വിജയ് സൂപ്പറും മൂന്ന് കൂട്ടുകാരും; ഒരുമിച്ച് നിര്‍മിച്ച സ്‌കൂട്ടര്‍ കാണാന്‍ അവര്‍ ഒന്നിച്ചെത്തി

വര്‍ഷം 40 കഴിഞ്ഞിട്ടും വിജയ് സൂപ്പറിന് അതേ 'പവര്‍'. ആദ്യ കിക്കില്‍ത്തന്നെ സ്റ്റാര്‍ട്ടായി. കണ്ടുനിന്ന ജോര്‍ജിനും ശ്രീകണ്ഠനും സ്റ്റാന്‍ലിക്കും മനസ്സു നിറഞ്ഞു. 'നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെക്കിട്ടിയ സന്തോഷം'-മൂവരും ഒരേസ്വരത്തില്‍ പറഞ്ഞു. 1975-ല്‍ ആലപ്പുഴ വാടയ്ക്കലില്‍ തുടങ്ങിയ സ്‌കൂട്ടേഴ്‌സ് കേരള എന്ന സര്‍ക്കാര്‍ കമ്പനിയിലാണു വിജയ് സൂപ്പര്‍ നിര്‍മിച്ചിരുന്നത്. അന്ന് അവിടത്തെ ജീവനക്കാരായിരുന്നു മൂവരും.
വര്‍ഷങ്ങള്‍ക്കുശേഷം തങ്ങള്‍ നിര്‍മിച്ച ഒരു സ്‌കൂട്ടര്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. 1984-ല്‍ നിര്‍മാണം നിര്‍ത്തി. 2003-ല്‍ കമ്പനി പൂട്ടുകയും ചെയ്തു. അന്ന് സ്റ്റോര്‍ ജീവനക്കാരനായിരുന്നു, ഇപ്പോള്‍ 75 വയസ്സുള്ള ജോര്‍ജ് പോള്‍. 76-കാരനായ എസ്. ശ്രീകണ്ഠനാകട്ടെ പ്ലാനിങ് വിഭാഗത്തിലും. സ്റ്റാന്‍ലി ജോസഫിനിപ്പോള്‍ 77 വയസ്സായി. അദ്ദേഹം ഡിസൈന്‍ വിഭാഗത്തിലായിരുന്നു.
ഇവര്‍ നിര്‍മിച്ച കെ.എല്‍.വൈ. 5948 രജിസ്‌ട്രേഷനിലെ സ്‌കൂട്ടറിന്റെ ഉടമയിപ്പോള്‍ ആലപ്പുഴ തത്തംപള്ളി സ്വദേശി കോയിക്കലോടത്ത് വീട്ടില്‍ റൂബന്‍ അനു തോമസാണ്. മൂന്നുവര്‍ഷം മുന്‍പാണ് റൂബന്‍ ഇതു വാങ്ങിയത്. ചെറുപ്പംമുതലേ സ്‌കൂട്ടറിനെപ്പറ്റി കേട്ടിരുന്നു. 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന സിനിമ കണ്ടപ്പോഴാണ് ഒരെണ്ണം സ്വന്തമാക്കണമെന്ന മോഹമുദിച്ചത്. ആലപ്പുഴയില്‍ത്തന്നെയുള്ള ഒരാളുടെ പക്കല്‍നിന്നാണു വാങ്ങിയത്.
അന്നു വില 3,500
ആദ്യബാച്ചില്‍ 25 സ്‌കൂട്ടറുകളാണു കമ്പനി നിര്‍മിച്ചത്. ഒന്നിനു വില 3,500 രൂപ. ജീവനക്കാര്‍ക്ക് പ്രതിമാസം 85 രൂപ അടച്ച് സ്‌കൂട്ടര്‍ സ്വന്തമാക്കാമായിരുന്നു. അങ്ങനെ ആദ്യ 25 എണ്ണവും ജീവനക്കാര്‍ വാങ്ങി. അക്കൂട്ടത്തില്‍ സ്റ്റാന്‍ലി ജോസഫും വാങ്ങിയിരുന്നു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെ പിന്നീടതു വിറ്റു.
എന്‍ജിന്‍ ലഖ്‌നൗവില്‍നിന്ന്
എന്‍ജിനുള്‍പ്പെടെ എല്ലാ ഭാഗങ്ങളും എത്തിയിരുന്നത് ലഖ്‌നൗവില്‍നിന്നാണ്. നിര്‍മാണം ആലപ്പുഴയിലും. 50-ലധികം സ്‌കൂട്ടര്‍ നിര്‍മിച്ചിരുന്ന ദിവസങ്ങളുണ്ടായിരുന്നതായി ഇവര്‍ ഓര്‍ക്കുന്നു. അക്കാലത്ത് സ്ത്രീകള്‍ വെല്‍ഡിങ് ജോലി ചെയ്തിരുന്നില്ല. പക്ഷേ, സ്‌കൂട്ടേഴ്‌സ് കേരളയില്‍ തിരുവനന്തപുരം സ്വദേശിനിയായ പ്രേമലത വെല്‍ഡറായിരുന്നു. പിന്നീടവര്‍ ക്ലാര്‍ക്കായി.
കമ്പനി പൂട്ടിയെങ്കിലും വിരമിച്ചവരും സ്വയംവിരമിക്കേണ്ടിവന്നവരുമെല്ലാം എല്ലാവര്‍ഷവും ഒത്തുചേരാറുണ്ട്. നൂറോളം ജീവനക്കാരുണ്ടായിരുന്നു അന്ന് സ്ഥാപനത്തില്‍. ഈ വര്‍ഷത്തെ ഒത്തുചേരല്‍ ശനിയാഴ്ച ആലപ്പുഴയില്‍ നടക്കും.
Content Highlights: Vijay super scooter made from Alapuzha, Kerala made scooter, Vijay Super, Scooter