ഇന്ത്യന്‍ നിരത്തിലേക്ക് സീലിന്റെ മാസ് എന്‍ട്രി; 200 യൂണിറ്റുകള്‍ ഒരുമിച്ച് കൈമാറി ബി.വൈ.ഡി.

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ച മോഡലാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. അടുത്തിടെ പുറത്തിറക്കിയ സീല്‍ ഇലക്ട്രിക് സെഡാന്‍. ഈ വാഹനത്തിന്റെ ആദ്യ വിതരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 200 യൂണിറ്റുകള്‍ ഒരുമിച്ച് കൈമാറിയാണ് ഈ വാഹനത്തിന്റെ വിതരണം ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ബെംഗളൂരൂ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായാണ് 200 സീല്‍ നല്‍കിയത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബി.വൈ.ഡി. സീല്‍ അവതരിപ്പിച്ചത്. അവതരിപ്പിച്ച് രണ്ടര മാസത്തിനുള്ളില്‍ 1000 ബുക്കിങ്ങാണ് ഈ വാഹനത്തിന് ലഭിച്ചത്. വാഹനം അവതരിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഫെബ്രുവരി 28-നാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചത്. 200 പേരാണ് അവതരണത്തിന് മുമ്പുതന്നെ ഈ വാഹനം ബുക്ക് ചെയ്തത്. അവതരിപ്പിച്ച 15 ദിവസം പിന്നിട്ടതോടെ ഇത് 500-ലേക്ക് എത്തുകയായിരുന്നു.
പെര്‍ഫോമെന്‍സ് ഇലക്ട്രിക് വാഹനങ്ങളുടെ നിരയില്‍ പോലും ചേര്‍ക്കാന്‍ സാധിക്കുന്ന വാഹനമെന്നാണ് സീലിനെ വിശേഷിപ്പിക്കുന്നത്. ഡൈനാമിക്, പ്രീമിയം, പെര്‍ഫോമെന്‍സ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 41 ലക്ഷം, 45.55 ലക്ഷം, 53 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വിലകള്‍. 1.25 ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് സീലിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്.
ഡൈനാമിക്ക് മോഡലില്‍ 61.4 കിലോവാട്ട് ബാറ്ററിയാണുള്ളത്. 204 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമുള്ള ഈ വാഹനം 510 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്നു. പ്രീമിയം വേരിയന്റില്‍ 82.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. 650 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഈ മോഡല്‍ 312 ബി.എച്ച്.പി. പവറും 360 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും ഇതേ ബാറ്ററിയാണ് പെര്‍ഫോമെന്‍സ് മോഡലിലും. ഇതിലെ മോട്ടോര്‍ 560 പി.എസ്. പവറും 670 എന്‍.എം. ടോര്‍ക്കുമേകും. റേഞ്ച് 580 കിലോമീറ്ററാണ്.
11 കിലോവാട്ട് എ.സി. ചാര്‍ജര്‍ ഉപയോഗിച്ച് 8.6 മണിക്കൂറിലാണ് സീലിന്റെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ആകുന്നത്. അതേസമയം, 150 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 37 മിനിറ്റില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. ഇതിനെക്കാള്‍ ഉപരിയായി വെറും 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ യാ്ത്ര ചെയ്യാനാകും. ബാറ്ററിക്ക് എട്ട് വര്‍ഷവും 1.60 ലക്ഷം കിലോമീറ്ററും മോട്ടോറിന് എട്ട് വര്‍ഷവും 1.50 ലക്ഷം കിലോമീറ്ററുമാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.
Content Highlights: BYD conducts mass delivery of newly launched Seal Electric sedan