ജാതി ഒരു പ്രശ്നമായെടുത്ത് ചർച്ചചെയ്യണം - ടി.എം. കൃഷ്ണ

#ഇ. ആതിര
ടി.എം കൃഷ്ണ  | ഫോട്ടോ: മാതൃഭൂമി
ടി.എം കൃഷ്ണ | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തെ നിരന്തരം വിമർശിക്കുന്ന സംഗീതജ്ഞനാണ് ടി.എം. കൃഷ്ണ. സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ ഭീഷണി നേരിട്ടപ്പോഴും നിലപാടിൽ ഉറച്ചുനിന്ന കൃഷ്ണ, അടിച്ചമർത്തലുകൾക്കെതിരേയും ജാതിരാഷ്ട്രീയത്തിനെതിരേയും ശബ്ദമുയർത്തുന്നു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യാൻ ആലപ്പുഴ ഹരിപ്പാട്ടെത്തിയ അദ്ദേഹം ‘മാതൃഭൂമി’യോടു സംസാരിക്കുന്നു.

രാജ്യത്ത് പലതരത്തിലുള്ള അടിച്ചമർത്തൽ ഉണ്ടാകുന്നുണ്ടല്ലോ?

പലതരത്തിലുള്ള വെല്ലുവിളികളുണ്ടാകുന്നുണ്ട്. പക്ഷേ, എന്താണു സംഭവിക്കുന്നതെന്ന് ആളുകൾ മനസ്സിലാക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ആർഎസ്എസും ബിജെപിയും വിൽക്കാൻ ശ്രമിക്കുന്ന ആശയങ്ങൾക്കെതിരേ പ്രതിരോധമുണ്ടാകുന്നു. അടിച്ചമർത്തലുകളെ ഓരോരുത്തരും അവരുടേതായ മാർഗത്തിൽ ചെറുക്കുന്നുണ്ട്. ജാതി ഒരു പ്രശ്നമായെടുത്ത് വേണ്ടത്ര ചർച്ച ചെയ്തിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. അത് ഗൗരവമേറിയ പ്രശ്നമാണെന്ന് അംഗീകരിക്കണം. കേരളത്തിലും ജാതി സജീവമായി ചർച്ച ചെയ്യേണ്ടതുണ്ട്. ഒരു പ്രശ്നമായെടുത്ത് ജാതി നിരന്തരമായി ചർച്ചചെയ്യപ്പെടണം.

തമിഴ്നാട്ടിലെ കീഴടി ഉത്ഖനനത്തിലെ കണ്ടെത്തലുകളെ അടിച്ചമർത്താനുള്ള ശ്രമമുണ്ടായല്ലോ?

പുരാതനവും വികസിതവുമായ ഒരു സമൂഹം അവിടെ ഉണ്ടായിരുന്നുവെന്നാണ് കീഴടി കാണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അതൊരു സാംസ്കാരിക പോരാട്ടമായി മാറുന്നു. ആർഎസ്എസും ബിജെപിയും രാജ്യത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതെന്താണോ അതിനെയെല്ലാം വെല്ലുവിളിക്കുന്നതാണത്. അതുകൊണ്ടാണ് ഈ കണ്ടെത്തലുകളെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. ഈ കണ്ടെത്തലുകൾ സാംസ്കാരികമായും രാഷ്ട്രീയമായും പുരാവസ്തുശാസ്ത്രപരമായും ഏറെ പ്രധാനപ്പെട്ടതാണ്.

സാമൂഹിക മാറ്റത്തിനുള്ള ഉപാധിയായാണ് താങ്കൾ കർണാടക സംഗീതത്തെ കാണുന്നത്. എന്നാൽ, അതിന്റെ ആത്മാവ് തകർക്കുംവിധം ഇടപെടുന്നെന്ന വിമർശനമുണ്ടല്ലോ?

കർണാടക സംഗീതം എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു; അത് മഹത്തായ ഒന്നാണെന്നും. ഭക്തിയെന്നത് ഒരു കീഴടങ്ങൽ വികാരമാണ്. അവിടെ എന്തിനെന്നതു പ്രശ്നമല്ല. ചോദ്യം ചോദിക്കുന്നതും ഭക്തിയാണ്. സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നതും ഭക്തിയാണ്. കാരണം, അതു സമൂഹത്തോടുള്ള, സമത്വത്തോടുള്ള, നീതിയോടുള്ള ഭക്തിയാണ്.

കലയിലൂടെ എത്രത്തോളം മാറ്റമുണ്ടാക്കാനാകും?

ഒരു കലാരൂപത്തിനും തനിയെ ഒന്നും ചെയ്യാനാകില്ല. കലാകാർക്കാണു കഴിയുക. ഞാൻ എന്തു ചെയ്യുന്നുവെന്നതാണ് പ്രധാനം. കല മാറ്റത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ അതു കലയല്ല.

യൂത്ത് അസോസിയേഷൻ ഫോർ ക്ലാസിക്കൽ മ്യൂസിക് പോലുള്ള സംഘടനകൾ ഇതിൽ എത്രത്തോളം പ്രധാനമാണ്?

യുവതലമുറ കുറേക്കൂടി അവബോധവും വിവകവുമുള്ളവരാണ്. അവരിൽനിന്ന് കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്. ഞങ്ങളുടെ തലമുറയും പലതും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.

Content Highlights: Musician TM Krishna discusses challenges to freedom of expression, caste discrimination