വെള്ളക്കെട്ടിനു പരിഹാരം; പരുമലക്കടവ് - കടപ്രമഠം റോഡുനവീകരണം തുടങ്ങി

മാന്നാർ : പരുമലക്കടവ് - കടപ്രമഠം റോഡിൽ ഓടാട്ടുഭാഗത്തെ വെള്ളക്കെട്ടിലൂടെയുള്ള ദുരിതയാത്രയ്ക്കു പരിഹാരമായി കൊരുപ്പുകട്ട പാകൽ തുടങ്ങി. രാജ്യസഭാ എം.പി. ഹാരിസ് ബീരാന്റെ ഫണ്ടിൽനിന്നനുവദിച്ച അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടത്തുന്നതെന്ന് വാർഡംഗം ഷൈനാ നവാസ് അറിയിച്ചു.
മാന്നാർ ടൗണിലേക്കെത്തിപ്പെടാൻ പടിഞ്ഞാറൻമേഖലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡിന്റെ ഒരുഭാഗം ജില്ല പഞ്ചായത്ത് 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നാലുവർഷം മുൻപ് പുനർനിർമിച്ചിരുന്നു. പരുമലക്കടവിനു പടിഞ്ഞാറ് അഞ്ചാംവാർഡിൽപ്പെട്ട ഓടാട്ട് ക്ഷേത്രജങ്ഷൻ ഉൾപ്പെടുന്ന ഭാഗം 2021 ഡിസംബറിൽ പ്രളയഫണ്ടുപയോഗിച്ചും പുനർനിർമിച്ചു. എന്നാൽ, നിർമാണം നടന്ന് ഒരുവർഷം പിന്നിട്ടപ്പോൾ വീണ്ടും വെള്ളംകയറി റോഡിലെ ടാറിങ് ഇളകിയതോടെയാണ് ദുരിതയാത്ര തുടങ്ങിയത്. പരുമലക്കടവ് - മുല്ലശ്ശേരിക്കടവ് റോഡിൽ ഓടാട്ട് ക്ഷേത്ര ജങ്ഷൻ ഉൾപ്പെടുന്ന തകർന്നുകിടന്ന ഭാഗം രണ്ടുവർഷം മുൻപാണ്
2023 - 24 വാർഷികപദ്ധതിയിൽ 7.5 ലക്ഷം രൂപ വകയിരുത്തി കോളച്ചാൽ കലുങ്കുവരെയുള്ള 73 മീറ്റർ ഭാഗം
കോൺക്രീറ്റുചെയ്ത് ഉയർത്തിയത്. കിഴക്കോട്ട് പരുമലക്കടവു വരെയുള്ള ബാക്കിയുള്ള 64 മീറ്റർ ഭാഗം പുനർനിർമാണം നടക്കാതെ താഴ്ന്നുകിടന്നതിനാൽ ചെറിയൊരു മഴ പെയ്താൽപ്പോലും വെള്ളക്കെട്ടിലാകുന്നത് പതിവായിരുന്നു.
പഞ്ചായത്ത് ഫണ്ട് അപര്യാപ്തമായതിനാൽ വനിതാ ലീഗ് ആലപ്പുഴ ജില്ല പ്രസിഡന്റുകൂടിയായ വാർഡംഗം ഷൈനാ നവാസ് മുസ്ലിം ലീഗ് ജില്ല കമ്മിറ്റിവഴി എം.പി.യുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഫണ്ടനുവദിച്ചത്.