തോട്ടുമുഖപ്പ് –കോയിക്കൽ തോട് നവീകരണം അനുമതിക്കായി കാത്തിരിപ്പ്

മാന്നാർ : കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മൂന്നുകോടി രൂപ അനുവദിച്ച മാന്നാർ തോട്ടുമുഖപ്പ്-കോയിക്കൽഭാഗം തോടിന്റെ നവീകരണത്തിന് ഭരണാനുമതി ലഭിക്കാത്തതിൽ നാട്ടുകാരിലും പരിസ്ഥിതി പ്രവർത്തകരിലും പ്രതിഷേധം ശക്തമാകുന്നു. മാന്നാർ പഞ്ചായത്തിലെ പമ്പാനദിയിലെ തോട്ടുമുഖപ്പുനിന്നാരംഭിച്ച് കോയിക്കൽ ഭാഗത്തവസാനിക്കുന്ന ഒരു ഭാഗവും ചെന്നിത്തല പഞ്ചായത്ത് വലിയപെരുമ്പുഴ അച്ചൻകോവിലാറ്റിൽ അവസാനിക്കുന്ന മറ്റൊരു ഭാഗവുമാണ് ഈ തോടിനുള്ളത്. ആകെ ഒൻപതു കി.മീ ദൈർഘ്യം വരുന്ന പുരാതനമായ തോട്, കൈയേറ്റത്താൽ വീതി കുറഞ്ഞു

മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്. പാരിസ്ഥിതിക സംഘടനയായ മിലൻ 21-ന്റെ നേതൃത്വത്തിൽ 'ഹരിത പമ്പാ നീർത്തടം' പദ്ധതിയിൽ മാന്നാർ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 17, 18 വാ‍ർഡുകളിലൂടെ ഒഴുകിയിരുന്ന പുരാതനമായ തോട്ടുമുഖപ്പ്-കോയിക്കൽ മുക്കിനുകിഴക്കുവരെയുള്ള തോടിന്റെ ഒരു ഭാഗത്തിന്റെ നവീകരണത്തിനായി നടത്തിയ സോഷ്യൽ, ടെക്നിക്കൽ സർവേ റിപ്പോർട്ടുകൾ അന്നു മന്ത്രിയായിരുന്ന സജി ചെറിയാനു കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് തോടിന്റെ പുനരുജ്ജീവനത്തിനുള്ള സാധ്യത തെളിഞ്ഞത്.

സജി ചെറിയാന്റെ ശ്രമഫലമായി കുട്ടനാട് പാക്കേജിലുൾപ്പെടുത്തി ഇറിഗേഷൻ വിഭാഗം 4.92 കോടി രൂപയുടെ അടങ്കൽ തയ്യാറാക്കി ചെറുകിട ജലസേചന വകുപ്പിനു സമർപ്പിച്ചിരുന്നു. തുടർന്നാണ്, സജി ചെറിയാന്റെ ആവശ്യപ്രകാരം കഴിഞ്ഞ സർക്കാരിന്റെ അവസാനബജറ്റിൽ മൂന്നുകോടി രൂപ അനുവദിച്ചത്. ആദ്യ ഘട്ടത്തിൽ തോട്ടുമുഖപ്പുമുതൽ കോയിക്കൽ തോടുവരെയുള്ള നാലര കി.മീ ദൂരം നവീകരിച്ച് സൗന്ദര്യവത്‌കരിക്കുന്നതിനാണ് മൂന്നുകോടി രൂപ വകയിരുത്തിയിട്ടുള്ളത്.