'ടൊയോട്ടയുടെ ചലിക്കുന്ന കൊട്ടാരം'; 2023 വെല്‍ഫയര്‍ എം.പി.വി. പുറത്തിറങ്ങി, വില 1.20 കോടി

ടൊയോട്ടയുടെ വാഹനനിരയിലെ അത്യാഡംബര എം.പി.വിയായ വെല്‍ഫെയറിന്റെ പുതുതലമുറ മോഡല്‍ ഇന്ത്യയിലവതരിപ്പിച്ച് ടൊയോട്ട. 1.20 കോടിയിലാണ് വെല്‍ഫയര്‍ എം.പി.വി 2023 മോഡലിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഹായ്, വി.ഐ.പി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വെല്‍ഫയര്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. നവംബര്‍ മാസം മുതല്‍ വാഹനം ലഭ്യമായിത്തുടങ്ങും.
പഴയ മോഡലിനെക്കാള്‍ 24 ലക്ഷം രൂപ അധികമാണ് പുതിയതലമുറ മോഡലിന് മുടക്കേണ്ടിവരിക. അത്യാഡംബര സൗകര്യങ്ങളോട് കൂടിയാണ് ടൊയോട്ട പുതിയ വെല്‍ഫയര്‍ നിരത്തിലിറക്കിയിരിക്കുന്നത്. പഴയ രൂപം നിലനിര്‍ത്തിയെങ്കിലും ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മുന്നില്‍ ആറ് പടികളായുള്ള ഗ്രില്ലാണ് ഏറ്റവും ശ്രദ്ധേയം. ഈ ഗ്രില്ലിന്‍റെ മുകളറ്റത്തായാണ് ടൊയോട്ട ലോഗോയുള്ളത്. വി ആകൃതിയിലുള്ള ടെയില്‍ ലാമ്പ്, ക്രോമം, വെല്‍ഫയര്‍ ബാഡ്ജിംഗ്, ഒരു വലിയ ടൊയോട്ട ലോഗോ എന്നിവ പിന്‍ഭാഗത്തെയും ആകര്‍ഷകമാക്കുന്നു.
TNGA-K പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്നതിനാല്‍ മുന്‍ മോഡലിനെ അപേക്ഷിച്ച് പുതിയ വെല്‍ഫയറിന് വലിപ്പമേറിയെങ്കിലും ഭാരം കുറഞ്ഞിട്ടുണ്ട്. ഇന്റീരിയറിലും ആഡംബരം ഒട്ടും കുറയ്ക്കാതെയാണ് ടൊയോട്ട പുതിയ വെല്‍ഫെയര്‍ തയ്യാറാക്കിയിരിക്കുന്നത്. വലിയ 14 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുന്നതിനാല്‍ ഇന്റീരിയറില്‍ ഫിസിക്കല്‍ ബട്ടണുകള്‍ തീരെ കുറവാണ്. മസാജിങ് സംവിധാനമുള്ള എക്ട്രാ ലാര്‍ജ് സീറ്റുകള്‍, ഓട്ടോമറ്റി സണ്‍ബ്ലൈന്‍ഡ്, കണ്‍ട്രോള്‍ സണ്‍റൂഫ്, ആപ്പ് വഴിയുള്ള പവര്‍ വിന്‍ഡോ, 15 ജെ.ബി.എല്‍ സ്പീക്കറുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ADAS ടെക്, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ തുടങ്ങി പുതിയ ഫെല്‍ഫയറിന് അകത്തുള്ള ഫീച്ചറുകള്‍ നിരവധിയാണ്.
റിമോട്ട് കണക്ടട് ഡോര്‍ ലോക്ക് / അണ്‍ലോക്ക്, എയര്‍ കണ്ടീഷനിങ്, എമര്‍ജന്‍സി സര്‍വീസസ്, ഡ്രൈവര്‍ മോണിറ്ററിങ് അലെര്‍ട്ട്‌സ് തുടങ്ങി അറുപതിലധികം കണക്ടട് ഫീച്ചറുകളും വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി ടൊയോട്ട സേഫ്റ്റി സെന്‍സ് ADAS സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. പ്രീ- കൊളീഷന്‍ സേഫ്റ്റി സിസ്റ്റം, ലെയ്ന്‍ ട്രെയ്‌സ് അസിസ്റ്റന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് മോണിറ്റര്‍ എന്നിവയെല്ലാം ഉള്‍കൊള്ളുന്നതാണ് ഇത്. കൂടാതെ ആറ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകളും സുരക്ഷ വര്‍ധിപ്പിക്കുന്നു.
പ്ലാറ്റിനം പേള്‍ വൈറ്റ്, ജെറ്റ് ബ്ലാക്ക്, പ്രെഷ്യസ് മെറ്റല്‍ എന്നിങ്ങനെ മൂന്ന് കളറുകളിലാണ് പുതിയതലമുറ വെല്‍ഫെയര്‍ ലഭ്യമാകുക. സണ്‍സെറ്റ് ബ്രൗണ്‍, നാച്ചുറല്‍ ബെയ്ജ് ആന്‍ഡ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് തീമുകളിലുള്ള ക്യാബിന്‍ ഓപ്ഷനുകളും ലഭ്യമാണ്. 2.5ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡി.ഒ.എച്ച്.സി. പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട വെല്‍ഫയര്‍ എം.പി.വിയ്ക്ക് കരുത്തേകുന്നത്. 190 bhp പവറില്‍ പരമാവധി 240 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍. 19.28 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights: 2023 Toyota Vellfire MPV Launched in India, Price Starts at Rs 1.20 Crore