മോട്ടോര്‍സൈക്കിളില്‍ വേഗത്തെ തോല്‍പ്പിച്ച് ഹരിത്; അന്താരാഷ്ട്ര നേട്ടവുമായി പാലക്കാട്ടുകാരന്‍

തുര്‍ക്കിയില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ മത്സരത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് പാലക്കാട്ടുകാരന്‍. 450 സി.സി. വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ബി വണ്‍ വിഭാഗത്തില്‍ ഷൊര്‍ണൂര്‍ കുളപ്പുള്ളി കൊയ്തവീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ ഹരിത് നോഹ ജേതാവായി. 2011 മുതല്‍ മോട്ടോര്‍ സൈക്കിള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഹരിതിന്റെ ആദ്യ അന്താരാഷ്ട്ര വിജയമാണിത്.
തുര്‍ക്കി ഇസ്മറിലെ 'ട്രാന്‍സ് അനറ്റോലിയ' റാലിയില്‍ ഏഴുദിവസങ്ങളിലായി നടന്ന മത്സരത്തിലാണ് പാലക്കാട്ടുകാരന്റെ നേട്ടം. ബി വണ്‍ മത്സരത്തില്‍ വിജയിച്ചതിനൊപ്പം റാലിയിലാകെയായി നാലാംസ്ഥാനവും നേടാനായി.
ലോകത്തിലെ അതിസാഹസിക ബൈക്ക് റൈസിങ് മത്സരങ്ങളിലൊന്നായ ഡാക്കര്‍ റാലിയില്‍ നാലുതവണ മത്സരിച്ചിട്ടുണ്ട് ഹരിത്. 2021-ല്‍ റാലി പൂര്‍ത്തിയാക്കാനും ആദ്യ 20 പേരുടെ പട്ടികയില്‍ ഇടംനേടാനുമായി. കുളപ്പുള്ളിയിലെ തൃപ്പുറ്റപ്പാടത്ത് നടന്ന മത്സരത്തിലൂടെയാണ് ഹരിത് മോട്ടോര്‍ സൈക്കിള്‍ മത്സരങ്ങളില്‍ ആകൃഷ്ടനാകുന്നത്. അച്ഛന്‍ മുഹമ്മദ് റാഫിയും ജര്‍മന്‍ സ്വദേശിയായ അമ്മ സൂസന്നയും പിന്തുണയേകി.
2011-ല്‍ പങ്കെടുത്ത ആദ്യ ദേശീയ മത്സരത്തില്‍ത്തന്നെ ഒന്നാംസ്ഥാനം നേടി ഹരിത് മോട്ടോര്‍ സൈക്കിള്‍ റൈസില്‍ സ്ഥാനമുറപ്പിച്ചു. പിന്നീട് ടി.വി.എസ്. കമ്പനിയിലെ റൈസറായി ഹരിത്. പുണെ ഇന്‍വിറ്റേഷണല്‍ സൂപ്പര്‍ ക്രോസ്, ജര്‍മനിയിലെ ഡൗണ്‍ഹില്‍ കപ്പ്, ഹിമാലയന്‍ ഡി.എച്ച്. കപ്പ്, വേള്‍ഡ് ബജാ ചാമ്പ്യന്‍ഷിപ്പ്് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തു. ഇപ്പോള്‍ 2024-ലെ ഡാക്കര്‍ റാലിയില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഹരിത്. അവിടെ കിരീടം നേടുകയാണ് ലക്ഷ്യം.
Content Highlights: Palakkad Native Harith Noah wins international bike racing championship award