16 വർഷം ഒളിവിൽക്കഴിഞ്ഞ പ്രതിയെ പട്ടണക്കാട് പോലീസ് പിടികൂടി

വാഹനാപകടത്തിൽ രണ്ടുപേർ മരിച്ച കേസ്
തുറവൂർ : വാഹനമിടിച്ച് രണ്ടുപേർ മരിക്കാനിടയായ കേസിലെ പ്രതിയെ 16 വർഷത്തിനുശേഷം പട്ടണക്കാട് പോലീസ് സാഹസികമായി പിടികൂടി. കോട്ടയം നാട്ടകം തുണ്ടിയിൽ കടവിൽ പറമ്പിൽ വീട്ടിൽ രജീഷ് ഓമനക്കുട്ട (43)നെയാണ് തണ്ണീർമുക്കം ബണ്ട് റോഡിൽവെച്ചു പിടികൂടിയത്. 2010-ൽ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ തുമ്പോളി ഭാഗത്തായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്.
പ്രതി ഓടിച്ചിരുന്ന വാഹനമിടിച്ച് ഷണ്മുഖൻ, ട്രേസി എന്നിവർ മരണപ്പെടുകയായിരുന്നു. അപകടത്തിനുശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി വ്യാജ പേരും വിലാസവും ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽക്കഴിയുകയായിരുന്നു. ദീപാവലിദിനത്തിൽ ജില്ല പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിനു ലഭിച്ച രഹസ്യവിവരമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്.
ചേർത്തല ഡിവൈ.എസ്.പി. മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. പട്ടണക്കാട് എസ്.ഐ.മാരായ ഡൊമിനിക് മാത്യു, രതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതി പട്ടണക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘം അന്വേഷണം ആരംഭിച്ചു.
പോലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ പ്രതി ചങ്ങനാശ്ശേരി, തിരുവല്ല, പാലാ, ഈരാറ്റുപേട്ട, വാഗമൺ, കുമളി വഴി തമിഴ്നാട്ടിലേക്കു കടക്കാൻ ശ്രമിച്ചു. എന്നാൽ. പട്ടണക്കാട് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഗമൺ, കുമളി പോലീസ് സ്റ്റേഷൻ അതിർത്തികളിൽ പരിശോധന ശക്തമാക്കി. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമം ഉപേക്ഷിച്ച് മലയോര മേഖലയിൽനിന്നു തിരിച്ചിറങ്ങിയ പ്രതി കല്ലറ-വെച്ചൂർ റോഡുവഴി രക്ഷപ്പെടാൻ ശ്രമിച്ചു.
ഏകദേശം 300 കിലോമീറ്ററോളം പിന്തുടർന്ന പട്ടണക്കാട് പോലീസ് സംഘം ഒടുവിൽ തണ്ണീർമുക്കം ബണ്ട് റോഡിൽവെച്ച് പ്രതി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി സാഹസികമായി കീഴടക്കുകയായിരുന്നു. തുടർനടപടികൾക്കായി പ്രതിയെ ആലപ്പുഴ സൗത്ത് പോലീസിനു കൈമാറി.