മൈലേജില്‍ മുന്നില്‍ വിലയും കുറവാണ്; C3യുടെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി സിട്രോണ്‍

ഉയര്‍ന്ന മൈലേജ്, കുറഞ്ഞ ഇന്ധനവില എന്നിവ കൊണ്ട് ഇപ്പോള്‍ വളരെ ഏറെ ജനപ്രീതിയാണ് സിഎന്‍ജി വാഹനങ്ങള്‍ക്ക് ലഭിക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ് പോലുള്ള കമ്പനികള്‍ക്ക് വിശാലമായ സിഎന്‍ജി വാഹനനിരയുമുണ്ട്. ഇവര്‍ക്കിടയിലേക്ക് ആദ്യ സിഎന്‍ജി മോഡല്‍ എത്തിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍. സി3 എന്ന ഹാച്ച്ബാക്ക് മോഡലിലാണ് സിഎന്‍ജി നല്‍കി എത്തിക്കുന്നത്.
ആക്‌സസറിയായി സിഎന്‍ജി കിറ്റ് നല്‍കിയാണ് സി3 എത്തുന്നത്. സിഎന്‍ജി വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നയാളുകള്‍ക്ക് ഡീലര്‍ഷിപ്പില്‍ നിന്ന് സിഎന്‍ജി കിറ്റ് ഫിറ്റ് ചെയ്തുനല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 93,000 രൂപയാണ് ഇതിനായി ചിലവുവരുന്നത്. അതായത് സിട്രോണ്‍ സി3-യുടെ എല്ലാ വേരിയന്റുകളെയും സിഎന്‍ജി മോഡലാക്കി മാറ്റാന്‍ സാധിക്കും. ഇതില്‍ അടിസ്ഥാന വേരിയന്റിന് 7.16 ലക്ഷം രൂപയിലാണ് വില ആരംഭിക്കുക.
ലൊവാറ്റോയുമായി സഹകരിച്ചാണ് സിട്രോണ്‍ വാഹനങ്ങളില്‍ സിഎന്‍ജി കിറ്റ് നല്‍കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സിംഗിള്‍ സിലണ്ടര്‍ സംവിധാനത്തിലാണ് ഈ സിഎന്‍ജി കിറ്റ് ഒരുങ്ങിയിരിക്കുന്നത്. ഫുള്‍ ടാങ്ക് സിഎന്‍ജിയില്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ വാദം. എആര്‍എഐ സര്‍ട്ടിഫിക്കേഷന്‍ അനുസരിച്ച് 28.1 കിലോമീറ്റര്‍ മൈലേജാണ് ഒരു കിലോഗ്രാം സിഎന്‍ജിയില്‍ ഉറപ്പുനല്‍കുന്നത്.
സിട്രോണ്‍ സി3-യുടെ 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മോഡലിലാണ് സിഎന്‍ജി കിറ്റ് നല്‍കുന്നത്. പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുമ്പോള്‍ 82 എച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിഎന്‍ജി മോഡല്‍ ഉത്പാദിപ്പിക്കുന്ന കരുത്ത് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മെച്ചപ്പെട്ട യാത്ര ഉറപ്പാക്കാന്‍ ബാക്ക് സസ്‌പെന്‍ഷനില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും സിട്രോണ്‍ അറിയിച്ചു.
ലൈവ്, ഫീല്‍, ഫീല്‍ ഓപ്ഷണല്‍, ഷൈന്‍ എന്നീ നാല് വേരിയന്റുകളെയാണ് സിഎന്‍ജിയിലേക്ക് മാറ്റാനാകുന്നത്. 7.16 ലക്ഷം രൂപ മുതല്‍ 9.24 ലക്ഷം രൂപ വരെയാണ് സി3 സിഎന്‍ജിയുടെ എക്‌സ്‌ഷോറൂം വില. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ വാറണ്ടിയും സി3 സിഎന്‍ജിക്ക് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നുണ്ട്. വാഗണ്‍ ആര്‍, പഞ്ച്, എക്സ്റ്റര്‍ എന്നീ മോഡലുകളുടെ സിഎന്‍ജി പതിപ്പുമായായിരിക്കും സി3 മത്സരിക്കുക.
Content Highlights: Citroen launches its first CNG model, the C3. Get 28.1 km/kg mileage & a 3-year/100,000km warranty.