ബിഎസ്-6 എന്‍ജിന്‍ കരുത്തില്‍ മഹീന്ദ്ര മോജോ 300 തിരിച്ചെത്തുന്നു; വരവറിയിച്ച് ടീസര്‍ എത്തി

-
-

ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര നിരത്തിലെത്തിക്കുന്ന ഇരുചക്ര വാഹനങ്ങളിലെ ഫ്ളാഗ്ഷിപ്പ് മോഡലാണ് മോജോ 300. നിലവില്‍ നിരത്തൊഴിഞ്ഞ ഈ ബൈക്ക് ബിഎസ്-6 എന്‍ജിനില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് തിരിച്ചെത്താനൊരുങ്ങുന്നു. മോജോയുടെ രണ്ടാംവരവിന്റെ സൂചന നല്‍കികൊണ്ടുള്ള ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു. 

UT, XT എന്നീ രണ്ട് വേരിയന്റുകളിലാണ് മോജോ നിരത്തുകളിലെത്തിയിരുന്നത്. 2019 ഓഗസ്റ്റില്‍ ഈ ബൈക്കുകളില്‍ എബിഎസ് സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍, ഒറ്റ വേരിയന്റില്‍ മാത്രമായിരിക്കും ബിഎസ്-6 എന്‍ജിനിലുള്ള പുതിയ വേരിന്റ് എത്തുക. ഇതില്‍ എബിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നാണ് വിവരം. 

ലുക്കില്‍ ബിഎസ്-4 എന്‍ജിന്‍ മോഡലിന് സമാനമായിരിക്കും പുതിയ മോജോ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മുന്നിലെ കൗളില്‍ നല്‍കിയിട്ടുള്ള ട്വിന്‍ ഹെഡ്‌ലാമ്പ്, സൈഡ് പാനലുകള്‍, അനലോഗ് ടാക്കോമീറ്റര്‍, സ്പീഡ്, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനും ഉള്‍പ്പെടുന്ന സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഇതില്‍ നല്‍കും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോ ഷോക്കുമായിരിക്കും പുതിയ മോജോയില്‍ യാത്രാസുഖം നല്‍കുന്നത്. മുന്നില്‍ 320 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിക്‌സുമായിരിക്കും ബ്രേക്കിംങ്ങ് ഒരുക്കുന്നതെന്നാണ് വിവരം. രണ്ടുലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന മോജോ ബജാജ് ഡോമിനാറിനോട് ഏറ്റുമുട്ടും.

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്നതിനൊപ്പം കരുത്തും ഉയര്‍ത്തിയ എന്‍ജിനായിരിക്കും പുതിയ മോജോയില്‍ സ്ഥാനം പിടിക്കുകയെന്നാണ് വിവരം. ബിഎസ്-4 മോഡലില്‍ നല്‍കിയിരുന്ന 294.72 സിസി ഫ്യുവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ് കൂള്‍, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.

Content Highlights: BS-6 Engine Mahindra Mojo Set To Launch; Teaser Released 

Content Highlights: