പിണറായി വിജയൻ ഏറ്റവും സത്യസന്ധനായ കമ്യൂണിസ്റ്റ് നേതാവ് -സജി ചെറിയാൻ

മാന്നാർ : എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത് മ്ലേച്ഛമായ ആരോപണമാണെന്നും പിണറായി വിജയൻ ഏറ്റവും സത്യസന്ധനായ കമ്യൂണിസ്റ്റ് നേതാവാണെന്നും സജി ചെറിയാൻ എം.എൽ.എ. പറഞ്ഞു. സി.പി.എം. മാന്നാർ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചിട്ട് പിണറായി വിജയനെതിരേ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല.
അതുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ മണ്ടയ്ക്കു വെച്ചുകൊടുത്തത്. ഇ.ഡി. എന്തുകൊണ്ടാണ് എഫ്.ഐ.ആർ. ഇടാത്തത്. ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല. പിണറായി വിജയനെ വേട്ടയാടുകയാണ്. ഒരു കുടുംബത്തോടും ഒരാളോടും ഇങ്ങനെ ചെയ്യരുത്. പിണറായി വിജയനെയും ഇടതുപക്ഷത്തെയും ജനങ്ങൾക്ക് ഇപ്പോഴും വിശ്വാസമുണ്ട്.
ആയുസ്സും ആരോഗ്യവും അനുവദിക്കുമെങ്കിൽ ഒരു വട്ടംകൂടി പിണറായി മുഖ്യമന്ത്രിയാകും. ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ പ്രൊഫ. പി.ഡി. ശശിധരൻ അധ്യക്ഷനായി. സജി ചെറിയാൻ എം.എൽ.എ., ജില്ല സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റിയംഗം കെ.എച്ച്. ബാബുജാൻ, ജില്ല സെക്രട്ടേറിയറ്റംഗം എ. മഹേന്ദ്രൻ, പുഷ്പലതാ മധു, ആർ. രാജേഷ്, എം. ശശികുമാർ, എം.എച്ച്. റഷീദ്, ജെയിംസ് ശാമുവൽ, പി. വിശ്വംഭരപ്പണിക്കർ, ഏരിയ സെക്രട്ടറി പി.എൻ. ശെൽവരാജൻ, ആർ. സഞ്ജീവൻ, സുരേഷ് മത്തായി, കെ.പി. പ്രദീപ്, കെ.എം. അശോകൻ, കെ. നാരായണപിള്ള, ഷാജി മാനംപടവിൽ എന്നിവർ സംസാരിച്ചു.