ചാരുംമൂട് മേഖലയിൽ ഭീതിപരത്തി കാട്ടുപന്നികൾ

മനുഷ്യർക്കു നേരേ ആക്രമണം കൂടി

ചാരുംമൂട് : ചാരുംമൂട് മേഖലയിൽ കാട്ടുപന്നികൾ ഭീതിപരത്തുന്നു. നൂറനാട്, പാലമേൽ, താമരക്കുളം, ചുനക്കര പഞ്ചായത്തുകളിലാണ് കാട്ടുപന്നിശല്യം വർധിച്ചത്. കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതോടൊപ്പം ആളുകളെ ആക്രമിക്കുന്നതും പതിവായി. രാത്രിയിൽ മാത്രമായിരുന്ന ഇവയുടെ ശല്യം ഇപ്പോൾ പകലും ഉണ്ടാകുന്നു. രാത്രിയിൽ ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ ഭീതിയിലാണ്.

ആറുമാസത്തിനുള്ളിൽ തൊഴിലുറപ്പു തൊഴിലാളികളടക്കം ഒട്ടേറെപ്പേർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം തൊഴിലുറപ്പു ജോലിക്കിടെ താമരക്കുളം കണ്ണനാകുഴി കാനാന്റെ വടക്കതിൽ ഓമന(79)യ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ

പരിക്കേറ്റതാണ് അവസാനത്തെ സംഭവം. 121 തൊഴിലാളികൾ ജോലിചെയ്യുകയായിരുന്ന സ്ഥലത്തേക്കാണ് കാട്ടുപന്നി കയറിവന്ന് ആക്രമണം നടത്തിയത്. ഓമനയുടെ കൈക്ക് ഒടിവേറ്റു. മൂന്നുമാസം മുൻപ്‌ പടനിലം കിടങ്ങയത്തും പാലമേലിലും മുതുകാട്ടുകരയിലും തൊഴിലുറപ്പു തൊഴിലാളികളെ കാട്ടുപന്നികൾ ആക്രമിച്ചിരുന്നു. നൂറനാട് പുലിമേൽ സ്വദേശിനിയെ കാട്ടുപന്നി വീടിന്റെ അടുക്കളയിൽക്കയറി കുത്തി മുറിവേൽപ്പിച്ചിരുന്നു. കടത്തിണ്ണയിൽ ഇരിക്കുമ്പോൾ കരിമുളയ്ക്കൽ സ്വദേശിയെ കാട്ടുപന്നി കൈയിൽ കുത്തി ഗുരുതരമായി മുറിവേൽപ്പിച്ച സംഭവവും ഉണ്ടായി.

നൂറനാട്, താമരക്കുളം, ചുനക്കര പഞ്ചായത്തുകൾ ഷൂട്ടർമാരെ ഏർപ്പെടുത്തി കുറെ കാട്ടുപന്നികളെ കൊന്നിരുന്നു. താമരക്കുളത്തും ചുനക്കരയിലും പാലമേലും കാടുപിടിച്ച സ്ഥലങ്ങളിൽ കാട്ടുപന്നികൾ ചത്തുകിടന്ന് ദുർഗന്ധം വമിക്കുന്നതും പതിവായിട്ടുണ്ട്. ഇവയെ പഞ്ചായത്തുകൾ ഇടപെട്ട് കുഴിച്ചിടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

കൂട്ടമായി സഞ്ചരിക്കുന്ന കാട്ടുപന്നികൾ കാരണം സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ ആളുകൾക്കു പേടിയാണ്. ഇരുചക്രവാഹനങ്ങളിൽ രാത്രിയാത്ര ചെയ്യുന്നവർ കാട്ടുപന്നികളെ ഇടിച്ചുവീണു പരിക്കേൽക്കുന്നതും പതിവാണ്.

മരച്ചീനി, ഏത്തവാഴ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, തെങ്ങിൻതൈകൾ തുടങ്ങിയ കൃഷികൾ ചുവടു കുത്തിയിളക്കി വ്യാപകമായി നശിപ്പിക്കുന്നു. മറ്റപ്പള്ളിയിലും മുതുകാട്ടുകരയിലും കിടങ്ങയത്തും പുലിമേലും ചുനക്കരയിലും കോമല്ലൂരിലും കൊട്ടയ്ക്കാട്ടുശ്ശേരിയിലും പയ്യനല്ലൂരിലും ചത്തിയറയിലും വൻതോതിലാണ് കൃഷികൾ നശിപ്പിച്ചിട്ടുള്ളത്. പാലമേൽ മറ്റപ്പള്ളിയിലും താമരക്കുളം ചത്തിയറയിലും കാർഷികവിളകൾ സംരക്ഷിക്കുന്നതിനായി പഞ്ചായത്തുകൾ മുൻകൈയെടുത്ത് സ്ഥാപിച്ചിട്ടുള്ള സൗരവേലികൾ കുറെ കർഷകർക്കു പ്രയോജനപ്പെടുന്നുണ്ട്.

പകൽസമയം കാടുകളിലും കാടുകയറിയ കനാലുകളിലും ആൾത്താമസമില്ലാത്ത പുരയിടങ്ങളിലുമാണ് ഇവയുടെ താമസം. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തോക്ക് ലൈസൻസ് ഉള്ളവർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള ഷൂട്ടർമാർ കുറവാണ്. കാട്ടുപന്നികൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരത്തിനായി ഒട്ടേറെ കർഷകർ അപേക്ഷ നൽകിയെങ്കിലും ആർക്കും നഷ്ടപരിഹാരം ലഭിച്ചില്ല.