ചേർത്തല കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നു വേളാങ്കണ്ണി, തുറവൂർ - പമ്പ സർവീസുകൾ തുടങ്ങുന്നു

പൂച്ചാക്കൽ : തീർഥാടനകേന്ദ്രങ്ങളിലേക്ക് ചേർത്തല കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നു രണ്ട് പുതിയ സർവീസുകൾ തുടങ്ങുന്നു. രണ്ടിന്റെയും ഫ്ളാഗ് ഓഫ് തിങ്കളാഴ്ച നടന്നു. ചേർത്തല - അർത്തുങ്കൽ - പള്ളിപ്പുറം - വേളാങ്കണ്ണി സൂപ്പർഫാസ്റ്റ് സർവീസും തുറവൂർ - പമ്പ ഫാസ്റ്റ് പാസഞ്ചർ സർവീസുമാണ് തുടങ്ങുന്നത്.

ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ തീർഥാടകരുടെയും പള്ളിപ്പുറം പള്ളി വികാരിയുടെയും അഭ്യർഥനയെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഗതാഗതമന്ത്രിയെക്കണ്ട് ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വേളാങ്കണ്ണി അന്തസ്സംസ്ഥാന സർവീസ് അനുവദിച്ചു കിട്ടിയത്.

ഉച്ചയ്ക്കുശേഷം മൂന്നിന് ചേർത്തലയിൽനിന്നു തുടങ്ങി അർത്തുങ്കൽ പള്ളിയിലെത്തി 3.30-ന് അർത്തുങ്കൽ പള്ളിയിൽനിന്നു തിരിച്ച് പള്ളിപ്പുറം പള്ളി - തുറവൂർ -വൈറ്റില വഴി പിറ്റേദിവസം രാവിലെ എട്ടിന് വേളാങ്കണ്ണിയിലെത്തുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

606 രൂപയാണ് ചേർത്തല -വേളാങ്കണ്ണി യാത്രാനിരക്ക്. തുടക്കത്തിൽ വാരാന്ത സർവീസായി ( വെള്ളിയാഴ്ച) തുടങ്ങുന്ന സർവീസ് ശബരിമല സീസൺ കഴിഞ്ഞ് അധിക വണ്ടി ലഭ്യമാകുന്ന മുറയ്ക്ക് എല്ലാ ദിവസവുമാക്കും. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനും സൗകര്യമുണ്ടാകും.

ശബരിമല തീർഥാടന കാലത്തോടനുബന്ധിച്ച് തുറവൂർ -പമ്പ സർവീസ് ചൊവ്വാഴ്ച തുടങ്ങും. ഈ രണ്ട് സർവീസുകളുടെയും ഫ്‌ളാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. ചേർത്തല എം.എൽ.എ. പി. പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രാജേന്ദ്രൻ, പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിക്രമൻ, ചേർത്തല മുനിസിപ്പൽ കൗൺസിലർമാരായ കെ.സി. ആന്റണി, സി.ഡി. ശങ്കർ, കെ.പി.സി.സി. സെക്രട്ടറി എസ്. ശരത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ രഘുവരൻ, കെ. രാജീവൻ, തുറവൂർ ദേവരാജൻ, വി.എൻ. അജയൻ, കെ.ജെ. സണ്ണി, ഡി.ടി.ഒ. ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.

ചേർത്തല - പള്ളിപ്പുറം പള്ളി - വേളാങ്കണ്ണി കെ.എസ്.ആർ.ടി.സി. അന്തസ്സംസ്ഥാന ബസ് സർവീസിന്റെ ഫ്‌ളാഗ് ഓഫ് പള്ളിപ്പുറത്തുനടന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു.

പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.പീറ്റർ കണ്ണമ്പുഴ, ജോയ് ജോസഫ് പുത്തൻവെളി, റോണി ചെറിയാൻ കോയിപ്പറമ്പിൽ, പി.ടി. രാധാകൃഷ്ണൻ, ടോമി ഉലഹന്നാൻ ലിന്റോ പൗലോസ്, സോണൽ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.