സുരേഷ് ഗോപിയുടെ കുടുംബത്തിലെത്തിയത് രണ്ട് ഗോള്‍ഫ് GTI; ഹോട്ട്ഹാച്ച് സ്വന്തമാക്കി മകനും മരുമകനും

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ സ്വന്തമാക്കാനുള്ള മത്സരമാണ് ഇപ്പോള്‍ ഇന്ത്യയിലെ വാഹനപ്രേമികള്‍ക്കിടയില്‍ നടക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ തന്നെ ആദ്യ ബാച്ചായി ആകെ 150 യൂണിറ്റ് മാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്. കേരളത്തില്‍ ഗോള്‍ഫ് ജിടിഐ ആദ്യ ഉടമയായത് നടന്‍ ജയസൂര്യയാണെങ്കില്‍ നടനും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപിയുടെ കുടുംബത്തില്‍ എത്തിയത് രണ്ട് ഗോള്‍ഫ് ജിടിഐ ആണ്.
സുരേഷ് ഗോപിയുടെ മകനും നടനുമായ മാധാവ് സുരേഷാണ് ഒരു ഗോള്‍ഫ് സ്വന്തമാക്കിയതെങ്കില്‍ ആ കുടുംബത്തിലെ രണ്ടാമത്തെ ഗോള്‍ഫിന്റെ ഉടമ അദ്ദേഹത്തിന്റെ മരുമകനായ ശ്രേയസാണ്. ലോകത്തുടനീളം ഫോക്‌സ്‌വാഗണിന്റെ ഏറ്റവുമധികം ജനപ്രീതി സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ഗോള്‍ഫ് ജിടിഐ. ഈ വാഹനത്തിന്റെ എട്ടാം തലമുറ മോഡലാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. 52.99 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോള്‍ഫ് ജിടിഐ. മുമ്പ് പോളോയുടെ ത്രീ ഡോര്‍ ജിടിഐ മോഡല്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ഫോക്സ്വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഗോള്‍ഫിനുണ്ട്.
ഇലക്ട്രിക്കലി കണ്‍ട്രോള്‍ ചെയ്യാവുന്ന ഡിഫറന്‍ഷ്യല്‍ ലോക്ക് നല്‍കിയിട്ടുള്ളത് ഗോള്‍ഫ് ജിടിഐയുടെ സവിശേഷതയാണ്. ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്പെന്‍ഷനും ഇതിലുണ്ട്. മാട്രിക്സ് എല്‍ഇഡി ഹെഡ്ലാമ്പ്, ത്രീ ഡി എല്‍ഇഡി ടെയില്‍ലാമ്പ്, 18 ഇഞ്ച് റിച്ച് മൗണ്ട് ഡയമണ്ട് കട്ട് അലോയ് വീല്‍, ജിടിഐ ബാഡ്ജുകള്‍, മുന്നില്‍ നല്‍കിയിട്ടുള്ള ഫോക്സ്‌വാഗണ്‍ ലോഗോയ്ക്ക് മുകളിലും ബ്രേക്ക് കാലിപ്പറുകളിലും റെഡ് ഇല്ല്യുമിനേറ്റിങ് എലമെന്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന് സ്പോര്‍ട്ടി ഭാവമേകുന്നത്.
ഫോക്സ്വാഗണ്‍ ഇന്ത്യയുടെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയ ടിഗ്വാന്‍ ആര്‍-ലൈനിന്റെ അകത്തളവുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ഇന്റീരിയറാണ് ഗോള്‍ഫിലേതും. 15 ഇഞ്ച് വലിപ്പത്തിലുള്ള ഫ്രീ സ്റ്റാന്റിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ, 10.3 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ജിടിഐ സ്പെക് സ്റ്റിയറിങ് വീല്‍, സ്പോര്‍ട്സ് സീറ്റുകള്‍, ആഗോള മോഡലുകളില്‍ നല്‍കിയിട്ടുള്ള ടാര്‍ടന്‍ സീറ്റ് അപ്ഹോള്‍സ്റ്ററി തുടങ്ങിയവയാണ് അകത്തളത്തില്‍ നല്‍കുന്നത്.
Content Highlights: Actor Suresh Gopi son and son-in-law own Volkswagen Golf GTI