ആഡംബരത്തിന്റെ മാത്രമല്ല, ഇനി കരുത്തിന്റെയും അവസാന വാക്ക്; വി8 മാജിക്കുമായി മെഴ്‌സിഡീസ് മെയ്ബ GLS 680

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡീസിന്റെ അത്യാഡംബര എസ്‌യുവി മോഡലായ മെയ്ബ ജിഎൽഎസ് 680-യുടെ 2026 പതിപ്പ് പ്രദർശിപ്പിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് മുഖംമിനുക്കി എത്തിയ ജിഎൽഎസിൽ നിന്നുള്ള ഡിസൈനുകൾ സ്വീകരിച്ചതിനൊപ്പം മെയ്ബ ഘടകങ്ങൾ കൂടി നൽകിയാണ് 2026 മെയ്ബ ജിഎൽഎസ് മുഖംമുനുക്കൽ നടത്തിയിരിക്കുന്നത്. ഡിസൈനിനൊപ്പം വി8 മാജിക്കിലേക്കുള്ള മാറ്റവും ഇത്തവണ മെയ്ബ ജിഎൽഎസ് 680-യിൽ വരുത്തിയിട്ടുണ്ട്.
മുൻഗാമിയായിരുന്ന മെയ്ബ ജിഎൽഎസ് 600-ൽ നിന്ന് ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് മുഖംമിനുക്കിയ മോഡൽ വരുന്നത്. മെയ്ബ ഗ്രില്ല് മുൻ മോഡലിലേത് പോലെ ഇതിലും തുടരുന്നു. എന്നാൽ, ഇതിന് മുകളിലായി തിളങ്ങുന്ന മെയ്ബ ബാഡ്ജിങ് പുതുമയാണ്. രണ്ട് ത്രീ പോയന്റ് സ്റ്റാർ ഡിആർഎൽ ഉൾപ്പെടെത്തി റീ ഡിസൈൻ ചെയ്ത ഹെഡ്‌ലൈറ്റാണ് 2026 പതിപ്പിൽ നൽകിയിട്ടുള്ളത്. ബോണറ്റിൽ തിളങ്ങുന്ന എംബ്ലം നൽകുന്നത് ഓപ്ഷണലാണ്. മുന്നിലെ ബമ്പറിന്റെ ഡിസൈനിലും അഴിച്ചുപണി വരുത്തിയിട്ടുണ്ട്.
22 ഇഞ്ച് അലോയി വീലുകൾ സ്റ്റാന്റേഡ് ഫീച്ചറായി പുതിയ പതിപ്പിൽ നൽകുന്നുണ്ട്. 23 ഇഞ്ച് മോണോബ്ലോക്ക്‌സ് ഓപ്ഷണലാണ്. ലൈറ്റുകളുള്ള പവേർഡ് സൈഡ് സ്റ്റെപ്പ് സ്റ്റാന്റേഡ് ഫീച്ചറാണ്. ചതുരത്തിലുള്ള റൗപ്പ് എറൗണ്ട് എൽഇഡി ടെയ്ൽലാമ്പാണ് പിൻഭാഗത്തെ പ്രധാന പുതുമ. ത്രീ പോയന്റ് സ്റ്റാറുകൾ ഇതിലും കാണാം. ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ഗ്ലോസ് ബ്ലാക്ക് സ്ട്രിപ്പിലാണ് ബെൻസ് ലോഗോ പതിപ്പിച്ചിരിക്കുന്നത്. ബമ്പർ മുൻ മോഡലിൽ നൽകിയിരുന്നതിന് സമാനമാണ്.
12.3 ഇഞ്ച് വലിപ്പത്തിലുള്ള മൂന്ന് ഹൈപ്പർ സ്‌ക്രീൻ സംവിധാനമാണ് പുതിയ മെയ്ബയിലും നൽകിയിട്ടുള്ളത്. ഇതിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതിയ MB.OS സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഓവർ ദ എയർ അപ്‌ഡേറ്റുകൾ, ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി, മൈക്രോസോഫ്റ്റ് കോപൈലറ്റ് എന്നീ എഐ അസിസ്റ്റുകളും ഇതിലുണ്ട്. ഹൈപ്പർ സ്‌ക്രീൻ സംവിധാനമാണ് ഡാഷ്‌ബോർഡിൽ വരുത്തിയിട്ടുള്ള പ്രധാന മാറ്റം.
വീതിയുള്ള രണ്ട് എസി വെന്റുകൾ, നാല് സോൺ ക്ലൈമറ്റ് സംവിധാനമാണ് ഇതിലുള്ളത്. ഇത് കൺട്രോൾ ചെയ്യുന്നതിനായി റോട്ടറി നോബുകളും ടോഗ്ഗിളുകളും ഒരുക്കിയിട്ടുണ്ട്. മസാജ് സംവിധാനമുള്ള മുൻ സീറ്റുകൾ, ഫൂട്ട് റെസ്റ്റിൽ ഉൾപ്പെടെ മസാജിങ് നൽകിയിട്ടുള്ള പിൻനിര സീറ്റുകൾ, ലെതർ അപ്‌ഹോൾസ്റ്ററി, 15 സ്പീക്കറുകളും 710 വാട്ട് ആംപ്ലിഫയറും നൽകിയിട്ടുള്ള ബർമെസ്റ്റർ ത്രീ ഡി സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയും അകത്തളത്തിലുണ്ട്.
മെക്കാനിക്കലായി വരുത്തിയിട്ടുള്ള മാറ്റങ്ങളും ശ്രദ്ധേയമാണ്. എം177 ഇവോ 4.0 ലിറ്റർ ട്വിൻ ടർബോ വി8 എൻജിനാണ് മെയ്ബ ജിഎൽഎസ് 680-യിൽ നൽകിയിട്ടുള്ളത്. ഇത് 603 എച്ച്പി പവറും 850 എൻഎം ടോർക്കുമാണ് നൽകുന്നത്. ഇതിനൊപ്പം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. 23 എച്ച്പി പവർ സപ്പോർട്ട് ഇത് നൽകുന്നുണ്ട്. മുൻ മോഡലിനെ അപേക്ഷിച്ച് 53 എച്ച്പി പവറും 121 എൻഎം ടോർക്കും പുതിയ പതിപ്പിൽ ഉയർത്തിയിട്ടുണ്ട്.
Content Highlights: Equipped with a powerful 4.0L twin-turbo V8 engine producing 603 HP., Features a new 48-volt mild-hybrid system providing an extra 23 HP., Upgraded interior with a 12.3-inch Hyperscreen and AI-powered MB.OS., Enhanced exterior design with 22-inch alloy wheels and redesigned LED tail lamps., Includes advanced Burmester 3D surround sound and multi-zone climate control.