ചുണ്ടൻവള്ളങ്ങൾ കരയുടെ ഐശ്വര്യം -രമേശ് ചെന്നിത്തല

കരുവാറ്റ : ചുണ്ടൻവള്ളങ്ങൾ കരക്കാരുടെ ആവേശവും നാടിന്റെ ഐശ്വര്യവുമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കരുവാറ്റക്കരയിൽ നിർമിക്കുന്ന പുതിയ ചുണ്ടൻവള്ളത്തിന്റെ ഉളികുത്തൽ കർമത്തോടനുബന്ധിച്ചു നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുണ്ടൻവള്ള നിർമാണത്തിനു കരക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ഇതിനായി സാംസ്‌കാരിക, ടൂറിസം വകുപ്പുകളുടെ സഹായത്തിനു ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശില്പി കോയിൽമുക്ക് സാബു നാരായണൻ ആചാരി ഉളികുത്തുകർമം നിർവഹിച്ചു.

നിർമാണക്കമ്മിറ്റി ചെയർമാൻ കെ.കെ. സുരേന്ദ്രനാഥ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ മനു, ബ്ലോക്ക് പഞ്ചായത്തംഗം എം.എം. അനസ് അലി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സനിൽകുമാർ, ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ.കെ. കുറുപ്പ്, ജനറൽ കൺവീനർ കെ. ഗിരീഷ്, കെ.ആർ. രാജൻ, കെ. സുരേന്ദ്രൻ, ഷീലാ രാജൻ, സലിം, ദേവരത്‌നൻ, ടി.എൻ. അജിത്കുമാർ, എ. പ്രകാശ്, രാജൻ കാർത്തിക, അജിത്കുമാർ എന്നിവർ പങ്കെടുത്തു. 80 ലക്ഷം രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 25 ലക്ഷം രൂപയുടെ ആഞ്ഞിലിത്തടി എത്തിച്ചിട്ടുണ്ട്. അടുത്ത നെഹ്‌റു ട്രോഫിക്കു മുൻപ് ചുണ്ടൻ നീറ്റിലിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.