ചുവടുമാറ്റി പിടിക്കാനൊരുങ്ങി ബിവൈഡി; ഇലക്ട്രിക് മാത്രമല്ല, ഹൈബ്രിഡ് വാഹനങ്ങളും ഇന്ത്യയിലെത്തും

ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ ടെസ്‌ലയെ പോലും വിറപ്പിച്ച പാരമ്പര്യമാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് അഥവാ ബിവൈഡിക്കുള്ളത്. പരാജയത്തിന്റെ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്ത മോഡലുകളാണ് ബിവൈഡിയിൽ നിന്ന് എത്തിയിട്ടുള്ളത് അത്രയും. എന്നാൽ, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് ഒന്ന് കളംമാറ്റി ചവിട്ടാനുള്ള നീക്കത്തിലാണ് ഇലക്ട്രിക് വാഹനങ്ങളിലൂടെ വളർന്നുവന്ന ബിവൈഡി ഇപ്പോൾ.
ഇന്ത്യൻ നിരത്തുകളിലേക്ക് ഒരു പ്ലഗ് ഇൻ ഹൈബ്രിഡ് മോഡൽ എത്തിക്കാനുള്ള നീക്കങ്ങളിലാണ് ബിവൈഡി എന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതലത്തിൽ ബിവൈഡി ഹൈബ്രിഡ് വാഹനങ്ങൾ എത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇലക്ട്രിക് പതിപ്പുകൾ മാത്രമാണുള്ളത്. ഏത് വാഹനമായിരിക്കും ഹൈബ്രിഡ് ആയി എത്തുകയെന്നതിൽ സ്ഥിരീകരണമായിട്ടില്ല. ആറ്റോ-2, സീലിയോൺ-6 എന്നിവയെ ഇതിനായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
ബിവൈഡിയുടെ ഡിഎം-ഐ(ഡ്യുവൽ മോട്ടോർ ഇന്റലിജെന്റ്) സൂപ്പർ പ്ലഗ് ഇൻ ഹൈബ്രിഡ് ഇവി പവർട്രെയിനിലാണ് ഈ വാഹനം ഒരുങ്ങുക. സാധാരണ ഹൈബ്രിഡ് വാഹനങ്ങളെ പോലെ ഒരു ഓൾ ഇലക്ട്രിക് സംവിധാനവും പരമ്പരാഗത എൻജിനും ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണിത്. ഇലക്ട്രിക് വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനൊപ്പം റേഞ്ച് സംബന്ധിച്ചുള്ള ആശങ്ക ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കുന്നു.
ഏത് വാഹനമായിരിക്കും ഹൈബ്രിഡ് സംവിധാനവുമായി ഇന്ത്യയിൽ എത്തുകയെന്ന് കമ്പനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ആറ്റോ-2 എന്ന വാഹനം ഇന്ത്യയിലേക്ക് എത്തുന്നുവെന്ന അഭ്യൂഹങ്ങൾ വ്യാപകമായുള്ള സാഹചര്യത്തിൽ ഈ വാഹനം ഹൈബ്രിഡ് കരുത്തിൽ എത്താനുള്ള സാധ്യതയും തള്ളികളയാൻ സാധിക്കില്ല. ആറ്റോ-2 മോഡലിന്റെ പരീക്ഷണയോട്ട ദൃശ്യങ്ങൾ 2025 മുതൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ ആറ്റോ-2 പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലായി എത്തുന്നുണ്ടെന്നത് ഈ വാഹനമാകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനൊപ്പം 7.8 കിലോവാട്ട്, 18 കിലോവാട്ട് എന്നീ ബാറ്ററിപാക്കും നൽകിയാണ് ഈ മോഡൽ വിദേശ നിരത്തുകളിൽ വിലസുന്നത്. 7.8 കിലോവാട്ട് മോഡൽ 928 കിലോമീറ്റർ റേഞ്ചും 18 കിലോവാട്ട് പതിപ്പ് 998 കിലോമീറ്ററും റേഞ്ച് നൽകുമെന്നാണ് ബിവൈഡി അവകാശപ്പെടുന്നത്.
രണ്ടാമത് സാധ്യത കൽപ്പിക്കുന്ന വാഹനം സീലിയോൺ-6 ആണ്. സീലിയോൺ 7 ഇലക്ട്രിക് മോഡലുമായി ഡിസൈൻ പങ്കിടുന്ന വാഹനമാണിത്. ആഗോള വിപണിയിൽ 1.5 ലിറ്റർ ടർബോ, എൻ.എ. പെട്രോൾ എൻജിനുകൾക്കൊപ്പം 18.3, 26.6 കിലോവാട്ട് ബാറ്ററി പാക്കുകളുമായി ഈ വാഹനം എത്തിയിട്ടുണ്ട്. ഇതിലെ ഇലക്ട്രിക് ഒൺലി റേഞ്ച് 140 കിലോമീറ്റർ വരെ ലഭിക്കും. ടർബോ മോഡലിൽ ഇത് 128 കിലോമീറ്ററാണ്. ഇതിന്റെ ഡ്രൈവിങ് റേഞ്ച് 1092 കിലോമീറ്റർ വരെയാണ്.
Content Highlights: BYD is expanding its Indian portfolio beyond pure EVs to include plug-in hybrids., The company plans to utilize its DM-i (Dual Motor Intelligent) super plug-in hybrid powertrain., Potential models under consideration include the BYD Atto 2 and Sealion 6., Hybrid technology aims to address range anxiety while maintaining electric efficiency., Global specifications for these models feature significant driving ranges exceeding 900km.