പി.ഡബ്ല്യു.ഡി. റോഡ് അനുമതിയില്ലാതെ ജല അതോറിറ്റി പൊളിച്ചു

കായംകുളം : ബി.എം.ബി.സി. നിലവാരത്തിൽ പി.ഡബ്ല്യു.ഡി. നിർമിച്ച റോഡ് അനുമതിയില്ലാതെ ജല അതോറിറ്റി കരാറുകാർ പൊളിച്ചത് വിവാദത്തിൽ. സംഭവത്തിൽ പി.ഡബ്ല്യു.ഡി. പോലീസിൽ പരാതി നൽകി. ടൗണിലൂടെ പോകുന്ന ഷഹീദാർപള്ളി ടെക്‌സ്‌മോ ജങ്ഷൻ റോഡിൽ പുതിയിടം ക്ഷേത്രത്തിനു സമീപത്തെ ആനക്കുന്നേൽ ജങ്ഷനിലാണ് റോഡ് പൊളിച്ചത്.

ഇവിടെ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ഇതു നന്നാക്കാനാണ് അനുമതിയില്ലാതെ റോഡ് പൊളിച്ചത്. റോഡ് ബി.എം.ബി.സി. നിലവാരത്തിൽ നിർമിച്ചിട്ട് മൂന്നുവർഷമേ ആകുന്നുള്ളൂ. ഇവിടെയാണ് റോഡിന്റെ ടാറിങ് ജെ.സി.ബി. ഉപയോഗിച്ചു പൊളിച്ച് കുഴിയെടുത്തത്. ശേഷം അറ്റകുറ്റപ്പണി നടത്തി കുഴി മൂടി.

ശനിയാഴ്ച പുലർച്ചെ റോഡ് കുഴിക്കുന്നതുകണ്ട് നാട്ടുകാർ പ്രതിഷേധവുമായെത്തി. തുടർന്ന്, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പി.ഡബ്ല്യു.ഡി. വിഭാഗത്തിന് ഓൺലൈനായി അപേക്ഷ അയച്ചിരുന്നെന്നും അവരുടെ നിർദേശപ്രകാരമാണ് റോഡു പൊളിച്ചതെന്നുമാണ് ജല അതോറിറ്റി കരാർ ജീവനക്കാരുടെ വിശദീകരണം.

എന്നാൽ, അപേക്ഷ ലഭിച്ചിട്ടില്ലെന്നും മാനദണ്ഡം പാലിക്കാതെയാണ് റോഡ് പൊളിച്ചതെന്നുമാണ് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ പറയുന്നത്. റോഡ് പൊളിക്കുംമുൻപ്‌ പി.ഡബ്ല്യു.ഡി.യുടെ അനുമതി വാങ്ങി നഷ്ടപരിഹാരത്തുക അടയ്ക്കണം. എന്നാൽ, ഒരു നടപടിയും ജല അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

റോഡ് പൊളിച്ചതിലൂടെ 30,000 രൂപയുടെ നഷ്ടമുണ്ടായെന്ന് പി.ഡബ്ള്യു.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസിൽ പരാതിയും നൽകി.