതിനുശേഷം ഗ്രാന്റ് ഐ10 നിയോസ് എന്ന പേരിലും നിരത്തുകളില്‍ എത്തിയിരുന്നു. മൂന്ന് തലമുറകളിലായി ഈ വാഹനം കാഴ്ചവെച്ച ഗംഭീര പ്രകടനത്തിന്റെ മികവില്‍ ആകെ വില്‍പ്പന 30 ലക്ഷം കടന്നിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ ഐ10 സീരീസിലെ 3.3 മില്ല്യണ്‍ യൂണിറ്റ് വാഹനങ്ങള്‍ ഇതിനോടകം നിരത്തുകളില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമാണെങ്കിലും ഐ10 എന്ന ജനപ്രിയ വാഹനത്തിന്റെ വില്‍പ്പനയ്ക്ക് രാജ്യാതിര്‍ത്തികളില്ലെന്നതാണ് വസ്തുത. ലോകത്താകമാനമുള്ള 140 രാജ്യങ്ങളിലാണ് ഐ10 എന്ന വാഹനം ഹ്യുണ്ടായി എത്തിക്കുന്നത്. സൗത്ത് ആഫ്രിക്ക. മെക്‌സികോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. ഇന്ത്യയില്‍ മാത്രം ഹ്യുണ്ടായി ഐ10-ന്റെ 20 ലക്ഷം യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 13 ലക്ഷം വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കയറ്റി അയച്ചിട്ടുള്ളത്. 

2007-ലാണ് ഐ10 എന്ന വാഹനം ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്നത്. ആറ് വര്‍ഷമാണ് ഈ വാഹനം നിരത്തുകളില്‍ വിലസിയത്. പിന്നീട് 2013-ലാണ് ഗ്രാന്റ് ഐ10 എന്ന പേരില്‍ ഈ ഹാച്ച്ബാക്ക് രണ്ടാം തലമുറയിലേക്ക് പ്രവേശിക്കുന്നത്. ആറ് വര്‍ഷം തന്നെയായിരുന്നു ഗ്രാന്റ് ഐ10 മോഡലിന്റെയും കാലഘട്ടം. ഇപ്പോള്‍ വിപണിയിലുള്ള ഗ്രാന്റ് ഐ10 നിയോസ് 2019-ലാണ് വിപണിയില്‍ എത്തുന്നത്. ഐ10-ന്റെ മൂന്നാം തലമുറ മോഡലായ ഈ വാഹനം 2023-ല്‍ മുഖം മിനുക്കലിനും വിധേയമായിരുന്നു. ഈ മൂന്ന് മോഡലുകളും ചേര്‍ന്നാണ് മൂന്ന് മില്ല്യണ്‍ നേട്ടം സമ്മാനിച്ചിരിക്കുന്നത്. 

ഹ്യുണ്ടായി ഐ10 വാഹനത്തിന്റെ വില്‍പ്പന പരിശോധിച്ചാല്‍ ഒരുവര്‍ഷം ഇന്ത്യയില്‍ മാത്രം ശരാശരി ഒരുലക്ഷം യൂണിറ്റാണ് വിറ്റഴിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കണക്ക് അനുസരിച്ച് ഈ വാഹനം സ്വന്തമാക്കിയവരില്‍ 45 ശതമാനം പേരും ആദ്യമായി കാര്‍ വാങ്ങുന്നവരായിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഹ്യുണ്ടായി ഗ്രാന്റ് ഐ10 നിയോസ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ചിരിക്കുന്നത്. വിവാഹിതരായിട്ടുള്ള ഉപയോക്താക്കാളാണ് ഗ്രാന്റ് ഐ10 സ്വന്തമാക്കിയവരവില്‍ 83 ശതമാനവുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. 

2007 മുതല്‍ ഇതുവരെ എത്തിയിട്ടുള്ള ഐ10-ന്റെ മൂന്ന് തലമുറ മോഡലുകളിലും ഹ്യുണ്ടായിയുടെ കാപ്പ എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോള്‍, പെട്രോള്‍ വിത്ത് സിഎന്‍ജി ഫ്യുവല്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുള്ള ഈ വാഹനം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷുകളിലും എത്തുന്നുണ്ട്. 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമാണ് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. 68 ബിഎച്ച്പി കരുത്തും 95 എന്‍എം ടോര്‍ക്കുമേകുമാണ് സിഎന്‍ജി മോഡല്‍ ഉത്പാദിപ്പിക്കുന്നത്.

Content Highlights: Discover the Hyundai i10 incredible journey 3 million units sold globally