പുത്തൻചന്ത-കാഞ്ഞിരത്തുംമൂട് റോഡ് കുഴിയിൽച്ചാടി ജനം

വള്ളികുന്നം : പുത്തൻചന്ത-കാഞ്ഞിരത്തുംമൂട് റോഡുതകർന്ന് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായി വർഷങ്ങളായിട്ടും പുനർനിർമാണം വൈകുന്നു. ടാറിങ് ഇളകി കുണ്ടുംകുഴിയുമായ റോഡിലൂടെ ഇരുചക്രവാഹനങ്ങളിൽപ്പോലും യാത്ര ദുരിതത്തിലാണ്. ഗ്രാമപ്പഞ്ചായത്തിന്റെ കഴിഞ്ഞ സാമ്പത്തികവർഷത്തെ പദ്ധതിയിൽ അഞ്ചുലക്ഷം ചെലവഴിച്ച് പുത്തൻചന്ത ഷാപ്പുമുക്ക് മുതൽ വള്ളികുന്നം ചിറയ്ക്ക് പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്ത് ഭാഗികമായി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഫണ്ടിന്റെ കുറവുകാരണം ഈ ഭാഗത്തെ എല്ലാ കുഴികളും അടച്ചില്ല.
അടയ്ക്കാതെ ഒഴിവാക്കിയ ചെറിയ കുഴികൾ ഇപ്പോൾ വലിയ കുഴികളായി മാറി അപകടക്കെണിയൊരുക്കുന്ന നിലയിലാണ്. ചിറയ്ക്കു പടിഞ്ഞാറോട്ടുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയപ്പോൾ കിഴക്കുഭാഗത്തെ അതിൽനിന്ന് പൂർണമായി ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ടാറിങ് ഇളകി വൻ കുഴികളായി മാറിയ റോഡിലെ ഒട്ടേറെ ഭാഗങ്ങൾ മഴക്കാലത്ത് വെള്ളക്കെട്ടായി മാറുന്ന നിലയിലാണ്. വള്ളികുന്നത്തിന്റെ പടിഞ്ഞാറൻമേഖലയിലെ ആളുകൾക്ക് പടയണിവെട്ടം ക്ഷേത്രം, കാഞ്ഞിരത്തുംമൂട്, താമരക്കുളം ഭാഗങ്ങളിലേക്കും തിരികെയും യാത്രചെയ്യാനുള്ള എളുപ്പമാർഗമാണിത്.
കിഴക്കൻമേഖലയിലെ ആളുകൾ കാഞ്ഞിരത്തുംമൂട്ടിൽനിന്ന് പുത്തൻചന്തയിലെത്തി ചൂനാട്, ഓച്ചിറ, കായംകുളം ഭാഗങ്ങളിലേക്കു പോകാൻ കൂടുതലായും ഉപയോഗിക്കുന്ന എളുപ്പവഴിയാണ്. കൂടാതെ, ടൂറിസം കേന്ദ്രമായി മാറാൻപോകുന്ന വള്ളികുന്നം ചിറയിലേക്കുള്ള ഏക വഴിയാണിത്. സ്കൂൾ, കോളേജ് ബസുകളടക്കം ഒട്ടേറെ വാഹനങ്ങളാണ് ദിവസവും ഇതുവഴി വഴികടന്നുപോകുന്നത്. റോഡിലെ കുഴികളിൽ വീണ് സൈക്കിൾയാത്രികരായ വിദ്യാർഥികളും സ്ത്രീകളടക്കമുള്ള ഇരുചക്രവാഹന യാത്രികരും അപകടത്തിൽപ്പെടുന്നതു പതിവായിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് ആധുനികരീതിയിൽ പുനർനിർമിക്കാൻ ഫിഷറീസ് വകുപ്പ് 2.25 കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട്, തുടർനടപടികളൊന്നും ഉണ്ടായില്ല.
റോഡിലെ കുഴികൾ കോൺക്രീറ്റിട്ട് അടച്ച് നാട്ടുകാർ
: പുത്തൻചന്ത-കാഞ്ഞിരത്തുംമൂട് റോഡിൽ കാഞ്ഞിരത്തുംമൂട് മുതൽ വള്ളികുന്നം ചിറയ്ക്ക് പടിഞ്ഞാറുഭാഗം വരെയുള്ള കുഴികൾ നാട്ടുകാർ കോൺക്രീറ്റിട്ട് അടച്ച് സഞ്ചാരയോഗ്യമാക്കി. വർഷങ്ങളായി തകർന്നുകിടന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകാത്തതിനെത്തുടർന്നാണ് പ്രദേശവാസികളായ യുവാക്കൾ ഞായറാഴ്ച സംഘടിച്ച് ശ്രമദാനമായി റോഡിലെ കുഴികളടച്ചത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കി മിനി ലോറിയിൽ കൊണ്ടുവന്നാണ് ഒന്നരക്കിലോമീറ്ററോളം റോഡിലെ കുഴികളിലിട്ട് അടച്ചത്. 15,000 രൂപയോളം ഇതിനു ചെലവായതായി യുവാക്കൾ പറഞ്ഞു. പ്രദേശവാസികളായ പി. വർഗീസ്, ബിനോയി, സബീഷ് ചന്ദ്രൻ, ദീപൻ, അനൂപ്, കണ്ണൻ, ബിജു തോട്ടുകര, അമ്മു അനിൽ, അർജുൻ പങ്കജാക്ഷൻ, സുമിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡിലെ കുഴികൾ അടച്ചത്.