ഇത് തുടക്കം മാത്രം, മൂന്ന് വര്‍ഷത്തില്‍ 10 ഇലക്ട്രിക് മോഡലുകള്‍; ആദ്യ ഇ-സ്‌കൂട്ടറുമായി ഹോണ്ട

ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐക്യൂബ്, ഹീറോ വിഡ തുടങ്ങി ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ നിന്നെല്ലാം ഇലക്ട്രിക് മോഡലുകള്‍ നിരത്തുകളില്‍ എത്തികഴിഞ്ഞു. ഈ കമ്പനികള്‍ക്കൊപ്പം തന്നെ കളംനിറഞ്ഞ് മത്സരിക്കുന്ന ഹോണ്ട ഇതുവരെയും കമ്പനിയുടെ ഇലക്ട്രിക് പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ 2022 മോട്ടോര്‍സൈക്കിള്‍ ഷോയില്‍ സര്‍പ്രൈസ് എന്‍ട്രിയായാണ് ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിയത്.
ഹോണ്ട ഇ.എം.1 എന്ന പേരിലാണ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നതിനുപരി ഇലക്ട്രിക് മോപ്പഡ് എന്ന വിശേഷണമാണ് ഹോണ്ട ഈ വാഹനത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ഈ മോഡല്‍ ഒരു തുടക്കമാണമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. 2025-നുള്ളില്‍ 10 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളായിരിക്കും ഹോണ്ടയില്‍ നിന്ന് നിരത്തുകളില്‍ എത്തുകയെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
അസാമാന്യ ഡിസൈനിങ്ങ് സവിശേഷതകള്‍ അവകാശപ്പെടാനില്ലാത്ത വാഹനമായാണ് ഇ.എം.1 ഒരുങ്ങിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ഇലക്ട്രിക് വാഹനമാണെന്ന് തിരിച്ചറിയുന്ന രൂപമാണ് ഇതിനുള്ളത്. ഏപ്രണില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി, ഹെഡ്‌ലാമ്പ്, എല്‍.സി.ഡി. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹാന്‍ഡിലിന്റെ വശങ്ങളിലായി നല്‍കിയിട്ടുള്ള ചെറിയ ഇന്റിക്കേറ്റര്‍ ലൈറ്റുകള്‍, മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ചും വലിപ്പമുള്ള അലോയി വീലുകള്‍, സിംഗിള്‍ പീസ് സീറ്റ്, വലിയ ലഗേജ് റാക്ക് എന്നിവ ഉള്‍പ്പെട്ടതാണ് ഈ വാഹനത്തിന്റെ രൂപം.
ഹബ്ബില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. അതേസമയം, ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച യാതൊരു സൂചനയും കമ്പനി പുറത്തുവിട്ടിട്ടില്ല. ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് എന്ന് പേരിട്ടിരിക്കുന്ന അഴിച്ച് മാറ്റാന്‍ സാധിക്കുന്ന ബാറ്ററിയാണ് ഹോണ്ട ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കുന്നത്. മോപ്പഡ് സെഗ്മെന്റില്‍ വരുന്നതിനാല്‍ തന്നെ ഇപ്പോള്‍ നിരത്തുകളിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളെക്കാള്‍ കുറഞ്ഞ റേഞ്ചായിരിക്കും ഈ മോഡലില്‍ ലഭ്യമാക്കുക.
നഗര പ്രദേശങ്ങളിലെ ചെറിയ യാത്രകള്‍ക്കായാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. യുവാക്കളെ ലക്ഷ്യമാക്കിയുള്ള ഡിസൈനിലും മറ്റുമാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിച്ചിരിക്കുന്നത്. ഈ വാഹനം ആദ്യമെത്തുന്നത് യൂറോപ്യന്‍ വിപണിയില്‍ ആയിരിക്കും. 2023 പകുതിയോടെ ഇ.എം.1 ഇലക്ട്രിക്കിനെ നിരത്തുകളില്‍ പ്രതീക്ഷിക്കാം. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടെ ഹോണ്ടയ്ക്ക് ശക്തമായ സ്വാധീനമുള്ള വിപണികളില്‍ ഈ വാഹനം എത്തിക്കുന്നത് സംബന്ധിച്ച് സൂചനകള്‍ ലഭ്യമായിട്ടില്ല.
Source: Team BHP
Content Highlights: Honda Two Wheeler first electric scooter EM1 unveiled in EICMA 2022