പരുമലക്കടവിലെ ഉയരവിളക്ക് തെളിഞ്ഞു

മാന്നാർ : പരുമലക്കടവിനെ ഇരുട്ടിലാക്കി മിഴിയടച്ച ഉയരവിളക്കിനു വ്യവസായ മന്ത്രി പി.െക. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ തുണയായി. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളായിട്ടും ആയിരക്കണക്കിനു തീർഥാടകർ കടന്നുപോകുന്ന പ്രധാന ജങ്ഷനായ പരുമലക്കടവിലെ ഉയരവിളക്കിന്റെ തകരാർ പരിഹരിക്കാത്തതിനെതിരേ മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഉയരവിളക്കിന്റെ അറ്റകുറ്റപ്പണിക്കായി മാന്നാർ പഞ്ചായത്ത് ഫണ്ട്അനുവദിച്ചെങ്കിലും തകരാർ പരിഹരിക്കേണ്ട കെൽട്രോൺ കമ്പനിയുടെ പ്രതിനിധികളെത്താത്തത് ഉയരവിളക്കിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കി.
തുടർന്ന്, വനിതാ ലീഗ് ജില്ല പ്രസിഡന്റ് കൂടിയായ വാർഡംഗം ഷൈനാ നവാസ്, മുസ്ലിം ലീഗ് ജില്ല കമ്മിറ്റി വഴി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് കെൽട്രോണിന്റെ ജോലിക്കാരെത്തി തകരാർ പരിഹരിച്ചത്.
കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അഞ്ചര ലക്ഷം രൂപ മുടക്കി 13 വർഷങ്ങൾക്കു മുൻപ് തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയിലെ മാന്നാർ പരുമലക്കടവിൽ സ്ഥാപിച്ച ഉയരവിളക്ക് തകരാറിലാവുമ്പോൾ പലപ്പോഴും കെൽട്രോൺ പ്രതിനിധികളെത്താനുള്ള താമസം പരുമലക്കടവിനെ ഇരുട്ടിലാക്കാറുണ്ട്.