‘അന്ന’വും ‘അപൂർവ’യുമായി കൃഷിവിജ്ഞാനകേന്ദ്രം

ഹരിപ്പാട് ബ്ലോക്കിൽ പരിശീലനവും സാങ്കേതിക പിന്തുണയും നൽകും
ഹരിപ്പാട് : ജില്ല കൃഷിവിജ്ഞാനകേന്ദ്രം ബ്ലോക്ക് പരിധിയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട പരിശീലനപദ്ധതികളും സാങ്കേതിക പിന്തുണയുമായി രംഗത്തിറങ്ങുന്നു. വീയപുരം, ചെറുതന, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് ഈ വർഷം പദ്ധതികൾ നടപ്പാക്കുന്നത്.
അടുത്തവർഷം കുമാരപുരം, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി പഞ്ചായത്തുകളിലും തുടർന്ന്, ഹരിപ്പാട് നഗരസഭാ പരിധിയിലും പദ്ധതിനിർവഹണം നടത്തും.
ശ്രീകാര്യം സി.പി.സി.ആർ.ഐ. കേന്ദ്രത്തിൽ വികസിപ്പിച്ച ‘അന്നം’ എന്ന പേരിലെ മരച്ചീനി ബ്ലോക്ക് പരിധിയിൽ കൃഷിചെയ്യും. തിരഞ്ഞെടുത്ത കർഷകർക്ക് നടീൽവസ്തുക്കളും ഇലയിൽ തളിക്കാനുള്ള വളവും നൽകും. ഒൻപതാം മാസം വിളവെടുപ്പിനു പാകമാകുന്ന ‘അന്നം’ ഗുണമേന്മയിൽ മുന്നിലുള്ള ഇനമാണ്. ‘അപൂർവ’ എന്ന പേരിലെ വൻപയറും ബ്ലോക്ക് പരിധയിൽ കൃഷിചെയ്യും.
ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രണം, പടവലത്തിലെ രോഗനിയന്ത്രണം, കന്നുകാലികളിലെ വന്ധ്യതാനിയന്ത്രണം, വാഴയിൽനിന്നുള്ള ഉത്പന്നങ്ങൾ എന്നിവയും കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ പദ്ധതികളിലുൾപ്പെടുന്നു.
പട്ടികജാതി ഉപപദ്ധതിയിൽ നെൽക്കൃഷിയിലെ യന്ത്രവത്കരണം,
സങ്കര പച്ചക്കറിക്കൃഷി, തെങ്ങിന്റെ പരിചരണവും തൈയുത്പാദനവും, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, വീട്ടുവളപ്പിലെ പോഷകത്തോട്ടം തുടങ്ങിയവയുണ്ട്. കാലിത്തൊഴുത്തിൽ ആധുനികസൗകര്യമേർപ്പെടുത്തും. പശുക്കളിലെ അകിടുവീക്കം മുൻകൂട്ടികണ്ടെത്താനുള്ള കിറ്റ് വിതരണം ചെയ്യും.
പദ്ധതി ഉദ്ഘാടനവും കാർഷിക സെമിനാറും
ജില്ല കൃഷിവിജ്ഞാനകേന്ദ്രം ഹരിപ്പാട് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നടത്തുന്ന വിവിധ കാർഷിക പദ്ധതികളുടെയും കാർഷിക സെമിനാറിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ നിർവഹിച്ചു. നഗരസഭാധ്യക്ഷ വൃന്ദ എസ്. കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തി.
ചെറുതന പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, സി.കെ. ജയചന്ദ്രൻ, കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. മുരളീധരൻ, രാജീവ്, എ.കെ. കാർത്തിക തുടങ്ങിയവർ പ്രസംഗിച്ചു.
കാർഷിക സെമിനാറിൽ ഡോ. പി. മുരളീധരൻ, ഡോ. കെ. സജ്നനാഥ്, ഡോ. ടി. ശിവകുമാർ, ഡോ. എസ്. രവി എന്നിവർ വിഷയാവതരണം നടത്തി.
വെള്ളപ്പൊക്കത്തിനു മുൻപേ വിളവെടുക്കാൻ ‘മഞ്ചേരി കുള്ളൻ’
വാഴക്കൃഷിയുടെ വിളവെടുപ്പു കാലത്ത് വെള്ളപ്പൊക്കം നാശംവിതയ്ക്കുന്നത് ഹരിപ്പാട് മേഖലയിലെ കർഷകരുടെ സ്ഥിരംതലവേദനയാണ്. ഇതിനു പരിഹാരമായി എട്ടാംമാസംകൊണ്ട് വിളവെടുക്കാവുന്ന മഞ്ചേരി കുള്ളൻ ഇനത്തിലെ വാഴവിത്ത് വിതരണം ചെയ്യും. മറ്റിനങ്ങളിലെ വാഴവിത്തുകൾ 10 മാസമായാലേ വിളവെടുപ്പിനു പാകമാകൂ. മഴക്കാലത്തിനു പിന്നാലെ വാഴനട്ടാൽ അടുത്ത വെള്ളപ്പൊക്കമാകുമ്പോഴേ വിളവെടുപ്പ് സാധ്യമാകൂ.