പൊളിച്ചിട്ട് മാസങ്ങൾ; പുതിയവിള അമ്പലമുക്ക്-വടക്കൻകോയിക്കൽ റോഡ് ദുരിതമാകുന്നു

മുതുകുളം : പുനർനിർമാണത്തിനായി കുത്തിയിളക്കിയിട്ട റോഡ് തീരാദുരിതമാകുന്നു. പുതിയവിള അമ്പലമുക്ക്-വടക്കൻകോയിക്കൽ റോഡാണ് പ്രദേശവാസികളെയും യാത്രക്കാരെയും ഏറെനാളായി കഷ്ടപ്പെടുത്തുന്നത്.

കായംകുളം-ഡാണാപ്പടി റോഡിൽ അമ്പലമുക്കിൽനിന്ന് തീരദേശത്തേക്കെത്തുന്ന ഈ പാതയ്ക്ക് രണ്ടു കിലോമീറ്ററോളം നീളമാണുള്ളത്. ഏഴു വർഷം മുൻപ് പുനർനിർമാണം നടത്തിയ റോഡ് അധികം വൈകാതെ തന്നെ പൊട്ടിപ്പൊളിഞ്ഞു. മാധ്യമ ഇടപെടലും നാട്ടുകാരുടെ പരാതിക്കുമൊടുവിലാണ് വീണ്ടും സഞ്ചാരയോഗ്യമാക്കാനുള്ള നടപടിയുണ്ടായത്. തുടർന്ന്, കഴിഞ്ഞ ജനുവരിയിൽ റോഡു പൊളിച്ച്‌ മെറ്റൽ വിരിച്ചു. എന്നാൽ, തുടർന്നുള്ള ജോലികളെല്ലാം മുടങ്ങിക്കിടക്കുകയാണ്.

കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും വടക്കൻകോയിക്കൽ ദേവീക്ഷേത്രത്തിലേക്കും പോകുന്നത് ഇതുവഴിയാണ്. സ്കൂൾക്കുട്ടികളും ക്ഷേത്രത്തിലേക്കു വരുന്ന ഭക്തരും പടിഞ്ഞാറൻ മേഖലയിലെ താമസക്കാരുമുൾപ്പെടെ നൂറുകണക്കിനു യാത്രക്കാരും വാഹനങ്ങളുമാണ് ദിവസവും കടന്നുപോകുന്നത്.

റോഡിന്റ മോശം അവസ്ഥകാരണം പോകുന്നവരെല്ലാം പെടാപ്പാടുപെടുകയാണ്. കാൽനടപോലും കഠിനമായി. കരിങ്കൽ കഷണങ്ങളിൽ കയറി നിയന്ത്രണംവിട്ട് ഇരുചക്രവാഹനങ്ങളുൾപ്പെടെ മറിയുന്നു.

വടക്കൻകോയിക്കൽ ദേവീക്ഷേത്രത്തിലെ കുംഭഭരണി കെട്ടുകാഴ്ച ക്ഷേത്രത്തിലെത്തിക്കുന്ന വഴികൂടിയാണിത്. ജോലികൾ എത്രയും വേഗം പൂർത്തീകരിച്ചില്ലെങ്കിൽ കെട്ടുകാഴ്ചകളെ എങ്ങനെ ക്ഷേത്രത്തിലെത്തിക്കുമെന്ന ആശങ്ക ഭക്തർക്കുമുണ്ട്.