ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡ് ഇരുവശവും കാടും വള്ളിപ്പടർപ്പും യാത്ര ദുഷ്കരം

പള്ളിപ്പാട് : ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിനിരുവശവും കുറ്റിക്കാടുകളും പുല്ലും വളർന്നുനിൽക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ പോകുന്ന റോഡാണിത്. വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർ കാട്ടിലേക്കു കയറിനടക്കണ്ട സ്ഥിതിയാണ്. കുടിവെള്ള പദ്ധതിക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച ചെന്നിത്തല, കോട്ടമുറിക്കു പടിഞ്ഞാറ്, പറയങ്കേരി ഭാഗങ്ങളിലാണ് യാത്രക്കാർ ഏറെ പ്രയാസപ്പെടുന്നത്.
ഹരിപ്പാട് എഴിക്കകത്ത് ജങ്ഷനിൽ തുടങ്ങി പള്ളിപ്പാട്, കോട്ടമുറി, ചെന്നിത്തല, കുട്ടംപേരൂർ വഴി ചെങ്ങന്നൂരെത്തുന്ന റോഡാണിത്. മാന്നാർ, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രാദൂരം കുറവായതിനാൽ യാത്രക്കാർ കൂടുതലും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിലെ പനച്ചമൂട് ക്ഷേത്രത്തിനു സമീപം, പിള്ളതോട് പാലത്തിന്റെ ഇറക്കം, നെടുന്തറ പാലം, ആഞ്ഞിലിമൂട് പാലത്തിനു കിഴക്ക്, പറയങ്കേരി എന്നിവിടങ്ങളിൽ വലിയ തോതിലാണ് കാടുവളർന്നുനിൽക്കുന്നത്.
ഇരുവശങ്ങളിലും കാടുവളരുന്നത് റോഡിന്റെ വീതി കുറയ്ക്കുന്നു. വളവുകളിൽ എതിർദിശയിൽനിന്നുള്ള വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതിനും ഇതു കാരണമാകുന്നു. റോഡരികിലെ വെള്ളവരയുൾപ്പെടെ കാടുകയറിയതിനാൽ പലപ്പോഴും കാൽനടയായിപ്പോകുന്നവർ റോഡിലേക്കിറങ്ങിനടക്കണ്ട സ്ഥിതിയാണ്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.
കോട്ടമുറി മുതൽ പറയങ്കേരി വരെ ഹരിപ്പാട് കുടിവെള്ളപദ്ധതിയുടെ പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചിട്ടുണ്ട്. ഇവിടെ റോഡ് പുനർനിർമിക്കാത്തതും ബുദ്ധിമുട്ടാകുന്നു. അടിയന്തരമായി റോഡിനിരുവശങ്ങളിലെയും കാടു വെട്ടിത്തെളിച്ച് യാത്രാബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയാവശ്യം.